ADVERTISEMENT

ഏഴു വർഷം മുൻപ് വരെ സാധാരണ ഒരു വീട്ടമ്മയായിരുന്നു കയ്പമംഗലം സ്വദേശി സൽമ നസീർ. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ജോലിക്കിറങ്ങുന്നത്. തിരഞ്ഞെടുത്തതോ പലപ്പോഴും പഠിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള മോട്ടർ വൈൻഡിങ് (ചെമ്പുകമ്പി മോട്ടറുകളിൽ സെറ്റ് ചെയ്യുന്ന ജോലി). സൽമയ്ക്കു നേരിടേണ്ടിവന്നതു വലിയ പരിഹാസമാണ്. 

പെണ്ണുങ്ങളെക്കൊണ്ട് പറ്റുന്ന വല്ല ജോലിയും ചെയ്താൽ പോരേ? ഇതു കറന്റ് കൊണ്ടുള്ള കളിയാണ്–പലരും ഭയപ്പെടുത്തി. അവരോടൊന്നും സൽമ മറുപടി പറഞ്ഞില്ല. പകരം ആ ജോലി നല്ല വൃത്തിക്കങ്ങു ചെയ്തുകാണിച്ചു. കേടുവന്ന മിക്സിയും വാഷിങ് മെഷീനും മോട്ടറുമെല്ലാം നന്നാക്കി കയ്യിൽതരും ഇന്നു സൽമ. ഏതു ജോലിയും സ്ത്രീകൾക്ക് സാധിക്കുമെന്നു തെളിയിച്ചു കൊടുക്കണമെന്ന ഒരു വാശിയും ഇതിനു പിറകിലുണ്ടായിരുന്നു. 

ADVERTISEMENT

ഒരു ജോലി അനിവാര്യമാണെന്നു തോന്നിയ സമയത്ത്, ഭർത്താവ് നസീറിന്റെ സുഹൃത്ത് അക്ബർ തന്റെ കടയിലേക്ക് സൽമയെ ക്ഷണിച്ചത് ടെലിഫോൺ കൈകാര്യം ചെയ്യാനായിരുന്നു. വെറുതേ ഒരു ജോലി ചെയ്യാൻ സൽമയ്ക്കു താൽപര്യമില്ലായിരുന്നു. എന്തെങ്കിലും പുതുതായി പഠിക്കുക കൂടി വേണം. അങ്ങനെയാണ് അക്ബർ ചെയ്യുന്ന മോട്ടർ വൈൻ‍ഡിങ് ഇഷ്ടമാണെന്നറിയിച്ചത്. 

അദ്ദേഹം സഹായിക്കാമെന്നുമേറ്റു. പഠിച്ചെടുക്കാൻ മൂന്നു മാസത്തോളം നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്. കൗതുകത്തോടെ നോക്കിയിരുന്ന സ്ഥാനത്ത്, കൂടുതൽ സ്ത്രീകൾ തന്നെ കണ്ട് ഈ ജോലിക്കെത്തുന്നു എന്നു പറയുമ്പോൾ സൽമയ്ക്ക് അഭിമാനം. ജീവിക്കാനുള്ള വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ അഭിമാനബോധം കൂടിയെന്നു സൽമ പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT