അഞ്ചുമാസം നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രം സന്ദർശകർക്കായി തുറക്കുന്നു. അഷ്ടമുടിക്കായലിന്റെ മധ്യത്തിലുള്ള തുരുത്താണ് സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിനു നടുക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിൽക്കാം എന്നതാണ് സാമ്പ്രാണിക്കോടിയിലെ പ്രധാന ആകർഷണം. ഡിസംബർ 23 മുതലാണ് സാമ്പ്രാണിക്കോടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. നേരിട്ടുള്ള ടിക്കറ്റ് സംവിധാനം ഒഴിവാക്കി ഓൺലൈൻ വഴിയാണ് ബുക്കിങ്. ഇതിനായുള്ള സംവിധാനങ്ങൾ ഉടനെ നടപ്പിൽ വരുത്തും. ഡിടിപിസിയ്ക്ക് ആയിരിക്കും ചുമതല.
തുരുത്തിൽ പ്രവേശിക്കാൻ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ഒരേസമയം 100 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. 15 മുതൽ20 ബോട്ടുകൾക്ക് വരെ തുരുത്തിലേക്ക് കടക്കാൻ അനുമതിയുണ്ട്. അനുമതിയില്ലാതെ തുരുത്തിലേക്ക് പ്രവേശിക്കുന്ന ആളുകൾക്കും ബോട്ടുകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലെ നിർദേശമനുസരിച്ച് മൂന്ന് സ്ഥലങ്ങളിൽ നിന്ന് ആളുകളെ സാമ്പ്രാണിക്കോടിയിൽ എത്തിക്കുവാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുങ്ങുന്നത്. പ്രാക്കുളം കൂടാതെ കുരീപ്പുഴ ബോട്ട് ജെട്ടി, മൺറോതുരുത്ത് എന്നിവിടങ്ങളിൽ നിന്നും ബോട്ട് സർവീസുകൾ ഉണ്ട്. തൃക്കരുവ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ജിഎസ്ടി ഉൾപ്പെടെ 150 രൂപയാണ് സാമ്പ്രാണിക്കോടി സന്ദർശിക്കാൻ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. 50 മിനിറ്റ് നേരം ഇവിടെ ചെലവഴിക്കാവുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ.
