ഏതു നിമിഷവും കണ്ണില്‍പെടാവുന്ന പുലിയെ തേടിയാണ് യാത്ര. എന്തുകൊണ്ട് പുലി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. നാല്‍പതോളം കടുവയും നൂറ്റിമുപ്പതോളം പുലികളുമുള്ള കാട്ടില്‍ സൈറ്റിങ്ങിന് ഏറ്റവും സാധ്യത പുലി തന്നെയാണ്. പിന്നെ മിനുമിനുത്ത ശരീരം നിറയെ പുള്ളികളുള്ള ഈ വിരുതനെ കാണാന്‍ അഴകൊരല്പം കൂടും. ആനമലൈ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ ടോപ്സ്ലിപില്‍ നിന്ന് 12 കിലോമീറ്റര്‍ കൂടിയുണ്ട് പറമ്പിക്കുളത്തേക്ക്. മഞ്ഞു പുതച്ച ടോപ്സ്ലിപില്‍ നിന്ന് പറമ്പിക്കുളത്തേക്കുള്ള യാത്രാമധ്യേയാണ് ഞാനും കൂട്ടുകാരും. ഓന്ത് നിറം മാറുന്ന പോലെയാണ് കാലാവസ്ഥ, ഞൊടിയിടയില്‍ മഞ്ഞു മാറി മാനം തെളിഞ്ഞു. തണുപ്പില്‍ നിന്ന് നേരിയ ചൂട് അനുഭവപ്പെട്ടു തുടങ്ങി.
കടുവയുടെയും പുലിയുടെയും പ്രതിമകള്‍ കൊണ്ട് അലങ്കരിച്ച പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ വിശാലമായ കവാടത്തിനരികെയെത്തി. അവിടെ നിന്ന് പാസ് എടുത്തുവേണം യാത്ര തുടരാന്‍. ആനപ്പാടി ഐബിയിലാണ് താമസം, അവിടേക്ക് ഏകദേശം മൂന്നു കിലോമീറ്റര്‍ മാത്രം ദൂരം. ഇടതിങ്ങിയ കാടിന്റെ സൗന്ദര്യം നുകര്‍ന്നാണ് യാത്ര. വഴിയരികില്‍ മാന്‍ക്കൂട്ടം പതിവു കാഴ്ചയാണ്. ഒപ്പം തന്നെ മയിലുകളാണ് പറമ്പിക്കുളത്തിന്റെ ഹൈലൈറ്റ്, അല്‍പം ഗമയോടെ തലയുയര്‍ത്തി പിടിച്ചും പീലി വിടര്‍ത്തിയും സഞ്ചാരികളുടെ വാഹനത്തിനു അരികെ നിര്‍ഭയം നടന്നും മരക്കൊമ്പുകളില്‍ വിശ്രമിച്ചും മയിലുകള്‍ കാട് അടക്കിവാണു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം കടുവസങ്കേതമാണ് പറമ്പിക്കുളം. പാലക്കാട് ടൗണില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരമുണ്ട് പറമ്പിക്കുളത്തേക്ക്. പാലക്കാട് മുതലമട, തമിഴ്നാട്ടിലെ സേത്തുമട, ടോപ്സ്ലിപ് വഴിയാണ് പറമ്പിക്കുളത്തേക്കു എത്തിച്ചേരേണ്ടത്. 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് കാട്ടി എന്ന് വിളിപ്പേരുള്ള കാട്ടുപോത്തുകള്‍ക്കും പേരു കേട്ടതാണ്. ആന, കടുവ, പുള്ളിപ്പുലി, മ്ലാവ്, കരിക്കുരങ്ങ്, മലയണ്ണാന്‍, വരയാട്, മുതല, കാട്ടുപന്നി, കരടി, മാനുകള്‍ തുടങ്ങി നിരവധി വന്യജീവികളുടെ സങ്കേതമാണ് ഇവിടം. 260 ല്‍ കൂടുതല്‍ വ്യത്യസ്തയിനം പക്ഷികളും ഇവിടെയുണ്ട്.
