തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഓഫിസറായിരുന്ന ഐബി ഉദ്യോഗസ്ഥ അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് മേഘയുടെ (24) മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് മധുസൂദനൻ. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘയെ തിങ്കളാഴ്ച 10നാണ് തിരുവനന്തപുരം ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്. കേസിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലും ഐബിക്കും കൂടൽ പൊലീസ് സ്റ്റേഷനിലും കുടുംബം പരാതി നൽകും.
മേഘയുടെ പിതാവ് പറയുന്നത് : ‘ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കിറങ്ങിയ ശേഷമാണു മേഘയുടെ മരണം. ഈ സമയം ഉദ്യോഗസ്ഥൻ വിളിക്കുകയോ മകൾ തിരിച്ചു വിളിക്കുകയോ ചെയ്തിരിക്കാം. ഒരാഴ്ചയ്ക്കിടെ എന്തോ സംസാരമുണ്ടായിട്ടുണ്ട്. അയാളുടെ പങ്കാണു മരണത്തിനു കാരണമെന്നാണു നിഗമനം. ചാക്കയിൽ താമസിക്കുന്ന മകൾ പേട്ട ഭാഗത്തേക്കു പോകേണ്ട കാര്യമില്ല. ജോലി കഴിഞ്ഞു നേരേ താമസസ്ഥലത്തേക്കാണു പോകുന്നത്.താമസസ്ഥലത്തേക്ക് പോകുന്ന വഴിയിൽ റെയിൽവേ പാതയില്ല.
അവിടേക്ക് പോയതിനു പിന്നിൽ എന്തോ ദുരൂഹതയുണ്ട്’.റെയിൽവേ ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അന്വേഷിച്ചാൽ ഫോൺ വിളിച്ചത് ആരെന്ന് കണ്ടെത്താനാകും. ജോലിസ്ഥലത്തു പ്രശ്നമുള്ളതായി അറിവില്ലെന്നു വ്യക്തമാക്കിയ മധുസൂദനൻ മകളുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണവും ആവശ്യപ്പെട്ടു.മേഘയുടെ സംസ്കാരം ഇന്നലെ 11നു വീട്ടുവളപ്പിൽ നടത്തി. ഐബിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മേഘയുടെ മരണം സംബന്ധിച്ച് ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ പിതാവ് മധുസൂദനനെ അറിയിച്ചിട്ടുണ്ട്.