ADVERTISEMENT

റിയൽ ലൈഫ് സിനിമകൾ ഓസ്കറിലും മറ്റും അ വാർഡുകൾ നേടിത്തുടങ്ങിയിട്ടു കുറച്ചു വർഷമേ ആയുള്ളൂ. എന്നാൽ കരിയറിലെ 20 വർഷം കൊണ്ടു റിയൽ ലൈഫ് സ്റ്റോറികൾ മാത്രം സിനിമയാക്കിയ ഒരു സംവിധായികയുണ്ട് അങ്ങു മുംബൈയിൽ. ആലപ്പുഴയുടെ സ്വന്തം മിറിയം ചാണ്ടി മേനാച്ചേരി. ഈ വർഷം ദേശീയ പുരസ്കാരം നേടിയ ‘ഫ്രം ദി ഷാഡോസും’, ബാഫ്ത ബ്രേക്ത്രൂ പുരസ്കാരം നേടിയ ‘ദി ലെപേഡ്സ് ട്രൈബും’ അടക്കം മിറിയത്തിന്റെ സിനിമകളെല്ലാം അന്തർദേശീയ, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

ബിസിനസ് കുടുംബത്തിൽ ജനിച്ച് സിനിമയുടെ വഴിയിലേക്കിറങ്ങിയ കഥ പറയുമ്പോൾ മിറിയത്തിനൊപ്പം നാടും കുട്ടിക്കാലവും കൂട്ടുകൂടും. ‘‘കാഞ്ഞിരപ്പള്ളിയാണു സ്വദേശമെങ്കിലും അച്ഛന്റെ തറവാട് ആലപ്പുഴയിലാണ്. വേനലവധിക്കു കുട്ടികളെല്ലാം ഒത്തുകൂടും. മീൻപിടുത്തമാണു മെയിൻ. കസിൻസിനിടയിലെ ഏക പെൺകുട്ടിയായിരുന്നു ഞാൻ.’’ മിറിയം സംസാരിച്ചു തുടങ്ങി.

ADVERTISEMENT

ആലപ്പുഴയിൽ നിന്നെങ്ങനെ ബെംഗളൂരുവിലെത്തി ?

അച്ഛൻ ചാണ്ടി മാത്യു ജനിച്ചതും വളർന്നതും ആലപ്പുഴയിലാണ്. ചെന്നൈ ഐഐടിയിലെയും അഹമ്മദാബാദ് ഐഐഎമ്മിലെയും പഠനശേഷം കുടുംബ ബിസിനസ് നോക്കിനടത്തുകയായിരുന്നു അച്ഛൻ. ഡ്യൂറോഫ്ലക്സ് മെത്തകളുടെയും യുണിസൺ ടെക്നോളജീസിന്റെയും തലപ്പത്ത് അച്ഛനായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നു സ്വർണമെഡലോടെ ലിറ്ററേച്ചർ പാസ്സായ അ മ്മ ആനി ചാണ്ടി 20 വർഷം ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ അധ്യാപികയായിരുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠനവിഭാഗം അവിടെ സ്ഥാപിച്ചത് അമ്മയാണ്.

ADVERTISEMENT

ബെംഗളൂരുവിലെ സോഫിയ ഹൈസ്കൂളിലാണു ഞാ ന്‍ പഠിച്ചത്. മൗണ്ട് കാർമൽ കോളജിൽ പ്രീ യുണിവേഴ്സിറ്റി. ചെന്നൈ സ്റ്റെല്ല മാരീസിൽ ബോട്ടണി ബിരുദത്തിനു ശേഷം തിരിച്ചറിഞ്ഞു, ഇതല്ല എന്റെ വഴിയെന്ന്.

ബിസിനസ് വിട്ടു സിനിമയിലെത്തിയത് എങ്ങനെ ?

ADVERTISEMENT

ബെംഗളൂരുവിലെ വീട്ടിൽ വച്ചു ചെമ്മീൻ സിനിമയുടെ ഓ ഡിയോ ട്രാക്ക് കേട്ടത് ഇപ്പോഴും നല്ല ഓർമയുണ്ട്. ലോകസിനിമകളുടെ കസറ്റുകൾ വരെ വിസിആറിൽ കാണുമായിരുന്നു. ദൂരദർശനിൽ ഞായറാഴ്ചകളിൽ വരുന്ന മലയാളം സിനിമകളാണ് പിന്നെയുള്ളത്. ആ കാലത്തു ‘പിറവി’ സിനിമ ടിവിയിൽ കണ്ടു. നിയോ റിയലിസവും ഹ്യൂമനിസ്റ്റ് രീതികളും മനസ്സിൽ പതിഞ്ഞെങ്കിലും സിനിമയോടുള്ള എന്റെ ഇഷ്ടം വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി.

ബിരുദം കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളയെടുത്തു. മാധ്യം കമ്യുണിക്കേഷൻസിന്റെ വോയ്സസ് എന്ന ജേണലിൽ ആ കാലത്തു ജോലി ചെയ്തു. ഒപ്പം പിജി എൻട്രൻസിനും തയാറെടുത്തു. ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസത്തിൽ പിജിക്കു ചേർന്ന് ഒരു മാസം കഴിഞ്ഞാണു ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിഷൻ അറിയിപ്പു കിട്ടിയത്. പക്ഷേ, ഫിലിം ആൻഡ് ടെലിവിഷൻ പിജിക്കായി ഡൽഹിയിലേക്കു പോകുന്നതിനെ വീട്ടുകാർ എതിർത്തു.

വീട്ടുകാരെ ധിക്കരിച്ചു തന്നെയാണ് ട്രെയിൻ കയറിയത്. മദ്രാസി ഗേൾ എന്നു വിളിക്കപ്പെട്ട ആ കാലമാണു പേടി യും ഭയവും മറികടന്നു ജീവിക്കാൻ പഠിപ്പിച്ചത്. ഞാൻ സിനിമ തിരഞ്ഞെടുത്തെങ്കിലും കുടുംബ ബിസിനസിൽ സഹോദരൻ മാത്യു ചാണ്ടി സജീവമാണ്. നാഷനൽ ലോ സ്കൂളിൽ നിന്നു ബിരുദം നേടി ലണ്ടനിൽ ജോലി ചെയ്തിരുന്ന മാത്യു അച്ഛന്റെ മരണശേഷം ബിസിനസ് ഏറ്റെടുത്തു.

മാധ്യമപ്രവർത്തനത്തിലെ ഓർമകൾ പറയൂ ?

ബെംഗളൂരുവിൽ ജേണലിസ്റ്റായാണു കരിയർ തുടങ്ങിയത്. കന്നട സൂപ്പർ താരം രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സംഭവം ഓർമയില്ലേ. മോചിതനായി രാജ്കുമാർ വരുന്ന വാർത്ത റിപ്പോർട്ട് ചെയ്തതു ഞാനാണ്.

അങ്ങകലെ ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടതും തടിച്ചുകൂടി നിന്ന പതിനായിരക്കണക്കിന് ആരാധകർ തള്ളിക്കയറി. എന്നെ ആളുകൾ തള്ളിമറിക്കുന്നതു കണ്ട രാജ്കുമാറിന്റെ മകൻ ശിവരാജ് കുമാർ ഫോൺ നമ്പർ നൽകി. അ ദ്ദേഹം വീട്ടിലെത്തും മുൻപു തന്നെ എക്സ്ക്ലൂസിവ് ഇന്റർവ്യൂ തയാറാക്കിയത് ത്രില്ലടിച്ചാണ്. അതേ ത്രില്ലോടെ സിനി മയുടെ വഴിയിലേക്കുമിറങ്ങി.

സിനിമയ്ക്കു വേണ്ടിയാണോ മുംബൈയിലേക്കു മാറിയത് ?

കെമിക്കൽ എൻജിനിയറായ പോളുമായുള്ള വിവാഹത്തിനു ശേഷമാണു മുംബൈയിലെത്തിയത്. മനീഷ് ഝായുടെ സഹസംവിധായികയായാണു സിനിമയിലെ അരങ്ങേറ്റം. പെൺ ഭ്രൂണഹത്യ വാർത്തയിൽ നിറഞ്ഞ സമയം. പെണ്ണു കിട്ടാതെ കാത്തിരിക്കുന്ന അഞ്ചു സഹോദരങ്ങളുടെ കഥ പറഞ്ഞ ‘മാതൃഭൂമീ’ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ക്രിട്ടിക്സ് അവാർഡു നേടി. സിനിമയുടെ ക്ലൈമാക്സ് കലാപമാണ്. ആ സീനുകളിൽ, പരിമിതമായ സുരക്ഷാ സംവിധാനങ്ങളോടെ ഫൈറ്റ് ചെയ്യുന്ന സ്റ്റണ്ട് കലാകാരന്മാരാണു ഡോക്യുമെന്ററി ചെയ്യാനുള്ള പ്രചോദനം.

നാഷനൽ ജ്യോഗ്രഫിക്കിനു വേണ്ടി ചെയ്ത ‘സ്റ്റണ്ട്മെൻ ഓഫ് ബോളിവുഡ്’ കാർ സ്റ്റണ്ട് സ്പെഷലിസ്റ്റായ ഹബീബ് ഹാജിയിലൂടെയാണു കഥ പറഞ്ഞത്. അനിൽ കപൂറിനു വേണ്ടി ഡ്യൂപ്പായി അഭിനയിക്കുന്നതിനിടെ അപകടത്തിൽ പെട്ടാണു ഹബീബിന് സ്റ്റണ്ട് മാനായിരുന്ന അച്ഛനെ നഷ്ടപ്പെട്ടത്.

