Wednesday 22 January 2025 11:30 AM IST : By സ്വന്തം ലേഖകൻ

ആ പൈതലിന് അവസാനമായെങ്കിലും അച്ഛനെ കാണാനാകില്ലേ? ബിനിൽ റഷ്യൻ പൗരത്വം സ്വീകരിച്ചുതായി രേഖ, മൃതദേഹം എത്തിക്കുന്നതിൽ തടസം

binil-russia റഷ്യയിൽ യുദ്ധഭൂമിയിൽ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സിയും മകൻ ജെയ്ക്കും ബന്ധുക്കളോടൊപ്പം കുറാഞ്ചേരിയിലെ വീട്ടിൽ

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. ബിനിലും പരുക്കേറ്റ ജെയ്ൻ കുര്യനും അടക്കമുള്ളവർ റഷ്യൻ പൗരത്വം സ്വീകരിച്ചതിന്റെ രേഖകൾ ചൂണ്ടിക്കാട്ടി സൈനിക കമാൻഡർമാർ നിയമതടസ്സമുന്നയിച്ചതോടെ ഇന്ത്യൻ എംബസി വഴി വിദേശകാര്യ മന്ത്രാലയം നടത്തിവന്ന ചർച്ചകൾ വഴിമുട്ടിയ നിലയിലാണ്. കൊല്ലപ്പെട്ടതു റഷ്യൻ പൗരനാണെന്നും മൃതദേഹം വിട്ടുനൽകാൻ നിയമപരമായി ബാധ്യതയില്ലെന്നും സൈനിക വക്താക്കൾ നിലപാടെടുക്കുന്നുവെന്നാണു സൂചന.

മോസ്കോയിൽ നിന്ന് 700 കിലോമീറ്ററിലേറെ ദൂരെ യുക്രെയ്ൻ അതിർത്തിയിലെ ബൽഗരോദ് ക്യാംപിലാണു ബിനിലിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.പരുക്കേറ്റു ചികിത്സയിലുള്ള ജെയ്ൻ കുര്യനെ മോസ്കോയിലെ സൈനിക ആശുപത്രിയിൽ ചില മലയാളി സുഹൃത്തുക്കൾ സന്ദർശിച്ചപ്പോഴാണു കൂടുതൽ വിവരങ്ങൾ വ്യക്തമായത്. ആശുപത്രി രേഖകളുടെ കൂട്ടത്തിൽ ജെയ്നിന്റെ റഷ്യൻ പാസ്പോർട്ടുമുണ്ട്. എന്നാൽ, തങ്ങൾ കുടുങ്ങിപ്പോയതാണെന്നും തെറ്റിദ്ധരിപ്പിച്ചു പൗരത്വം മാറ്റിയെടുക്കുകയായിരുന്നുവെന്നും ആശുപത്രി സന്ദർശിച്ചവരോടു ജെയ്ൻ തന്നെ വ്യക്തമാക്കി.

വിഡിയോ കോളിൽ കുഞ്ഞിന്റെ മുഖം കണ്ട് നിശബ്ദനായി നിന്ന ബിനിൽ: യുദ്ധമുഖത്തെത്തിച്ചത് ബന്ധുവിന്റെ രൂപത്തിലെത്തിയ ചതി

ജെയ്നും ബിനിലും അടക്കം കൂലിപ്പട്ടാളത്തിൽ കുടുങ്ങിപ്പോയവരുടെയെല്ലാം ഇന്ത്യൻ  പാസ്പോർട്ടുകൾ കൂലിപ്പട്ടാളം നേരത്തെ തന്നെ വാങ്ങിവച്ചിരുന്നു. ഇതിനു പകരം ഒപ്പുവച്ച രേഖകളിൽ പൗരത്വം മാറ്റാനുള്ള അപേക്ഷകളും ഉൾപ്പെട്ടിരുന്നു. റഷ്യൻ പാസ്പോർട്ട് പകരം നൽകിയപ്പോഴും താൽക്കാലിക സംവിധാനമാണെന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചിരുന്നത്. കരാർ കാലാവധി തീർന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന സമയത്ത് ഇന്ത്യൻ പാസ്പോർട്ട് തിരികെ നൽകുമെന്നും വിശ്വസിപ്പിച്ചിരുന്നു.

ജെയ്നിന്റെ ചികിത്സയിൽ പുരോഗതി

 മോസ്കോയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയ്ൻ കുര്യൻ വാട്സാപ് വോയ്സ് മെസേജിലൂടെ മലയാളി സുഹൃത്തുക്കളെ ചികിത്സാ പുരോഗതി അറിയിച്ചു. ‘സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂക്കിലൂടെ കുഴലിട്ടിട്ടുണ്ട്. സർജറി ചെയ്തിട്ടുണ്ട്. എന്തു സർജറിയാണെന്നറിയില്ല. നിങ്ങൾ വന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു..’ ഈ സന്ദേശം സ്വീകരിച്ചാണു മോസ്കോയിലുള്ള മലയാളി സുഹൃത്തുക്കൾ ആശുപത്രിയിലെത്തിയത്. ജെയ്നിനു ലഭിക്കുന്നതു വിദഗ്ധ ചികിത്സയാണെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും ഇവർ അറിയിച്ചു. ഷെൽ ആക്രമണത്തിൽ ജെയ്നിന്റെ വയറിനാണു പരുക്ക്.