ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ നവീൻബാബു.
റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ ആശിച്ചൊരാൾ. അതൊക്കെയും പൊലിഞ്ഞുവെന്നറിയാം. എങ്കിലും ആ വേർപാട് നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾ നിരഞ്ജനയ്ക്കും നിരുപമയ്ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആ പെൺമക്കൾക്കു സന്തോഷത്തിലേക്കുള്ള പാലമായിരുന്നു അച്ഛൻ. അതാണ് ചിലർ തകർത്തു കളഞ്ഞത്.
‘‘ ചേട്ടൻ ഇല്ലെന്നു വിശ്വസിക്കാൻ ഇപ്പോഴും ഞങ്ങൾക്കു സാധിക്കുന്നില്ല. ഇവിടെ അപ്പുറത്തെവിടെയോ ഉണ്ടെന്നൊരു തോന്നലാണ്. ഒരുപക്ഷേ, ചേട്ടന്റെ ആത്മാവ് ഞങ്ങൾക്കരികിൽ തന്നെയുണ്ടാകും. ഞങ്ങളെ ഒറ്റയ്ക്കാക്കി അങ്ങനെയങ്ങു പോകാൻ കഴിയുമോ?.’’ മഞ്ജുഷയുടെ വാക്കുകൾ തളർന്നു, കണ്ണീരിൽ നനയുന്ന നിശബ്ദത.
അമ്മയുടെ വലംൈക ചേർത്തുപിടിച്ച് മകൾ നിരഞ്ജന ഒപ്പമിരുന്നു. സങ്കടം വരുമ്പോൾ അച്ഛൻ അമ്മയ്ക്കരികിൽ ഇരിക്കാറുള്ളതു പോലെ. ഉള്ളിലെ സങ്കടമത്രയും അടക്കി കണ്ണീരിന്റെ ആഴങ്ങളിലേക്കു വീണുപോകാതിരിക്കാൻ അമ്മയെ ചേർത്തു പിടിച്ചു. നവീന്റെ നിറഞ്ഞ ചിരിയുള്ള ഫോട്ടോയിലേക്കു നോക്കുമ്പോഴേ മഞ്ജുഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. കണ്ണീരിൽ മുടങ്ങുന്ന വാക്കുകൾ. ഒരുവിധം നിയന്ത്രിച്ച് മഞ്ജുഷ മെല്ലെ സംസാരിച്ചു തുടങ്ങി.

‘‘അദ്ദേഹത്തിന്റെ അവസാന വെക്കേഷനും ഞങ്ങൾക്കൊപ്പമായിരുന്നു. പൂജാ അവധിക്കാണ് രാമേശ്വരം പോയത്.’’ കുറച്ചു സമയം കണ്ണടച്ചിരുന്ന ശേഷം മഞ്ജുഷ ഒരു ചിത്രം കാണിച്ചു. ‘‘അവസാന യാത്രയിൽ പാമ്പൻ പാലത്തിൽ നിന്നെടുത്തതാണ്. ചേട്ടനും ഞാനും ഒപ്പം നിന്നിയും ചിന്നുവും സിദ്ധുവും.
ചേട്ടന്റെ സഹോദരിയുടെ മകൾ ഡോ. സുഷമയും കുടുംബവും തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് താമസിക്കുന്നത്. പൂജാ അവധിക്കു ചേട്ടൻ നേരെ ട്രിച്ചിയിലെത്തി. ഇവിടെ നിന്നു ഞാനും മക്കളും ചെന്നു. ഞങ്ങളെ സ്വീകരിക്കാൻ സുഷമയും ചേട്ടനും സുഷമയുടെ മകൻ സിദ്ധാർഥും സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം വളരെ സന്തോഷത്തിലായിരുന്നു. ട്രിച്ചിയിൽ നിന്ന് കാറിലായിരുന്നു സഞ്ചാരം. രാമേശ്വരവും ധനുഷ്കോടിയും കണ്ടു. ’’

‘‘ വിജയദശമി ദിവസം ഞങ്ങൾ ധനുഷ്കോടിയിലായിരുന്നു.’’ ആൽബത്തിലെ ചിത്രങ്ങൾ കാണിക്കുന്നതിനിടെ നിരുപമ പറഞ്ഞു. ‘‘ കടൽത്തീരത്തെ മണലിൽ ഞങ്ങളെല്ലാവരും ഹരിശ്രീ എഴുതി. കയറി വന്ന തിരകൾ അക്ഷരങ്ങൾ മായ്ച്ചു. അതോടെ അച്ഛനു രസമായി. അച്ഛനു വെളളം വലിയ ഇഷ്ടമാണ്. പുഴയോ കടലോ ആയാലും ഞങ്ങൾ പിള്ളേരേക്കാൾ മുന്നേ ചാടിയിറങ്ങും.
സത്യത്തിൽ ഇതു ഞങ്ങൾ കസിൻസ് പ്ലാൻ ചെയ്ത ട്രിപ് ആണ്. പൊയ്ക്കോട്ടെ എന്ന് അനുവാദം ചോദിക്കാൻ വിളിച്ചതാണ്. പറഞ്ഞു തുടങ്ങിയപ്പോഴേക്കും അച്ഛൻ പറഞ്ഞു, ‘നിങ്ങൾ അങ്ങു വന്നാൽ മതി. ഞാൻ എത്തിയേക്കാം’ എന്ന്. തേങ്ങൽ മറച്ച് നിരുപമ ചിരിക്കാൻ ശ്രമിച്ചു. അവധിക്കാല യാത്ര കഴിഞ്ഞ് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവിടെ നിന്നു നേരേ കണ്ണൂർക്കു പോയതാണു നവീൻ. പക്ഷേ, തിരികെ വീട്ടിലെത്തിയത് നവീന്റെ ചേതനയറ്റ ശരീരം.
