കൽപ്പന ഒരു ഹാസ്യ നടി മാത്രമായിരുന്നോ ?
അല്ല!
ആ ‘അല്ല’ എന്ന ഉത്തരം തെളിയിക്കുന്നതിനു അധികം ഉദാഹരങ്ങളില്ലെങ്കിലും അത്തരത്തിൽ തനിക്കു കിട്ടിയ കഥാപാത്രങ്ങളെയെല്ലാം പകരക്കാരെ ചിന്തിക്കാനാകാത്ത വിധം അവർ മനോഹരമാക്കി. മരണത്തിനു മുമ്പുള്ള ഒരു ചെറിയ ഘട്ടത്തിലായിരുന്നു ഇത്തരം വേഷങ്ങളിൽ പലതും തേടിയെത്തിയതെങ്കിലും ഹാസ്യ വേഷങ്ങളിലെ ആവർത്തനങ്ങളെ കുടഞ്ഞെറിഞ്ഞു തന്റെ പ്രതിഭയുടെ ആഴം അടയാളപ്പെടുത്തുകയായിരുന്നു ആ സിനിമകളിലൊക്കെ അവർ.
2002 ൽ ‘കണ്ണകി’യിലെ കനകമ്മ എന്ന കഥാപാ്രതം ഇത്തരം വേഷങ്ങളിലേക്കുള്ള കൽപ്പനയുടെ നല്ല തുടക്കമായി പരിഗണിക്കാം. അതിനും മുമ്പേയെത്തിയ, ‘യാഗം’, ‘പോക്കുവെയിൽ’ എന്നിങ്ങനെ ചില സിനിമകളിലെ അവരുടെ പ്രകടനങ്ങളും മറക്കാനാകില്ല.
ഹാസ്യത്തിന്റെ യാതൊരു ഭാവങ്ങളും തെളിയാത്ത പ്രകടനമായിരുന്നു ‘കണ്ണകി’യിലെ കനകമ്മ. അതിനു ശേഷവും ടിപ്പിക്കല്‍ കോമഡി റോളുകളിലേക്കു മടങ്ങിയ അവര്‍ ‘മിഴി രണ്ടിലും’, ‘അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍’, ‘പകല്‍ നക്ഷത്രങ്ങള്‍’ എന്നിങ്ങനെ ചില ചിത്രങ്ങളിൽ ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്നു.
2009 ൽ ‘കേരള കഫെ’യിലെ ‘ബ്രിഡ്ജ്’ കല്‍പ്പനയുടെ അഭിനയ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. സലിംകുമാര്‍ അവതരിപ്പിച്ച മണികണ്ഡന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി കല്‍പ്പനയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 2011 മുതലുള്ള 5 വര്‍ഷങ്ങളാണു കല്‍പ്പനയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ മികച്ച കഥാപാത്രങ്ങളുടെ കാലം. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മേരി, ഏഴാം സൂര്യനിലെ നളിനി, സ്പിരിറ്റിലെ പങ്കജം, മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത തനിച്ചല്ല ഞാനിലെ റസിയാ ബീവി, എബിസിഡിയിലെ മറിയാമ്മ, ബാംഗ്ലൂര്‍ ഡേയ്‌സിലെ അമ്മ, ദി ഡോള്‍ഫിന്‍സിലെ കൊച്ചു വാവ, ചാര്‍ലിയിലെ ക്യൂന്‍ മേരി..... അതില്‍ ഏറ്റവും ശ്രദ്ധേയമായവ ഡോള്‍ഫിനിലെ കൊച്ചുവാവയും ചാര്‍ലിയിലെ ക്യൂന്‍ മേരിയുമാണ്.
മലയാളയത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ നായികയായി കല്‍പ്പന അഭിനയിച്ച ആദ്യ ചിത്രമായിരിക്കും ദീപന്‍ സംവിധാനം ചെയ്ത ‘ദി ഡോള്‍ഫിന്‍സ്’. ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച പനയമുട്ടം സുര എന്ന അബ്കാരിയുടെ ഭാര്യ കൊച്ചുവാവയായി കല്‍പ്പന പ്രേക്ഷകരെ തൊട്ടു. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കൊച്ചുവാവ സിനിമയില്‍ ആറു മാസത്തിനകം മരണപ്പെടും എന്നതായിരുന്നു കഥാഗതിയിലെ വഴിത്തിരിവുകളിൽ പ്രധാനം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സുരേഷ് ഗോപി – കല്‍പ്പന ജോഡികളുടെ അസാമാന്യ പ്രകടനം ചിത്രത്തിന്റെ അതേ വരയുള്ള സഞ്ചാരത്തെ മറ്റൊരു തലത്തിെലത്തിച്ചു. കടലിനു നടുവില്‍ മരണത്തെ പുല്‍കുന്ന ചാര്‍ളിയിലെ ക്യൂന്‍ മേരിയാകട്ടേ അറം പറ്റിയ കഥാപാത്രമായി...കൽപ്പനയുടെ അവസാന കഥാപാത്രം...!
ഈ കഥാപാത്രങ്ങള്‍ക്കു ജീവൻ പകർന്നു ഏറെക്കാലം കഴിയും മുമ്പേ കൽപ്പന വിടവാങ്ങിയപ്പോൾ ഓരോ പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാകും: എന്തുകാണ്ടു മലയാള സിനിമ അൽപ്പം കൂടി മുൻപേ ഈ മഹാനടിയെ വേണ്ടും വിധം ഉപയോഗിക്കാൻ ശ്രമിച്ചില്ല...ആ ചോദ്യം എക്കാലവും ആവർത്തിക്കും....നിലനിൽക്കും...
നാടക പ്രവര്‍ത്തകരായ ചവറ വി. പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1965 ഒക്‌ടോബര്‍ 5 നു കല്‍പ്പന ജനിച്ചു. പ്രശസ്ത നടിമാരായ കലാരഞ്ജിനി, ഉര്‍വശി, നടന്‍മാരായിരുന്ന കമല്‍ റോയ്, പ്രിന്‍സ് എന്നിവർ സഹോദരങ്ങളാണ്. 1977 ല്‍ നാഗവള്ളി ആര്‍.എസ് കുറുപ്പിന്റെ തിരക്കഥയില്‍ പി. സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലനടിയായാണു കല്‍പ്പന സിനിമയിലെത്തിയത്. 1980 ല്‍ എം. കൃഷ്ണന്‍ നായരുടെ സംവിധാനത്തിൽ, പ്രേം നസീര്‍ നായകനായ ‘ദിഗ് വിജയ’ ത്തിലും ബാലനടിയായി. കലാപാരമ്പര്യവും സിനിമ ബന്ധവുമുള്ള കുടുംബത്തില്‍ നിന്നു സിനിമയിേലക്കുള്ള കല്‍പ്പനയുടെ വരവു അനായാസമായിരുന്നുവെങ്കിലും നിലനില്‍പ്പു അസാമാന്യമായ പ്രതിഭയുടെ കരുത്തിലായിരുന്നു. തുടര്‍ന്നു ‘പാതിരാസൂര്യന്‍’, ‘അന്തിവെയില്‍ പൊന്ന്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കല്‍പ്പന നായികയായ ആദ്യ ചിത്രം 1982 ല്‍ ശിവന്‍ ഒരുക്കിയ ‘യാഗം’ ആണ്. തുടര്‍ന്നു ‘ഇതും ഒരു ജീവിതം’ എന്ന ചിത്രം. എന്നാല്‍ അതേ വര്‍ഷം ജി. അരവിന്ദന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ നായകനാക്കി ഒരുക്കിയ ‘പോക്കുവെയില്‍’ലെ നായിക വേഷം നടിയെന്ന നിലയിലുള്ള കല്‍പ്പനയുടെ നല്ല അടയാളപ്പെടുത്തലായി.
ചിത്രത്തില്‍, മെലിഞ്ഞു എല്ലും േതാലുമായ നായകനു പിന്നാലെ ടേപ്പ് റെക്കോര്‍ഡറും തൂക്കി നടക്കുന്ന നായിക. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍ മാത്രമുണ്ടായിരുന്ന ‘പോക്കുവെയിലി’ല്‍ കല്‍പ്പനയോടൊപ്പം അവരുടെ മാതാപിതാക്കളും അഭിനയിച്ചു. ‘പോക്കുവെയില്‍’ അക്കൊല്ലം വിവിധ മേഖലകളില്‍ ദേശീയ – സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരുന്നു. കാര്യമായി ഒന്നും മനസ്സിലാകാതെയാണു പോക്കുവെയിലില്‍ അഭിനയിച്ചതെന്നും ചിത്രം ഇത്രയും അവാര്‍ഡുകള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പിന്നീടു പറഞ്ഞു.
കല്‍പ്പനയുടെ ഹാസ്യപ്രധാനമായ ആദ്യ വേഷം 1984 ല്‍ കെ.ജി ജോര്‍ജ് ഒരുക്കിയ ‘പഞ്ചവടിപ്പാല’ത്തിലെ അനാര്‍ക്കലിയാണ്. അതോടെ സിനിമയുടെ മുഖ്യധാരയില്‍ സജീവമായ കല്‍പ്പനയുടെ കരിയർ വിജയത്തേരിലേറി കുതിപ്പു തുടങ്ങി. ഹാസ്യം അനായാസം അവതരിപ്പിക്കുവാനുള്ള കഴിവു കല്‍പ്പനയെ താരമാക്കി. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ലെ ആഹാരപ്രിയയായ മോഹിനിയോടെ അത്തരം വേഷങ്ങൾക്കു കൽപ്പനയായി മെയിൻ ചോയിസും. തുടർന്നു വന്ന ‘ഡോ. പശുപതി’യിലെ യു.ഡി.സി കുമാരി മലയാള സിനിമയിലെ എവര്‍ഗ്രീന്‍ കോമഡി കഥാപാത്രമായി. ചിത്രത്തിലെ കൽപ്പനയുടെ പ്രാര്‍ത്ഥനാ ഗാനം മലയാളി ഒരിക്കലും മറക്കില്ലല്ലോ...
2016 ജനുവരി 25നു തന്റെ 50 വയസ്സിൽ മരണപ്പെടുവോളം മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി മുന്നൂറോളം സിനിമകളില്‍ കൽപ്പന അഭിനയിച്ചു.
1985 ല്‍ ‘ചിന്നവീട്’ എന്ന ചിത്രത്തിൽ നായികയായായിരുന്നു തമിഴിലെ അരങ്ങേറ്റം. ചിത്രം സൂപ്പര്‍ഹിറ്റായി. 1995 ല്‍ കമല്‍ ഹാസന്‍ നിര്‍മ്മിച്ചു ബാലു മഹേന്ദ്ര ഒരുക്കിയ സതി ലീലാവതിയില്‍ രണ്ടു നായിമാരിലൊരാളായ കൽപ്പനയുടെ ലീലാവതി എന്ന കഥാപാത്രം ചിത്രത്തിനൊപ്പം സൂപ്പര്‍ഹിറ്റായി. മലയാളത്തിൽ തിരക്കു കൂടിയതോടെ തൽക്കാലം തമിഴകത്തെ ഉപേക്ഷിച്ച അവർ 2001 ല്‍ ‘ലൂട്ടി’ എന്ന ചിത്രത്തിലൂടെ അങ്ങോട്ടേക്കു തിരകെപ്പോയി. കമല്‍ഹാസനൊപ്പം പമ്മല്‍ കെ സംബന്ധത്തിലെ കഥാപാത്രം ഹിറ്റായി. തമിഴിൽ കല്‍പ്പനയുടെ അവസാനത്തെ ചിത്രം ‘കാക്കി സട്ടൈ’യായിരുന്നു. നായകനായ ശിവകാര്‍ത്തികേയന്റെ അമ്മ വേഷമായിരുന്നു അതില്‍.
ജി. അരവിന്ദനും എം.ടി വാസുദേവന്‍ നായരും ബാലു മഹേന്ദ്രയും ഭാഗ്യരാജും കമല്‍ഹാസനും മണിരത്നവും ഉൾപ്പെടുന്ന ഇന്ത്യന്‍ സിനിമയിലെ ജീനിയസുകള്‍ക്കൊപ്പം നിന്നു വളര്‍ന്ന കൽപ്പന, ചിരിപ്പിച്ചും ചിരിച്ചും ജീവിതത്തില്‍ തന്നെ പിന്‍തുടര്‍ന്ന ദുഖങ്ങളെ മറക്കുകയായിരുന്നു എപ്പോഴും. ഒപ്പം നില്‍ക്കുന്നവരിലേക്കു ജീവിതത്തിന്റെ ഊര്‍ജം പകരുകയുമായിരുന്നു അവർ... ഒടുവില്‍ മരണമെന്ന നിര്‍വികാരതയിലേക്കു മാഞ്ഞു പോകും വരെ...
2016 ജനുവരി 25നു ഹൈദരാബാദിൽ തെലുങ്കിലും തമിഴിലുമായുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോഴായിരുന്നു കൽപനയുടെ മരണം. അവരെ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു. ഹൃദയം, കരള്‍ സംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ 50 വയസ്സായിരുന്നു പ്രായം.
സംവിധായകന്‍ അനില്‍ കുമാറായിരുന്നു കൽപ്പനയുടെ ജീവിതപങ്കാളി. ഇവർ പിന്നീടു പിരിഞ്ഞു. ശ്രീമയി ഏക മകള്‍.