ADVERTISEMENT

ഔദ്യോഗിക സേവനകാലത്ത് വനിതാ ജീവനക്കാർക്ക് 2 തവണ പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നൽകാമെന്നും എത്രാമത്തെ പ്രസവമാണെന്നത് പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ജീവനക്കാരി ജോലിയിൽ പ്രവേശിക്കുംമുൻപ് ഗർഭം ധരിച്ചതിന്റെ കണക്കുകൂടി ഉൾപ്പെടുത്തി ആനുകൂല്യം നിഷേധിക്കാനാകില്ലെന്നും ജസ്റ്റിസ് ആർ.വിജയകുമാർ പറഞ്ഞു. പ്രസവാവധി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മധുര രാജാജി ആശുപത്രി ജീവനക്കാരി കോകില നൽകിയ ഹർജിയിലാണ് ഉത്തരവ്.2008ൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സായി നിയമിതയായ കോകിലയെ 2018ലാണു സ്ഥിരപ്പെടുത്തിയത്.

അതിനിടെ 2 തവണ പ്രസവിച്ച അവർ, കരാർ ജീവനക്കാരിയായിരുന്നതിനാൽ പ്രസവ ആനുകൂല്യങ്ങൾ ഉപയോഗിച്ചിരുന്നില്ല. 2020ൽ രണ്ടാം വിവാഹശേഷം വീണ്ടും ഗർഭിണിയായപ്പോൾ മൂന്നാമത്തെ പ്രസവമാണെന്ന പേരിൽ അധികൃതർ ആനുകൂല്യങ്ങൾ നിഷേധിക്കുകയായിരുന്നു. എന്നാൽ, ആദ്യമായാണ് താൻ അപേക്ഷ നൽകുന്നതെന്നും അതിനാൽ ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്നും വിഷയം സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കോകില വാദിച്ചു.അതോടെ, ഹർജിക്കാരിക്കു 12 ആഴ്ചയ്ക്കുള്ളിൽ അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന് ഉത്തരവിട്ട കോടതി, യുവതിയെ അനാവശ്യമായി മെഡിക്കൽ ബോർഡിനു മുന്നിലെത്തിച്ച അധികൃതരെ വിമർശിക്കുകയും ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT