Wednesday 19 March 2025 11:38 AM IST : By സ്വന്തം ലേഖകൻ

‘അച്ഛൻ മരിച്ചു, അമ്മ ഒപ്പമില്ല, എന്നോട് സ്നേഹം കുറവായിരുന്നു’; ഏഴാം ക്ലാസുകാരിയിലേക്ക് വിരൽചൂണ്ടിയത് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായ സംശയങ്ങള്‍

rep-image Representative Image

കണ്ണൂരില്‍ നാലു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടതെന്ന് വളപ്പട്ടണം എസ്എച്ച്ഒ ബി. കാർ‌ത്തിക് പറഞ്ഞു. 

രാത്രി ഉറങ്ങുന്നതിനു മുൻപ് വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആർക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെൺകുട്ടിയിലേക്ക് അന്വേഷണം വിരൽചൂണ്ടിയത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാൻ പെൺകുട്ടിക്ക് സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ കിടക്കുന്നു എന്ന വിവരം കിട്ടിയതെന്ന് എസ്എച്ച്ഒ കാർത്തിക് പറഞ്ഞു. പിന്നാലെ അന്വേഷണ സംഘത്തെ സംഭവം നടന്ന വീട്ടിലേക്ക് അയച്ചു. 

പ്രാഥമിക അന്വേഷണം അപ്പോൾ‌ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ നടന്നത് കൊലപാതകമാണെന്ന് മനസിലായി. ഏഴാം ക്ലാസിലാണ് പ്രതിയായ കുട്ടി പഠിക്കുന്നത്. കുട്ടി ഇന്നലെയും ഇന്നും പറഞ്ഞ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. മൊഴികൾ കൃത്യമായി പരിശോധിക്കുമെന്നും കാർത്തിക് പറഞ്ഞു.

Tags:
  • Spotlight