ഡോക്യുമെന്ററി റിലീസ് ചെയ്ത പിറകേ ഹബീബിന്റെ ഫോൺ, ‘ധൂം ടുവിന്റെ ഷൂട്ടിങ്ങിനായി സൗത്ത് ആഫ്രിക്കയിൽ ചെന്ന ഹബീബിന്റെ ഓട്ടോഗ്രാഫ് ചോദിച്ചു കുറച്ചു കുട്ടികൾ ചെന്നത്രേ.’ അതോടെ ഡോക്യുമെന്ററികളുടെയും റിയൽ സ്റ്റോറികളുടെയും കരുത്തു തിരിച്ചറിഞ്ഞു.

miriam-4
ഭർത്താവ് പോൾ, മകൻ ജോഷ്വ എന്നിവർക്കൊപ്പം മിറിയം

നിർമാണ കമ്പനി എന്ന ആശയം വന്നതെങ്ങനെ ?

മോൻ ജോഷ്വയെ ഗർഭിണിയായിരിക്കുന്ന സമയം. ട്രെയിനും ബസും ഓട്ടോയുമൊക്കെ മാറിക്കയറി ഏതാണ്ടു രണ്ടു മണിക്കൂറോളമെടുത്താണു യുടിവി ഓഫിസിലേക്കു ഞാനെത്തുക. വീടിനടുത്തു ജോലി എന്ന ആഗ്രഹമാണു ഫിലമെന്റ് പിക്ചേഴ്സിന്റെ പിറവിക്കു കാരണം. ഭർത്താവ് പോൾ കമ്പനിയുടെ സഹഉടമയാണ്.

മോൻ ജനിച്ച ദിവസമാണു നാഷനൽ ജ്യോഗ്രഫിക്കി ൽ നിന്ന് അറിയിപ്പു കിട്ടിയത്, അടുത്ത ഡോക്യുമെന്ററി പ്രപ്പോസലും അവർ അംഗീകരിച്ചിട്ടുണ്ട്. ഇടയ്ക്കു ഞാൻ പറയും, മോനേ നീയാണ് എന്റെ ലക്കി ചാം.

സംവിധായിക എങ്ങനെ ക്രൂവിനെ മാനേജ് ചെയ്യുന്നു ?

ഒരു സംഭവം പറയാം. മിഡിൽ ഈസ്റ്റിലെ രാജാക്കന്മാരുടെ പ്രധാന വിനോദങ്ങളിലൊന്നാണ് ഒട്ടകങ്ങളുടെ മത്സരഓട്ടം. ഇതിൽ കുട്ടികളെ ജോക്കിയായി ഉപയോഗിക്കുന്നതു സംബന്ധിച്ച് എതിർപ്പുകൾ ഉയർന്നതോടെ ഖത്തർ ഗവൺമെന്റ് ഈ രീതി അവസാനിപ്പിച്ച് ഉത്തരവിറക്കി. കുട്ടികളുടെ രൂപത്തിലും വലുപ്പത്തിലുമുള്ള റോബട്ടിനെ ഉണ്ടാക്കാനായി സ്വിറ്റ്സർലൻഡിൽ നിന്നു ടീമെത്തി. അതു ഡോക്യുമെന്ററിയാക്കി. അൽ ഷാനിയയിലെ ടീമിൽ ഏക സ്ത്രീ ഞാനാണ്. തിരികെ വന്നപ്പോൾ എല്ലാവരും ചോദിച്ചത് ഇതേ ചോദ്യം, ‘ഇത്രയും ആണുങ്ങളുള്ള സംഘത്തെ എങ്ങനെ മാനേജ് ചെയ്തു ?’

സിനിമയോടുള്ള പാഷനാണ് അതിന് ഉത്തരം നൽകിയത്. എന്റെ ആദ്യ സിനിമയുടെ ക്യാമറ ചെയ്തതു പോളാണ്. രണ്ടുപേരുടെയും കാഴ്ചപ്പാടു രണ്ടാണെന്നു തിരിച്ചറിഞ്ഞതോടെ സിനിമയിൽ ഞങ്ങൾ കൂട്ടുപിരിഞ്ഞു. അത്തരം തീരുമാനങ്ങൾ പ്രധാനമാണ്. വിഷയത്തോടും അവതരിപ്പിക്കുന്ന രീതിയോടും എംപതി വേണം, ടീമിനോടു വേണ്ട.

