മകൾ കൃഷ്ണപ്രിയയുടെ ഓർമകളുമായി കഴിച്ചുകൂട്ടിയ കാൽനൂറ്റാണ്ടിനു ശേഷം എളങ്കൂർ ചാരങ്കാവ് ശങ്കരനാരായണൻ വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് മലയാളിക്ക് എളുപ്പം മറക്കാനാകാത്ത ഒരു പിതാവിന്റെ ജീവിതം. കൃഷ്‌ണപ്രിയയുടെ നിറംമങ്ങിയ ചിത്രം അടുത്ത കാലം വരെ ശങ്കരനാരായണന്റെ കൈവശം ഉണ്ടായിരുന്നു. ഏക മകളെ അത്രയ്ക്കു വാൽസല്യത്തോടെയാണയാൾ വളർത്തിയിരുന്നത്. എളങ്കൂർ പിഎംഎസ്എ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. അന്നവൾക്ക് 13 വയസ്സ്. 2001 ഫെബ്രുവരി 9ന് പതിവുപോലെ സ്കൂളിൽ പോയ കൃഷ്ണപ്രിയ തിരിച്ചുവന്നില്ല. കാണാതായതിന്റെ പിറ്റേ ദിവസം വീടിനടുത്ത കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടുകിട്ടി. ശ്വാസംമുട്ടിച്ചും ബലാൽസംഗം ചെയ്‌തും കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി.
പൊലീസ് അന്വേഷണം അയൽവാസിയായ മുഹമ്മദ് കോയയിലേക്ക് എത്തി. വസ്ത്രത്തിൽ ചോരക്കറയും കൈത്തണ്ടയിലെ മുറിപ്പാടുകളും തെളിവുകളായി. ഫെബ്രുവരി 11ന് മാനന്തവാടി കാട്ടിക്കുളത്ത് സുഹൃത്തിന്റെ വീട്ടിൽനിന്ന് അറസ്‌റ്റിലായി. പൊലീസ് കുറ്റപത്രം നൽകാൻ വൈകിയതോടെ സെപ്റ്റംബർ 20ന് മുഹമ്മദ് കോയയ്ക്ക് കോടതി ജാമ്യം നൽകി. എന്നാൽ, വിധിയുടെ മറ്റൊരു നിയോഗം മുഹമ്മദ് കോയയെ കാത്തിരിക്കുന്നുണ്ടായിരുന്നു. 2002 ജൂൺ 27 മുഹമ്മദ് കോയയെ വീട്ടിൽനിന്നു 2 പേർ കൂട്ടിക്കൊണ്ടുപോയി. ചാരങ്കാവ് വിഷ്‌ണു ക്ഷേത്രത്തിനു സമീപം പാറപ്പുറത്ത് സംഘം ഒത്തുകൂടി മദ്യപിച്ചു. ഇതിനിടെ മുഹമ്മദ് കോയയ്ക്ക് വെടിയേറ്റു. ഒറ്റക്കുഴൽ തോക്കിൽനിന്നാണ് വെടിയേറ്റത് എന്നു പൊലീസ് കണ്ടെത്തി. മൃതദേഹം ആരുമറിയാതെ പൊട്ടക്കിണറ്റിൽ കുഴിച്ചുമൂടി. മുഹമ്മദ് കോയയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ശങ്കരനാരായണനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ജൂലൈ 5ന് മുഹമ്മദ് കോയയുടെ മൃതദേഹം കണ്ടെത്തി. ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി. ഓഗസ്റ്റിൽ ശങ്കരനാരായണനും മറ്റു പ്രതികൾക്കും ജില്ലാ സെഷൻസ് കോടി ജാമ്യം അനുവദിച്ചു. 2005 ഒക്‌ടോബർ 20നു കേസിലെ പ്രതികൾക്ക് ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചെങ്കിലും 2006 മേയ് 24ന് ശങ്കരനാരായണനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ക്രിമിനൽ സ്വഭാവമുള്ള പ്രതിക്കു മറ്റു ശത്രുക്കളുമുണ്ടാകാമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അന്നു മുതൽ നാടിന്റെ മനഃസാക്ഷിയുടെ കോടതിയിൽ മാത്രമല്ല, നിയമത്തിനു മുന്നിലും ശങ്കരനാരായണൻ കുറ്റവിമുക്തനായി. കൃഷ്ണപ്രിയയുടെ വിയോഗം കാൽനൂറ്റാണ്ടോടടുക്കുമ്പോൾ അവളുടെ ഒരിക്കലും മായാത്ത ഓർമകളുമായി ആ പിതാവും ജീവിതത്തിൽനിന്നു മടങ്ങി.