
ബാംഗ്ലൂരിൽ നിന്ന് അഞ്ഞൂറ് കിലോമീറ്റർ ദൂരെ മഹാരാഷ്ട്രയുടെ അതിർത്തിക്ക് വളരെ അടുത്താണ് വിജയപുര എന്ന ബീജാപുർ. കർണാടകത്തിലെ ഏറ്റവുമധികം ജനവാസമുള്ള പത്ത് നഗരങ്ങളിൽ ഒന്നായ വിജയപുര പട്ടണത്തിന്റെ ഹൃദയഭാഗത്തു തന്നെയാണ് ഗോൽഗുംബസ് എന്ന നിർമ്മിതി. മുഹമ്മദ് ആദിൽ ഷാ ചക്രവർത്തിയുടെ ശവകുടീരമാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ബീജാപൂർ ആസ്ഥാനമാക്കി മദ്ധ്യ ഇന്ത്യ ഭരിച്ചിരുന്ന രാജവംശമായിരുന്നു ആദിൽ ഷാ രാജവംശം. 1656-ൽ ആണ് ഗോൽ ഗുംബസ് നിർമിച്ചത്. വലുപ്പം കൊണ്ടും രൂപകൽപന കൊണ്ടും ആദ്യ കാഴ്ചയിൽതന്നെ ഈ കെട്ടിടം ആരെയും ആകർഷിക്കും.

ഗോൽഗുംബസ് എന്നാൽ പനിനീർ പുഷ്പമകുടം എന്നാണർഥം. ക്യൂബിന്റെ ആകൃതിയിലുള്ള നിർമ്മിതി. മുകളിൽ അർദ്ധഗോളാകൃതിയിലുള്ള മേൽക്കൂര അഥവാ താഴികക്കുടം. കെട്ടിടത്തിന്റെ വശത്തായി വാതിലുകളും സുഷിരങ്ങളും ഉള്ള നാല് തൂണുകൾ. തൂണിനു മുകളിലായി ചെറുഗോളങ്ങൾ നിർമിച്ചിരിക്കുന്നു. ഗൈഡ് ഇതിന്റെ കൂടുതൽ സവിശേഷതകൾ വിവരിച്ചു. 44 മീറ്ററാണ് ഇതിന്റെ വ്യാസം. വലുപ്പത്തിൽ വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയുടെ താഴികക്കുടം കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഗോൽഗുംബസിന്റെ മേൽക്കുരയാണ്. 47.5 മീറ്റർ ഉയരവും ആയിരത്തി എഴുന്നൂറ് ചതുരശ്ര കിലോമീറ്റർ വ്യാപ്തിയും ഇതിനുണ്ട്. പുറമേ നിന്നുള്ള ഭംഗി ആസ്വദിച്ച ശേഷം ഉള്ളിലേക്ക് പ്രവേശിച്ചു.

തൂണിന്റെ അകത്തുള്ള കോണിപടിയിലൂടെ ഗോൽഗുംബസിന്റെ മേൽക്കൂരയിലെത്താം. അവിടെ നിന്നാൽ ബീജാപുർ നഗരത്തിന്റെ മനോഹരമായ കാഴ്ച്ച കിട്ടും. മേൽക്കൂരയുടെ ചുവരിൽ പുഷ്പത്തിന്റെ ഇതൾ പോലെ അനേകം ഇതളുകൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു. അതിൽ ഒരിതൾ മാത്രം തുറന്നുകിടക്കുന്നു. ഗോൽ ഗുംബസിന്റെ ഉള്ളിലേക്കുള്ള പ്രവേശനകവാടമാണിത്. അകത്തേക്ക് കടക്കുന്നവരെ കാത്തിരിക്കുന്നത് ഒരു അദ്ഭുതമാണ്. ചെറിയൊരു ശബ്ദമുണ്ടാക്കിയാൽ അതിന്റെ ഒട്ടേറെ മാറ്റൊലി മുഴങ്ങും അവിടെ...
അർദ്ധ ഗോളാകൃതിയിലുള്ള മേൽക്കൂര ശബ്ദതരംഗങ്ങളെ കേന്ദ്രീകരിച്ച് തറയിലേക്ക് വിടുന്നു. അവിടുന്ന് അത് അനേകം പ്രതിധ്വനികൾ സൃഷ്ടിക്കുന്നു. ഈ പ്രതിഭാസം മൂലം ചെറിയ ഒരു ശബ്ദം പോലും ഒൻപതു തവണ വീണ്ടും മുഴങ്ങും എന്ന് ഗൈഡ് പറഞ്ഞു. പ്രതിധ്വനികളുടെ ഗാലറിയെന്നാണ് ഗോൽഗുംബസിന്റെ ഉൾഭാഗം അറിയപ്പെടുന്നത്. മുഹമ്മദ് ആദിൽഷായുടെ ശവകുടീരം അരണ്ട വെളിച്ചത്തിൽ കാണാം. ഉൾവശത്ത് ഒരൊറ്റ തൂണുപോലും ഇല്ലാതെ, വശങ്ങളിലെ ചുമരിന്റെ മാത്രം സഹായത്താലാണ് ഭീമാകരമായ ഈ താഴികക്കുടം നിൽക്കുന്നത്. ഇത് അക്കാലത്തെ വാസ്തുവിദ്യയുടെ വൈഭവത്തിന്റെ ഉദാഹരണമാണ്.