‘ഏതു വേദനയിലും ചിരിക്കാൻ പഠിക്കുന്നതാണ് നല്ലത്.’
ഷംനാദ് മുഹമ്മദിന്റെ ഫെയ്സ്ബുക്ക് ബയോയിലെ വരികൾ അയാളുടെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ സങ്കടപ്പേമാരിയുടെ ആകെത്തുകയാണ്. കുഞ്ഞുപൊട്ടിന്റെ വലുപ്പത്തിലൊരു വേദന വന്നാൽ പോലും കണ്ണീർ വാർക്കുന്ന ജീവിതക്കാഴ്ചകളുടെ കുറുകേയാണ് അയാളുടെ നടപ്പ്. വേദനകളുടെ ചവർപ്പും കണ്ണീരിന്റെ ഉപ്പുരസവുമൊക്കെയായി പരീക്ഷണങ്ങൾ തിരമാല കണക്കെയെത്തി. പക്ഷേ അതിനെയെല്ലാം തടുത്തു നിർത്തുന്ന തടയിണയെപ്പോലെ, അയാളുടെ കരളുറപ്പു മാത്രം ചങ്കിൽ കോട്ടകെട്ടി നിന്നു.
‘നിങ്ങളുടെ മകൻ ഇനിയൊരിക്കലും നടക്കില്ല.’
ജീവിതത്തിൽ ഇനി അദ്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് ഡോക്ടർമാർ ആണയിട്ടു പറഞ്ഞ ഭൂതകാലം ഷംനാദിന്റെ മനസിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിം കണക്കെ മിന്നിമറയുന്നുണ്ട്. പക്ഷേ ആകെയുള്ള ജീവിതത്തെ കളറാക്കാൻ, വന്നുപോയ വേദനകളെ മറക്കാൻ ഈ കരളുറപ്പൊന്നും പോരെന്ന് അയാൾ തിരിച്ചറിഞ്ഞു. വീൽചെയറിലേക്കും ‘കിടന്ന കിടപ്പിലേക്കും’ വലിച്ചെറിഞ്ഞ വിധിയോട് പൊരുതാനുറച്ച് അയാൾ ഇറങ്ങിത്തിരിച്ചു. ആറു വയസുള്ളപ്പോൾ അശനിപാതം പോലെ സംഭവിച്ചൊരു ദുരന്തം. അന്നുതൊട്ട് വീൽചെയറും കിടക്കയും മാത്രമായി ഒതുങ്ങിയ ലോകം. മറ്റുള്ളവർ എഴുതുന്ന കഥയല്ല, മറിച്ച് സ്വന്തം ജീവിതത്തിന്റെ ഹീറോ താനാണെന്ന് തിരിച്ചറിഞ്ഞ് ജീവിതം ജയിക്കാനിറങ്ങിയ പോരാളിയുടെ കഥ. ഷംനാദ് മുഹമ്മദ് വനിത ഓൺലൈനോട് സംസാരിച്ചു തുടങ്ങുകയാണ്.
തുളഞ്ഞുകയറി. പരീക്ഷണം
‘ആ ദിവസം സ്കൂളിൽ പോയില്ലായിരുന്നെങ്കിൽ. കൂട്ടുകാരോടൊപ്പം ഇന്റർവെല്ലിന് കളിക്കാൻ ഇറങ്ങിയില്ലായിരുന്നെങ്കിൽ... അങ്ങനെയെങ്കിൽ എനിക്കീ വിധി വരില്ലായിരുന്നു.’ ഒരു ഫാന്റസി പോലെ ഈ വാക്കുകൾ ആയിരംവട്ടം എന്റെ മനസിൽ കോറിയിടാറുണ്ട്. എന്തു ചെയ്യാം... അദ്ഭുതങ്ങളും ട്വിസ്റ്റുകളും മായാജാലങ്ങളുമൊക്കെ സിനിമയില്‍ മാത്രമാണ്. പക്ഷേ എങ്കിലും വെറുതേ മോഹിക്കുമായിരുന്നു. നടന്ന വിധിയെ പഴിക്കുമായിരുന്നു.– ഷംനാദ് പറഞ്ഞു തുടങ്ങുകയാണ്.
