ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ ബൈക്ക് പര്യടനത്തിൽ രാജസ്ഥാൻ യാത്ര പൂർത്തിയാക്കി പഞ്ചാബിലെ ഗ്രാമങ്ങളിലേക്ക് തിരിഞ്ഞു. ഇന്ത്യ–പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങൾ കാണുക എന്നത് വലിയ ആഗ്രഹമായിരുന്നു. സുഹൃത്ത് കാലു പജുവയ്ക്കൊപ്പം രേണുക ഗ്രാമത്തിലേക്ക് ആദ്യം പോയി. വിഭജനകാലത്ത് മുസ്‌ലിം ഗ്രാമീണർ സിഖ് സഹോദരൻമാർക്ക് സമ്മാനിക്കുകയും തുടർന്ന് ഹിന്ദു സമൂഹത്തിനു കൈമാറുകയും ചെയ്ത ദേവാലയം അവിടെ കണ്ടു. അപ്പോഴാണ് ഫസിൽക്ക ബോർഡർ എന്നും അറിയപ്പെടുന്ന സഡ്കി ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റിനെപ്പറ്റി അറിഞ്ഞത്. ഏറെ പ്രശസ്തമായ വാഗാ ബോർഡറിനു സമാനമായി സന്ദർശകരെ അനുവദിക്കുന്ന റിട്രീറ്റ് സെറിമണി നടക്കുന്ന ഇടമാണ് ഇത്.
ഹിന്ദുമൽകോട്ട്, വിഭജനത്തിന്റെ പ്രേതഭൂമി

ഉച്ചയ്ക്കു ശേഷം രേണുക ഗ്രാമത്തിൽ നിന്നു ഹിന്ദുമൽകോട്ടിലേക്കു പുറപ്പെട്ടു. ഇന്ത്യാ വിഭജനകാലത്ത് സീറോ പോയിന്റിൽ അകപ്പെട്ടുപോയ ഹിന്ദുമൽകോട്ട് റയിൽവേ സ്‌റ്റേഷൻ ഈ യാത്രയ്ക്കിടയിൽ കാണാം. സമീപത്തു തന്നെ മനുഷ്യർ ഉപേക്ഷിച്ചു പോയ ഒരു ഗ്രാമത്തിന്റെ ശേഷിപ്പുകൾ. പലക നിരത്തിയ കടകളും അങ്ങാടിയും വീടുകളും വിഭജനത്തിന്റെ മുറിപാടായി നിൽക്കുന്നു. ആളൊഴിഞ്ഞ അങ്ങാടിയുടെ നടുവിലൂടെ സഞ്ചരിച്ച് പ്രധാന പാതയിൽ പ്രവേശിച്ച് ഹിന്ദുമൽകോട്ട് എത്തി.

അടുത്ത ലക്ഷ്യം ഫസിൽക്കയിൽ നിന്നു 13 കിലോ മീറ്റർ അകലെയുള്ള സഡ്കി അതിർത്തിയാണ്. അവിടെ ഇന്ത്യ–പാകിസ്ഥാൻ സംയുക്ത ചെക്പോസ്‌റ്റിൽ ദിവസവും പതാക താഴ്ത്തൽ ചടങ്ങുണ്ട്. റിട്രീറ്റ് സെറിമണി എന്നറിയപ്പെടുന്ന പ്രകടനം ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ 3 ഇടത്താണ് നടക്കുന്നത്. അതിൽ ഏറ്റവും പ്രശസ്തം വാഗ–അടാരി അതിർത്തിയിലേതാണ്. രണ്ടാമത്തേത് ഫിറോസ്പുരിന് സമീപം ഹുസൈനിവാല അതിർത്തിയിലും.

സഡ്കി റിട്രീറ്റ്

ഒരു കിലോ മീറ്റർ ദൂരം പരന്നു കിടക്കുന്ന ഗോതമ്പു പാടത്തിൻ നടുവിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയുടെ ഗേറ്റിനു മുന്നിലെത്തിയത്. അൽപം കൂടി മുന്നോട്ട് സഞ്ചരിച്ചാൽ ഇരു രാജ്യങ്ങളുടെയും സംഗമ സ്ഥലമായ സീറോ പോയിന്റിൽ എത്താം. പതാക താഴ്ത്തൽ ചടങ്ങ് കാണാനെത്തുന്ന സന്ദർശകർക്ക് ഇരിക്കാൻ ഇന്ത്യൻ ഭാഗത്തും പാകിസ്ഥാൻ ഭാഗത്തും ഗാലറികൾ നിർമിച്ചിട്ടുണ്ട്. ഇരുവശത്തും ഒട്ടേറെ ആളുകൾ എത്തിയിട്ടുണ്ട്. ഒട്ടുമിക്കവരും തങ്ങളുടെ രാജ്യത്തിന്റെ ദേശീയ പതാകകൾ വീശുന്നു.
അൽപ സമയത്തിനു ശേഷം കുതിരപ്പുറത്തെത്തിയ ജവാൻമാർ പരസ്പരം അഭിവാദ്യം ചെയ്തു. തുടർന്ന് ഇരു ഭാഗത്തും പട്ടാളക്കാരുടെ അഭ്യാസ പ്രകടനങ്ങൾ. രണ്ടു ഭാഗത്തു നിന്നും മാർച്ചു ചെയ്തെത്തുന്ന ജവാൻമാർ പതാകകൾ കൊടിമരത്തിൽ നിന്നു അഴിച്ചെടുത്ത് മാര്‍ച്ച് ചെയ്തു മടങ്ങി. രണ്ടു ഗാലറികളിലും സന്ദർശകർ ആവേശത്തോടെയാണ് കാഴ്ചകൾ ആസ്വദിക്കുന്നത്. ഇന്ത്യൻ ഭാഗത്ത് ബിഎസ്എഫും പാകിസ്ഥാൻ വശത്ത് പാകിസ്ഥാൻ റേഞ്ചേഴ്സുമാണ് ഈ ചടങ്ങിന്റെ ഭാഗമാകുന്നത്.
റിട്രീറ്റിനു ശേഷം അതിർത്തിയിൽ നിന്ന് പാകിസ്ഥാന്‍ ഭാഗത്തെത്തിയ ആളുകളെ അഭിവാദ്യം ചെയ്തപ്പോൾ സന്തോഷകരമായ കാഴ്ചയാണ് കണ്ടത്. പാകിസ്ഥാൻ ഭാഗത്തുള്ള സഹോദരി, സഹോദരൻമാർ ഇന്ത്യക്കാരെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. കാലുപാജവ പറഞ്ഞു ‘‘വിഭജനം തന്നെ വലിയ മുറിവാണ്, അവർ നമ്മുടെ സഹോദരൻമാർ തന്നെയാണ്’’. ഞങ്ങള്‍ വീണ്ടും അഭിവാദ്യം ചെയ്തു. പിന്നെ. ഞങ്ങളെ ആദ്യം വിലക്കിയ ബിഎസ്എഫ് ജവാൻ ശാന്തനായി ശബ്ദം താഴ്ത്തി പറഞ്ഞു, ‘‘ഞങ്ങളുടെ ഇടയിലും ശത്രുതയൊന്നും ഇല്ല, രാത്രിയിൽ ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്...’’

മണ്ണിൽ പൊന്നു വിളയിച്ച കർഷകർ
ഇരു രാജ്യത്തുമായി വ്യാപിച്ചു കിടക്കുന്ന ഗോതമ്പു പാടങ്ങളിൽ ഇന്ത്യക്കാരായ കർഷകർ പ്രത്യേകം പാസ് എടുത്ത് പാകിസ്ഥാൻ ഭാഗത്തെ സ്വന്തം പാടത്ത് പണി എടുക്കുന്ന കാഴ്ചയും കണ്ടു. അന്നു രാത്രി ഏറെ വൈകിയാണ് കാലുപാജുവയുടെ വീട്ടിൽ മടങ്ങി എത്തിയത്.
അമൃത്‌സറിലേക്കുള്ള യാത്രയിലും കാലുപാജുവ കൂടെ വന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അതിർത്തി ഗ്രാമങ്ങളിലെ ഒട്ടേറെ കർഷകരുടെ വീടുകള്‍ ഇതിനിടയ്ക്കു സന്ദർശിച്ചിരുന്നു. കഠിനാധ്വാനികളായ പഞ്ചാബികൾ മണ്ണിൽ പൊന്നു വിളയിക്കുന്നു. മാങ്ങ, ഓറഞ്ച്, ചിക്കൂ എന്നീ പഴവർഗങ്ങളും സമൃദ്ധമായി വിളയുന്നു. പല കർഷക ഭവനങ്ങളും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചവയുമാണ്.