ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യാസിർ ആക്രമണസമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ്, കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസിറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്വബോധത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഷിബിലയുടെ കൊലപാതകം ആസൂത്രിതമാണെന്ന് നാട്ടുകാരും പറഞ്ഞു. യാസിർ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടിൽ എത്തി, ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. തുടർന്ന് വൈകിട്ട് നോമ്പുതുറക്കുന്ന സമയത്ത് തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. സാരമായി പരുക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്റെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റ മാതാവ് ഹസീനയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിലയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും.
സംഭവം നടന്ന് 5 മണിക്കൂർ കൊണ്ടു പൊലീസ് യാസിറിനെ പിടികൂടി. മൊബൈൽ ഫോൺ ലൊക്കേഷൻ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്താണെന്നു കണ്ടെത്തി. പിന്നാലെ അവിടെ പരിശോധന ശക്തമാക്കി. യാസിർ കാർ ആശുപത്രി അത്യാഹിത വിഭാഗത്തിനു 50 മീറ്റർ അകലെ റോഡരികിൽ നിർത്തി പിൻസീറ്റിൽ കർട്ടൻ താഴ്ത്തി ഇരിക്കുകയായിരുന്നു. സംശയം തോന്നി പൊലീസ് ഷിബിലയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാറിനു സമീപം എത്തിച്ചു. കാറിനുള്ളിലുള്ളത് യാസിർ ആണെന്നു സ്ഥിരീകരിച്ചു. കാറിന്റെ ഡോർ പൊലീസ് ബലംപ്രയോഗിച്ചു തുറന്ന ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, യാസിറിന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്ന് കഴിഞ്ഞ 28ന് ഷിബില പൊലീസിൽ പരാതി നൽകിയെങ്കിലും ഇതിൽ പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യാസിർ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്ന് 2000 രൂപയ്ക്ക് ഇന്ധനം നിറച്ചശേഷം പണം നൽകാതെ കടന്നുകളഞ്ഞതായും പരാതിയുണ്ട്.