ഞാനന്ന് രണ്ടാം ക്ലാസിലാണ്. ആറു വയസ് പ്രായം. പട്ടം കണക്കെ പാറിപ്പറന്നു നടന്ന ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മോശം സമയങ്ങളിൽ നമ്മുടെ ജീവിതം തീർത്തും മോശമാക്കുന്ന ചില വ്യക്തികളോ വസ്തുവോ ഉണ്ടാകാറുണ്ടെന്ന് പറയാറില്ലേ. പക്ഷേ എന്റെ സന്തോഷം നിറഞ്ഞ ജീവിത ജാതകം തിരുത്തിയെഴുതിയത്, എന്നെ ഇങ്ങനെ ആക്കിയത്, ഒരു കുഞ്ഞിപ്പെൻസിലാണ്. വിശ്വസിക്കാന്‍ പ്രയാസമാകുന്നുണ്ടല്ലേ...
കൂട്ടുകാരൊത്ത് ഓടിക്കളിക്കുമ്പോൾ നിലതെറ്റി വീണു. എന്റെ ജീവിതം മാറ്റിയെഴുതണമെന്ന് പടച്ചോന് നേരത്തെ നിശ്ചയമുള്ളതുകൊണ്ട് കയ്യിലൊരു കൂർത്ത പെൻസില്‍ കൂടി വച്ചു തന്നു. വീഴ്ചയിൽ കഴുത്തിൽ പെൻസിൽ തുളച്ചു കയറി. ഇതിനിടയിൽ ഒപ്പം കളിച്ച കൂട്ടുകാരിൽ ഒന്നു രണ്ടു പേരും ദേഹത്തേക്ക് വീണു. വരാനിരിക്കുന്ന വലിയ വേദനകളെ കടുപ്പിക്കാൻ അതു ധാരാളം മതിയായിരുന്നു.
പലരും കരുതിയത് വീഴ്ച നിസാരമാണെന്നാണ്. പ്രഥമ ദൃഷ്ടിയിൽ എന്റെ കഴുത്തിൽ പെൻസിൽ തുളഞ്ഞു കയറിയതോ ഞാന്‍ വേദന കൊണ്ട് പിടയുന്നതോ പലരും കണ്ടുകൂടിയില്ല. ഒടുവിൽ സംഭവിച്ച കാഴ്ച കണ്ട് അധ്യാപകരടക്കം ഞെട്ടി. സമീപത്തെ ആശുപത്രിയിൽ പ്രഥമ ശ്രൂശ്രൂഷ മാത്രം ചെയ്ത് നേരെ അയച്ചത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്. പരിശോധനകൾ, മരുന്നുകൾ, കുറിപ്പടികൾ, ഡോക്ടർമാരുടെ തുന്നിക്കൂട്ടലുകൾ. മണിക്കൂറുകൾ കടന്നുപോകേ... ആശങ്കയും എന്റെ ഉമ്മച്ചി സുബൈദയുടെ ചങ്കിടിപ്പും ഏറിവന്നു. ആശുപത്രി വരാന്തയിലിരുന്ന് എനിക്കൊപ്പം സംഭവിക്കരുതേ എന്ന് ഉമ്മ പടച്ചോനാണ് ദുആ ചെയ്തിട്ടുണ്ടാകാം. എന്തോ... ആ ദുആ പടച്ചോൻ കേട്ടില്ല. വേദനകളും ആഴവും പരപ്പും ഇരട്ടിയാക്കി ഡോക്ടർമാരുടെ അവസാന വാക്കെത്തി.
‘ഷംനാദിന് ഇനി നടക്കാനാകില്ല.’
കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുന്നൊരു അപകടം. പക്ഷേ അതിന്റെ ആഘാതം ഇരട്ടിയായിരുന്നു. കഴുത്തിലൂടെ തുളച്ചു കയറിയ പെൻസിൽ മുന തലച്ചോറു മുതൽ കാൽപാദം വരെയുള്ള ചലനത്തെ നിയന്ത്രിക്കുന്ന സുഷുമ്ന നാഡിയെ മാരകമായി കുത്തിപ്പരുക്കേൽപ്പിച്ചത്രേ. കഴുത്തു മുതൽ പാദം വരെയുള്ള ശരീരത്തിന്റെ ഓരോ അണുവിട ചലനങ്ങളും അന്നു മുതൽ എനിക്ക് അന്യമായി. എന്തിനേറെ കൈവിരലുകൾ പോലും ചലിപ്പിക്കാനാത്ത അവസ്ഥയിലേക്ക് വിധി എന്നെ വലിച്ചെറിഞ്ഞു. ഷംനാദ് മുഹമ്മദിന്റെ ജീവിതത്തെയും വിദ്യാഭ്യാസത്തേയും ഭാവിയെയുമെല്ലാം കീഴ്മേല്‍ മറിച്ച വേദനകളുടെ അധ്യായം അവിടെ തുടങ്ങുകയായിരുന്നു.

