ADVERTISEMENT

കോട്ടയം കടുത്തുരുത്തിയിൽ എട്ടു മാസം ഗർഭിണി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതിയുടെ അമ്മ രംഗത്തുവന്നു. മരിച്ച അമിതയുടെ ഭര്‍ത്താവ് അഖില്‍ മദ്യപാനിയായിരുന്നു. മദ്യപിച്ചെത്തി അഖില്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് അമിതയുടെ അമ്മ എൽസമ്മ പറയുന്നു.    

അഖിലിനൊപ്പമുള്ള ജീവിതത്തില്‍ മകള്‍ ഒരിക്കല്‍‌ പോലും ചിരിച്ചു കണ്ടിട്ടില്ല. സന്തോഷമെന്തെന്ന് അമിത അറിഞ്ഞിട്ടില്ല. കെട്ടുതാലി വരെ അഖില്‍ നഷ്ടപ്പെടുത്തി. മകള്‍ക്ക് കൊടുത്തയച്ച സ്വര്‍ണമൊന്നും ഇല്ലെന്നും എല്‍സമ്മ പറയുന്നു. അമിത ഒരുകാര്യവും പുറത്തു പറയില്ലായിരുന്നു. 

ADVERTISEMENT

അവള്‍ ജോലി ചെയ്തുണ്ടാക്കിയ പണം എവിടെയെന്ന് അറിയില്ല. മദ്യപാനം മാത്രമല്ല അനാവശ്യ കൂട്ടുകെട്ടുകളും അഖിലിനുണ്ട്. ഇടയ്ക്ക് കുടി നിര്‍ത്തി എന്നൊക്കെ പറഞ്ഞതാണ്. പക്ഷേ വീണ്ടും തുടങ്ങി. ഒന്നര മാസം മുന്‍പ് അമിതയുടെ കഴുത്തില്‍ കെട്ടുതാലി ഉണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. ജീവനൊടുക്കും മുന്‍പ് അമിത തന്നെ വിളിച്ചിരുന്നുവെന്നും എല്‍സമ്മ കൂട്ടിച്ചേര്‍ത്തു.

‘ഞാൻ ഇല്ലാതായാലും കൊച്ചുങ്ങളെ അവര്‍ക്ക് കൊടുക്കേണ്ട. അമ്മച്ചിക്ക് നോക്കാൻ പറ്റില്ലെങ്കില്‍ പിള്ളേരെ അനാഥാലയത്തിൽ ഏൽപ്പിച്ചാ മതി...’ എന്ന് അമിത ഫോണ്‍ വിളിച്ച് പറഞ്ഞുവെന്ന് നെഞ്ചുലഞ്ഞാണ് എല്‍സമ്മ പറയുന്നത്. അപ്പോള്‍ തന്നെ അഖിലിനെ ഫോണിൽ വിളിച്ചു. പക്ഷേ, അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ അമിത കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ADVERTISEMENT

ദീർഘകാലം പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നാലര വർഷം മുൻപായിരുന്നു വിവാഹം. സൗദിയിൽ നഴ്‌സായിരുന്നു അമിത. ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. അമിതയുടെ മാതാപിതാക്കള്‍ ഗാർഹിക പീഡന പരാതി നല്‍കിയതോടെ വീട് പൊലീസ് മുദ്രവച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടുത്തുരുത്തി പൊലീസ് അന്വേഷണം നടത്തുകയാണ്. ഏപ്രിൽ പകുതിയോടെ അമിതയുടെ പ്രസവത്തീയതി നിശ്ചയിച്ചിരിക്കവേയാണ് ദാരുണ സംഭവം.

ADVERTISEMENT
ADVERTISEMENT