ആനപ്പാടി ഐബിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 30 കിലോമീറ്റര്‍ സഫാരിയാണ് വനംവകുപ്പ് ഏര്‍പ്പെടുത്തുന്നത്. താമസസ്ഥലത്ത് എത്തിയാല്‍ പിന്നെയുള്ള യാത്രയില്‍ വനംവകുപ്പ് സുരക്ഷയ്ക്കായി ഒരു ഗൈഡിനെ ഏര്‍പ്പാടാക്കി തരും. ഗൈഡില്ലാതെ പുറത്തിറങ്ങരുതെന്നാണ് നിയമം. അങ്ങനെയാണ് ശിവകുമാര്‍ ഞങ്ങള്‍ക്കൊപ്പം കൂടുന്നത്. ഇരുപത്തിയഞ്ചു വര്‍ഷത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹത്തിന്റെ വരവ്. വര്‍ത്തമാനത്തില്‍ വിവിധയിനം പക്ഷികളുടെ പേര് നാവില്‍ തത്തിക്കളിച്ചു, എന്റെയുള്ളില്‍ ആവേശം തിരതല്ലി. കടുവ കാട്ടുപോത്തിനെ കീഴ്പ്പെടുത്തി കൊണ്ടുപോയ കഥ വിവരിച്ചു. കാന്റീനിന്റെ തൊട്ടടുത്തുള്ള പാലത്തില്‍ അതിരാവിലെ സ്ഥിരമായെത്തുന്ന പുള്ളിപ്പുലിയുടെ വിശേഷം പറഞ്ഞു.

"കടുവയുടെ ശബ്ദം ഭീകരമാണ്. എത്ര ദൂരത്തുനിന്നു കേട്ടാലും അലര്‍ച്ച തിരിച്ചറിയും. പുള്ളിപ്പുലി അധികം ശബ്ദമുണ്ടാക്കില്ല, വേഗത്തിലാണ് റോഡ് മുറിച്ചുകടക്കുക. ശത്രുവിന്റെ മണവും അനക്കവും ആദ്യം തിരിച്ചറിയുന്നത് മാനുകളാണ്. അവയുടെ അലാം കോള്‍ കേട്ടാല്‍ ഉറപ്പാണ് കാടിനുള്ളില്‍ ശത്രു പതുങ്ങി നില്‍പ്പുണ്ടാകും. കുരങ്ങുകളും മറ്റു മൃഗങ്ങള്‍ക്ക് സിഗ്നലുകള്‍ കൈമാറും. ഈ സമയം പ്രത്യേക ശബ്ദത്തിലാണ് അവയുടെ കരച്ചില്‍, ശരീരത്തിന്റെ ചലനങ്ങളില്‍ പോലും വ്യത്യാസമുണ്ടാകും.
കഴിഞ്ഞയാഴ്ച തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന ടണലില്‍ പെട്ട് മുപ്പതോളം കാട്ടുപോത്തുകള്‍ ചത്തിരുന്നു. പിന്നെ ഫോറസ്റ്റുകാര്‍ ചേര്‍ന്ന് പലയിടത്തായി ഇവയുടെ ജഡം കൊണ്ടുപോയി ഇട്ടു. അതു തിന്നാനായി കടുവ എത്തിയിരുന്നു. ട്രെക്കിങ്ങിനു പോയവര്‍ കടുവയെ കണ്ടതാണ്, ആളുകളുടെ അനക്കം തിരിച്ചറിഞ്ഞതോടെ അത് ഓടിപ്പോയി. ഭാഗ്യമുണ്ടെങ്കില്‍ കടുവയെയും പുലിയെയുമൊക്കെ കാണാം. അല്ലാതെ ഉറപ്പ് പറയാനാകില്ല."- ശിവകുമാറേട്ടന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.

‘ഭാഗ്യം, അതാണല്ലോ ചേട്ടാ ഇല്ലാത്തത്’; അശരീരി പോലെ മനസിന്റെ ആത്മഗതം. എങ്കിലും ഏതൊരു വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫറും ആഗ്രഹിക്കുന്നതേ ഞാനും സ്വപ്നം കാണുന്നുള്ളൂ, കേരളത്തിലെ കാടുകളില്‍ നിന്നൊരു കടുവയോ, പുലിയോ! എനിക്കറിയാം.. കുറച്ചു ബുദ്ധിമുട്ടാണ്, എങ്കിലും ഭാഗ്യത്തിന്റെ ഒരു കണികയെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കില്‍..!