വേദനകളോട് മത്സരിച്ച്
ഒന്നും എളുപ്പമായിരുന്നില്ല. പൂമ്പാറ്റ കണക്കെ പറന്നും പാറിയും നടന്ന എന്റെ ചിറകറ്റ പോലെയായി. എനിക്കൊപ്പം കളിച്ചും പഠിച്ചും വളർന്ന കൂട്ടുകാരെ വീട്ടിലെ ഇരുണ്ട മുറിയുടെ ജനലഴികളിലൂടെ കണ്ട് കണ്ണീർവാർക്കാനെ എനിക്കു കഴിഞ്ഞുള്ളു. പനിപോലെ എന്തോ അസുഖമാണ്, മാറിക്കോളും എന്ന് മനസാൽ ആശ്വസിച്ചു. അന്നത്തെ ആറു വയസുകാരന് അങ്ങനെ ആശ്വസിക്കാനേ അറിയുമായിരുള്ളൂ. പക്ഷേ ദിവസങ്ങൾ കടന്നുപോയിട്ടും കട്ടിലില്‍ ചങ്ങലയ്ക്കിട്ടപോലെ കിടന്ന കിടപ്പ് എന്നെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചു. വേദനകളും ശാരീരിക പരിമിതികളും അതിന്റെ പരകോടിയിലെത്തിയപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതായി. അലമുറയിട്ട് കരഞ്ഞ് ഒന്നിനും കഴിയാതെ കൈകൾ കടിച്ചു മുറിച്ച പഴയ ഷംനാദ് എന്റെ ഉമ്മച്ചി സുബൈദയുടെ ചങ്കുപൊള്ളിച്ച വേദനയാണ്.
വാപ്പച്ചി ഷംസുദ്ദീൻ ഗൾഫിലായിരുന്നു. നാട്ടിൽ കാഷ്യറായി ജോലി നോക്കിയിരുന്ന ഉമ്മച്ചിയായിരുന്നു എന്റെ വേദനകളുടെ കണ്ണീർ സാക്ഷി. എന്റെ മോനും എണീറ്റ് നടക്കും എന്ന് മോഹിച്ച് എന്നേയും ഒക്കത്തേറ്റി പോകാത്ത ആശുപത്രികളില്ല. പരീക്ഷിക്കാത്ത മരുന്നും മന്ത്രവുമില്ല. വെല്ലൂർ പോലുള്ള വലിയ ആശുപത്രികളിലേക്ക് പോകാൻ പലരും ഉപദേശിച്ചതാണ്. പക്ഷേ എന്റെ കേസ് ഹിസ്റ്ററിയും സംഭവിച്ച ദുരന്തത്തിന്റെ ആഴവും പ്രതീക്ഷകളെ അകറ്റിനിർത്തി.
കുടുംബത്തിൽ ഒരാൾക്ക് വൈകല്യമോ മറ്റോ വന്നാൽ ആ കുടുംബം മുഴുവൻ നാട്ടുകാരുടെയും സ്വന്തക്കാരുടെയും സഹതാപ നിഴലിലായിരിക്കും. സുബൈദയുടെ മേലാത്ത കൊച്ചിനെ കാണാൻ വന്ന സന്ദർശകരും പലപ്പോഴും എരിതീയിൽ എണ്ണയൊഴിച്ചതേയുള്ളൂ. ‘ഇങ്ങനെ കിടക്കുന്നതിലും ഭേദം അവനങ്ങ് മരിച്ചു പോയിരുന്നെങ്കിൽ’ എന്ന് പെറ്റുമ്മയെ നോക്കി പറഞ്ഞ എത്രയോ ‘അഭ്യുദയ കാംക്ഷികൾ.’ ഏറ്റവും വേദനിച്ചത് എന്റെ ഉമ്മയാണ്. മേലാത്ത എന്നെയും ഒക്കത്തേറ്റി ബസുകളിലും ആശുപത്രികളിലും കുടുംബത്തിലെ ചടങ്ങുകളിലും ഏന്തിവലിഞ്ഞെത്തിയ എന്റെ ഉമ്മ. ഒരിക്കൽ തിരക്ക് നിയന്ത്രിക്കാനാത്ത ബസിൽ നിലതെറ്റി ഉമ്മച്ചി വീണുപോയ സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്.

പത്തു വയസായപ്പോഴാണ് പനി പോലെ വന്നു മാറുന്ന ചെറിയ ദീനമല്ല എനിക്കുള്ളതെന്ന തിരിച്ചറിവു വന്നത്. ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് മനസു പറയാതെ പറഞ്ഞു. കാലാന്തരത്തിൽ കൈകൾ ചെറിതായി ചലിപ്പിക്കാനായി എന്നത് മാത്രമാണ് എന്റെ ജീവിതത്തിൽ ആകെ സംഭവിച്ച മാറ്റം. പക്ഷേ ഒരു പച്ച മനുഷ്യന് ഈ ജീവിതം ജീവിച്ചു തീർക്കാൻ അതുപോരല്ലോ?
ജീവിച്ചല്ലേ പറ്റൂ...
സമൂഹത്തിൽ നിന്ന് കിട്ടുന്നത് സഹതാപമാണോ അവഗണനയാണോ എന്ന് തിരിച്ചറിയാൻ പോലുമാകാത്ത ഭൂതകാലങ്ങളാണ് കടന്നു പോയത്. ഒരു വിവാഹ ഫങ്ഷനോ പൊതുചടങ്ങിനോ പോലും പോകാൻ കഴിയാത്ത നാളുകളുണ്ടായിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും സഹതാപങ്ങളും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ജീവിതം ഒരു വീൽചെയറിൽ 360 ഡിഗ്രിയിൽ കറങ്ങി തുടങ്ങുന്നത് അങ്ങനെയാണ്. 10 വർഷത്തിനു ശേഷം എനിക്കു താഴെ രണ്ട് കൂടപ്പിറപ്പുകളെ കൂടി പടച്ചോൻ ഉമ്മാക്കും ഉപ്പാക്കും കൊടുത്തു. അവരുടെ കലപിലകൾ ജീവിതത്തെ നിറമുള്ളതാക്കിയെങ്കിലും എന്റെ സന്തോഷങ്ങളെ ഞാൻ തന്നെ കണ്ടെത്തണമെന്ന തിരിച്ചറിവു വന്നു. മരിച്ചു പോയിരുന്നെങ്കിൽ എന്ന് തോന്നിയിടത്തു നിന്നും പടച്ചോൻ ആകെ തന്ന ജീവിതത്തെ ‘പറ്റും പോലെ കരപറ്റിക്കുക’ എന്ന് ആരോ മനസിലിരുന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അക്ഷരങ്ങളെ അടുക്കി പെറുക്കി വായിച്ച ആ പഴയ രണ്ടു വയസുകാരൻ വായനയെയാണ് വേദനകൾക്ക് മരുന്നായി കൂട്ടുവിളിച്ചത്. കൈവിരലുകൾ മെല്ലെ ചലിപ്പിച്ചുള്ള കോറിയിടലുകളും എഴുത്തുകളും സംഗീതവുമൊക്കെ ഈ മണ്ണിൽ നിലയുറപ്പിച്ചു നിർത്തുന്ന വെള്ളവും വളവുമായി. അതിനേക്കാളേറെ എന്റെ അതേ വേദനകളിലൂടെ കടന്നു പോകുന്ന കുറേ നല്ല ജന്മങ്ങളുടെ കൂട്ടായ്മ ഞങ്ങൾക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടാക്കി. ഡിസേബിൾഡ് കമ്മ്യൂണിറ്റിയിലെ റയീസ് ഹിദായയെ പോലുള്ളഒരുകൂട്ടം പേർ എന്റെ ജീവിത ഇരുട്ടിൽ കൈപിടിച്ചു നടത്തുന്ന വഴിവിളക്കുകളാണ്.
വയസ് 42 ആകുന്നു. വാപ്പച്ചി ഞങ്ങളെ വിട്ടുപോയി. ഉമ്മച്ചിക്കും വയസാകുന്നു. ഇന്നും പ്രാഥമിക കർമങ്ങൾക്കു പോലും കഴിയാത്ത ഞാൻ എന്നെ തന്നെ ട്രെയിൻ ചെയ്തു കൊണ്ടിരിക്കുകയാണ്. ഏതു കൊടുങ്കാറ്റിലും ഇതളറ്റ് പോകാതെ പിടിച്ചു നിൽക്കണമെന്ന് കാലം എന്നെ പഠിപ്പിക്കുന്നു. ഒരു പുസ്തകം സ്വന്തം നിലയിൽ പുറത്തിറക്കണമെന്ന മോഹമുണ്ട്. നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്നവനെ ഈ മണ്ണിൽ വേറുപ്പിച്ചു നിർത്തി കാലം അതിനും വഴിതെളിക്കും. ജീവിക്കണം... ജീവിച്ചല്ലേ പറ്റൂ...– ഷംനാദ് പറഞ്ഞു നിർത്തി.