ADVERTISEMENT

വസന്തോത്സവത്തിൽ അണിഞ്ഞൊരുങ്ങി ഗവിയിലെ കാടുകൾ. വിവിധ വർണങ്ങളാൽ തളിർത്ത് നിൽക്കുന്നതും ഇലകൾ പൊഴിഞ്ഞ് പൂക്കൾ മാത്രമുള്ള ചെറുതും വലുതുമായ വൃക്ഷങ്ങളും ഇവയിൽ തേൻ നുകരാനും കായ് തിന്നാനും എത്തുന്ന പക്ഷികളും സിംഹവാലൻ കുരങ്ങും മലയണ്ണാനുകളുമാണ് ഇപ്പോഴത്തെ കാലാവസ്ഥയിൽ ഗവിയിലെ താരങ്ങൾ. ഗവിയിലേക്കു സഞ്ചാരികളുടെ അത്യപൂർവ തിരക്ക് കാരണം പ്രവേശനത്തിനു ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യമാണിപ്പോൾ.

നേരം ഏറെ പുലർന്നെങ്കിൽ മാത്രമേ മഞ്ഞൊഴിയൂ. വൈകുന്നേരമാകുമ്പോഴേക്കും മിക്ക പ്രദേശങ്ങളും മഞ്ഞിൽ മൂടും. കഴിഞ്ഞ കുറെ ദിവസങ്ങളായി അതികഠിനമായ തണുപ്പുമാണ്. മഞ്ഞ് കാരണം പലപ്പോഴും റോഡ് വ്യക്തമല്ലാത്തതിനാൽ വാഹന ഡ്രൈവിങ്ങും സാഹസികമാണ്.

ADVERTISEMENT

ബുക്കിങ്  അനിവാര്യം

പ്രതിദിനം 30 വാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം. ഓൺലൈനിൽ gavikakkionline.com സൈറ്റിൽ ബുക്ക് ചെയ്തു വേണം പ്രവേശനം ഉറപ്പിക്കാൻ. കഴിഞ്ഞ കുറെ ദിവസങ്ങളായി സൈറ്റ് തുറന്ന് മിനിറ്റുകൾക്കകം ബുക്കിങ് പെട്ടെന്നു തീർന്ന് പോകുന്ന സാഹചര്യമാണ്. കാര്യമായ അടിസ്ഥാന സൗകര്യം ഒരുക്കാത്ത വിനോദ സഞ്ചാര മേഖലയാണ് ഗവി.

ADVERTISEMENT

ബുക്ക് ചെയ്തവർക്കുള്ള പാസുകൾ ലഭിക്കുന്ന ഗൂഡ്രിക്കൽ റേഞ്ചിൽ മാത്രമാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം ഉള്ളത്. കക്കി കേന്ദ്രീകരിച്ച് സഞ്ചാരികൾക്കായി കോപ്പി ഷോപ്പും ശുചിമുറിയും ഈ വർഷം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് വനപാലകർ. മുൻകൂട്ടി ബുക്ക് ചെയ്താൽ പാസ് എടുക്കുന്ന സ്ഥലത്തു നിന്നു പൊതിച്ചോറ് ലഭിക്കും. കൊച്ചുപമ്പയിലെ കന്റീനിലും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു ഭക്ഷണം ലഭ്യമാണ്.

വന്യമൃഗങ്ങൾ  അരികെ

ADVERTISEMENT

കൊടുംകാട്ടിലൂടെ ഏകദേശം 70 കിലോമീറ്ററോളം സഞ്ചരിച്ചുള്ള പ്രത്യേക അനുഭവമാണ് ഗവി യാത്ര സമ്മാനിക്കുന്നത്. യാത്രയിൽ ഭാഗ്യം ഉണ്ടെങ്കിൽ കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങളെ കാണാം. മലമുഴക്കി അടക്കമുള്ള അപൂർവ പക്ഷികളും ഗവി യാത്രയിലെ സ്വപ്ന കാഴ്ചകളാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും കക്കാട് പദ്ധതിയുടെ മൂഴിയാർ അണക്കെട്ടും കാണാനാകും. 

മൂഴിയാർ 40 ഏക്കർ കോളനിയിൽ നിറയെ പൂക്കളുമായി നിൽക്കുന്ന വൃക്ഷത്തിൽ സിംഹവാലൻ കുരങ്ങും മലയണ്ണാനും മറ്റു പക്ഷികളും തേൻ കുടിക്കാൻ എത്തുന്നതാണ് ഈ റൂട്ടിൽ നിലവിലുള്ള ഏറ്റവും നയന മനോഹരമായ കാഴ്ച. രാവിലെ എട്ടര മുതലാണ് ഗവിയിലേക്കു പ്രവേശനം. പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷന്റെ അധീനതയിലുള്ള വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയാണ് കാട് ഇറങ്ങുക.

ADVERTISEMENT