പ്രധാന റോഡിലൂടെയാണ് പറമ്പിക്കുളം സഫാരി. വശങ്ങളില്‍ 20 മീറ്ററോളം അടിക്കാട് വെട്ടിനിരപ്പാക്കി മനോഹരമാക്കിയിട്ടുണ്ട്. എളുപ്പത്തില്‍ മൃഗങ്ങളുടെ ദര്‍ശനഭാഗ്യം കിട്ടാന്‍ ഇത് സഹായിക്കും. കെഎസ്ആര്‍ടിസിയുടെയും തമിഴ്നാടിന്റെയും വിരലിലെണ്ണാവുന്ന ബസ് സര്‍വീസുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സഞ്ചാരികളുടെയും വനംവകുപ്പിന്റെയും പ്രദേശവാസികളുടെയും വാഹനങ്ങള്‍ക്ക് മാത്രമേ റോഡില്‍ പ്രവേശനമുള്ളൂ.. ഏകദേശം 2500 ഓളം ജനസംഘ്യയുള്ള പറമ്പിക്കുളത്തെ തദ്ദേശവാസികള്‍ക്ക് വേണ്ടിയാണ് ബസ് സര്‍വീസ്.

ആദ്യ ദിവസം പതിവ് റോഡ് സഫാരിയായിരുന്നു. തൂണക്കടവ് അണക്കെട്ട് സന്ദര്‍ശിച്ചശേഷം നേരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമാര കാണാന്‍ പോയി. കുറച്ചുകൂടി ഉള്‍വനത്തിലൂടെയാണ് യാത്ര. റോഡ് ഒരല്‍പം മോശമാണ്, ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷനാണ് ഇവിടം. തിങ്ങിനിറഞ്ഞ പച്ചപ്പുകള്‍ക്കിടയിലൂടെ കണ്ണുകള്‍ പരതിയത് മഞ്ഞ നിറത്തിലുള്ള തിളക്കം എവിടെയെങ്കിലും ഉണ്ടോ എന്നായിരുന്നു. പുലിയില്‍ കുറഞ്ഞതൊന്നും എന്റെ ചിന്തയിലും മനസ്സിലുമില്ല. ചെറുശബ്ദങ്ങള്‍ക്ക് പോലും ചെവി വട്ടം പിടിച്ചു.
458 വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന വലിയൊരു തേക്ക് മരത്തിനു മുന്നില്‍ കാര്‍ നിന്നു. കേന്ദ്രസർക്കാരിന്റെ മഹാവൃക്ഷ പുരസ്കാരം ലഭിച്ച മരമുത്തശ്ശി തലയുയര്‍ത്തി നില്‍ക്കുകയാണ്. കാടർ, മലശർ, മുതുവാന്മാർ അടങ്ങിയ പറമ്പിക്കുളത്തെ ആദിവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ് കന്നിമാര തേക്ക്. ബ്രിട്ടിഷ് ഭരണകാലത്തു മരം മുറിക്കാൻ ശ്രമിച്ചപ്പോൾ അതില്‍നിന്ന് രക്തം ഒഴുകിയെന്നാണ് ആദിവാസികളുടെ വിശ്വാസം. കന്നിമാര കാണാന്‍ വേണ്ടി മാത്രം സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.

വെള്ളക്കെട്ടും പച്ചപ്പും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഡാം വ്യു പോയിന്റ്, വാലി വ്യു പോയിന്റ്, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകള്‍ എന്നിവയൊക്കെയാണ് ടുറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചകള്‍. മൂന്നു തരം ട്രെക്കിങ് പാക്കേജുകളാണ് ഇവിടെ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബെയര്‍പാത്ത്, എലിഫെന്റ് സോണ്‍, പഗ് മാര്‍ക്ക് എന്നിങ്ങനെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ബെയര്‍പാത്ത്, എലിഫെന്റ് സോണ്‍ ട്രെക്കിങ്ങുകളില്‍ അഞ്ചു പേരടങ്ങുന്ന സംഘത്തിന് 1500 രൂപയാണ് ചാര്‍ജ്. പഗ് മാര്‍ക്ക് ട്രെക്കിങ് കുറച്ചു സ്പെഷലാണ്, 12 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലൂടെ നടക്കാനുള്ള സുവര്‍ണാവസരമാണ് സാഹസികര്‍ക്ക് ലഭിക്കുക. രണ്ടു ഗൈഡുകള്‍ക്കൊപ്പമാണ് അഞ്ചു പേരടങ്ങുന്ന സംഘത്തിന്റെ യാത്ര. 3800 രൂപയാണ് ചാര്‍ജായി ഈടാക്കുന്നത്. ഇനി യാത്ര മാത്രം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ട്രീ ടോപ്, ടെന്റ്, ബാംബൂ ഐലന്റ് മുതലായ ലക്ഷ്വറി താമസ സൗകര്യങ്ങളും വനംവകുപ്പ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ഒരു വന്യജീവി ഫൊട്ടോഗ്രഫറെ സംബന്ധിച്ചിടത്തോളം കാഴ്ചകളെക്കാള്‍ പ്രിയം കണ്‍മുന്നില്‍ വന്നുപെടുന്ന കരടിയോ, ചെന്നായോ ഒക്കെയാകും. ഒന്നാം ദിവസം വെള്ളക്കണ്ണിപ്പരുന്തും ചെഞ്ചിലപ്പനും പൂന്തത്തയും ക്യാമറയ്ക്ക് വിരുന്നൊരുക്കിയെങ്കിലും പ്രതീക്ഷിച്ച പോലെ വന്യമൃഗങ്ങളെ കാണാന്‍ പറ്റിയില്ല. അല്‍പം നിരാശയോടെ മുറിയിലേക്ക് മടങ്ങേണ്ടി വന്നു. അടുത്ത ദിവസം മുന്നിലുണ്ട്. രാവിലത്തെ റോഡ് സഫാരി, പഗ് മാര്‍ക്ക് ട്രെക്കിങ് എന്നിവയാണ് നാളത്തെ പ്ലാനുകള്‍.

രാത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും ശിവകുമാറേട്ടനെ ഓര്‍മിപ്പിച്ചു, ‘ചേട്ടന്‍ വിചാരിച്ചാല്‍ കാര്യം നടക്കും, കടുവയും പുലിയും ഇറങ്ങുന്ന സ്ഥിരം സൈറ്റിങ് കിട്ടുന്ന സ്പോട്ടുകള്‍ ചേട്ടന് അറിയാലോ! ആ വഴിയൊന്നു പോയി നോക്കാം.’. ‘എല്ലാത്തിനും ഡിഎഫ്ഒയുടെ സ്പെഷല്‍ പെര്‍മിഷന്‍ വേണം, ഇല്ലെങ്കില്‍ ഒന്നും നടക്കില്ല. കോര്‍ ഏരിയയിലേക്കൊന്നും സഞ്ചാരികളെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. സാറന്മാര്‍ അറിഞ്ഞാല്‍ നല്ല ചീത്ത കേള്‍ക്കും.’, ശിവകുമാറേട്ടന്‍ കയ്യൊഴിഞ്ഞു. വീണ്ടും പുലി മാനിനെ പിടിച്ചതും പഗ് മാര്‍ക്ക് ട്രക്കിങ്ങിനിടെ സഞ്ചാരിയെ കാട്ടാന ഓടിച്ചതുമുള്‍പ്പെടെയുള്ള സാഹസിക കഥകളില്‍ ശിവകുമാറേട്ടന്‍ മുഴുകി.
മഞ്ഞിന്റെ അകമ്പടിയോടെ അതിരാവിലെ റോഡ് സഫാരിക്കായി ഞങ്ങള്‍ ഇറങ്ങി. ആനപ്പാടിയില്‍ നിന്ന് അധികദൂരം പോയില്ല, മാനിന്റെ അലാം കോള്‍ കേട്ടാണ് വണ്ടി നിര്‍ത്തിയത്. ഓരേ ദിശയിലേക്ക് നോക്കി പ്രത്യേക ശബ്ദത്തില്‍ കരയുകയാണ് മാന്‍കൂട്ടം. വലതുകാല്‍ കൊണ്ട് ഭൂമിയില്‍ ചവിട്ടിയാണ് ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നത്. റോഡിന് എതിര്‍വശത്തായി കുറ്റിച്ചെടികള്‍ക്കുള്ളില്‍ അവനുണ്ട്, ഞങ്ങള്‍ക്ക് ഉറപ്പായി, ശ്വാസം അടക്കിപ്പിടിച്ച് ക്യാമറ റെഡിയാക്കി വച്ചു. ചെറിയൊരു മുരള്‍ച്ച കാതുകളിലെത്തി. ‘അത് പുലിയുടെ ശബ്ദമാണ്, അവന്‍ റോഡ് മുറിച്ചു കടക്കാനുള്ള ശ്രമമാണ്.’, ശിവകുമാറേട്ടന്‍ പതിയെ മന്ത്രിച്ചു.