ആ പാഷനാണ് അവാർഡുകളും നേടിയത് ?

ഫിലമെന്റ് പിക്ചേഴ്സിന്റെ ആദ്യ പ്രോജക്ടാണു ‘റാറ്റ് റേസ്’. നഗരം ഉറങ്ങിക്കഴിയുമ്പോൾ ജോലിക്കിറങ്ങുന്ന എലി പിടുത്തക്കാരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണത്. ഭർത്താവും മകനും ഉറങ്ങിക്കഴിഞ്ഞു വീട്ടിൽ നിന്നിറങ്ങുന്ന ഞാൻ ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും മോനെ സ്കൂളിൽ വിടാനുള്ള സമയമാകും. ആ കഷ്ടപ്പാടിനു ഫലം കിട്ടിയത് കാൻ ഫിലിം ഫെസ്റ്റിവലിലെ മിപ്ഡോക് കോ പ്രൊഡക്‌ഷൻ പുരസ്കാരം ലഭിച്ചപ്പോഴാണ്.

miriam-2

ആ ഡോക്യുമെന്ററിയിലെ നായകനു ബോളിവുഡ് ഡാ ൻസറാകണമെന്നായിരുന്നു മോഹം. ജോലി കഴിഞ്ഞു പുല ർച്ചെ എലികളുടെ ശവമെണ്ണി തിട്ടപ്പെടുത്തിയിട്ട് അവൻ പ റയും, ‘ബോളിവുഡ് ഇല്ലെങ്കിലെന്താ, ജെയിംസ് ബോണ്ടാണല്ലോ ഞാൻ. കൊല്ലാൻ ലൈസൻസുള്ള നായകൻ.’

നിർഭയ സംഭവത്തിനു പിന്നാലെ ഓരോ എട്ടു മിനിറ്റിലും ഒരു പെൺകുട്ടിയെ കാണാതാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ‘ഫ്രം ദി ഷാഡോസ്’ ചെയ്തത്. കുട്ടികളെ ലൈംഗിക കച്ചവടത്തിനും മറ്റും ഉപയോഗിക്കുന്ന മാഫിയയെ വെളിച്ചത്തു കൊണ്ടുവരുന്ന ആ ഡോക്യുമെന്ററിയുടെ റിസർച്ചും ഷൂട്ടിങ്ങുമൊക്കെ ആറു വർഷം നീണ്ടു. ആ സിനിമ അമേരിക്കയിൽ നിന്നുള്ള ഗ്ലോബൽ ഇംപാക്ട് ഗ്രാൻഡ് നേടിയിരുന്നു. ഇന്ത്യയുടെ ദേശീയ പുരസ്കാരത്തിൽ മികച്ച നോൺ ഫീച്ചർ സിനിമാ സംവിധായികയ്ക്കുള്ള അവാർഡാണു ലഭിച്ചത്.

miriam-2

ബാഫ്ത പുരസ്കാരനേട്ടം അത്ര ചെറുതല്ല?

മുംബൈയിലെ അപാർട്ട്മെന്റ് പരിസരത്തു കെണിയിൽ കുടുങ്ങിയ പുലിയെ കണ്ടപ്പോൾ, പുലിയാണോ അതോ പുലിയുടെ ഇടത്തേക്കു മനുഷ്യനാണോ അതിക്രമിച്ചു കടന്നത് എന്നാണ് ആലോചിച്ചത്. മെട്രോയുടെ ഷെഡ്ഡുണ്ടാക്കാനായി മരങ്ങൾ മുറിച്ചതു വിവാദമായ സമയമാണ്. സമരക്കാർക്കൊപ്പം ഒരു ബോയർ ആദിവാസി കുടുംബത്തെ കണ്ടു. പുലിയെ ദൈവമായി ആരാധിക്കുന്നവരാണു ബോയർ ഗോത്രക്കാൻ. അവരുടെ വാഖോബ ദൈവമാണു പുലി.

കാടും മരങ്ങളും മുറിച്ചുമാറ്റി വികസനം കൊണ്ടുവരാൻ വെമ്പൽ കൊള്ളുന്നവരുടെ കണ്ണു തുറപ്പിക്കണമെന്നാണ് ദി ലെപേർഡ്സ് ട്രൈബ് എന്ന ഡോക്യുമെന്ററിയിലൂടെ ആഗ്രഹിച്ചത്. ആ സിനിമയാണു ബാഫ്ത (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടിവി ആർട്സ്) ബ്രേക്ത്രൂ ടാലന്റ് ഫ്രം ഇന്ത്യ പുരസ്കാരം നേടിയത്.

രൂപാ ദയാബ്ജി

ADVERTISEMENT