മാനുകള്‍ വീണ്ടും വീണ്ടും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ഏതു നിമിഷവും കണ്‍മുന്നിലെത്തുന്ന പുലി റോഡ് ക്രോസ് ചെയ്യും, എത്ര സെക്കന്‍ഡ് സമയം കിട്ടും, ക്ലിക്കുകള്‍ എത്ര വേഗത്തിലാകണം. ക്യാമറ സെറ്റാണ്.. കണ്ണിമയ്ക്കാതെ മാനുകള്‍ നോക്കുന്ന ദിശയിലേക്ക് ദൃഷ്ടി പാഞ്ഞു. ക്ഷമയോടെ, ശ്വാസം അടക്കിപ്പിടിച്ചുള്ള ആ ഇരിപ്പ് എത്രനേരം നീണ്ടു എന്നറിയില്ല. പെട്ടെന്നൊരു ഹോണ്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്. റിസര്‍ച്ചിനെത്തിയ വിദ്യാര്‍ഥികളെയും കൊണ്ടുവന്ന വാഹനം കൃത്യം മാനുകള്‍ക്ക് മുന്നില്‍ ബ്രേക്കിട്ടു നിര്‍ത്തി. ആദ്യമായി കാണുന്ന പോലെ വിദ്യാര്‍ഥികള്‍ മാനുകളുടെ ചിത്രങ്ങളെടുത്തു. ‘ഇനിയവന്‍ ക്രോസ് ചെയ്യില്ല, ഈ ശബ്ദം കേട്ടതോടെ തിരിച്ചുപോയിട്ടുണ്ടാകും. നിങ്ങള്‍ക്ക് ഭാഗ്യമില്ല, ഈ വണ്ടി വന്നില്ലായിരുന്നുവെങ്കില്‍ ഉറപ്പായും അവനെ കാണാന്‍ പറ്റുമായിരുന്നു.’, ശിവകുമാറേട്ടന്റെ വാക്കുകളില്‍ നിരാശ.
പുലി തിരികെ കാടു കയറി, മാനുകള്‍ ശാന്തരായി പുല്ല് തിന്നു തുടങ്ങി. ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം അപൂര്‍ണമായി അവസാനിക്കുകയാണ്. മഴ മദിച്ചു പെയ്തു തുടങ്ങി, കാടിനെ കുളിരണിയിച്ചു കൊണ്ട് ‘പാലരുവി’കള്‍ നിറഞ്ഞൊഴുകി. മഴ തോരാതെ പഗ് മാര്‍ക്ക് ട്രെക്കിങ് നടക്കില്ല. രാത്രിയോളം കനത്തു പെയ്ത മഴയില്‍ പുലിയെന്ന സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. രാവിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ബില്ലടച്ച് ഇറങ്ങാന്‍ നേരം, ‘നിങ്ങളുടെ ഫോണ്‍നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടുണ്ട്, സൈറ്റിങ് കൂടുതല്‍ ഉള്ളപ്പോള്‍ വിളിക്കാം. അപ്പോള്‍ വന്നാല്‍ മതി. മാര്‍ച്ച്- ഏപ്രിലില്‍ ചൂടു കൂടിയാല്‍ നല്ല സീസണാണ്. ആ സമയം മൃഗങ്ങളെല്ലാം വെള്ളം കുടിക്കാന്‍ പുറത്തിറങ്ങും. പുല്ല് കരിഞ്ഞു തുടങ്ങിയാല്‍ ഇവയെ കാണാനും എളുപ്പമാണ്.’- ശിവകുമാറേട്ടന്റെ ഉറപ്പില്‍ ഞങ്ങള്‍ പറമ്പിക്കുളത്തോട് യാത്ര പറഞ്ഞിറങ്ങി. പ്രതീക്ഷയാണല്ലോ ജീവിതത്തെ നയിക്കുന്നത്, നന്ദി വീണ്ടും വരിക...!

എഴുത്ത്, ഫോട്ടോഗ്രാഫി: പ്രിയദര്‍ശിനി പ്രിയ