ADVERTISEMENT

അൻപത് വർഷങ്ങൾക്കു മുൻപ്, 15 വയസ്സുള്ള ഒരു പാവാടക്കാരി, സ്വന്തം വീടും നാടുമെല്ലാം ഉപേക്ഷിച്ച്, അവൾക്കിഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചു. പ്രിയതമന് അന്ന് വയസ്സ് 24. ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളുമെല്ലാം ഒരേ മനസ്സോടെ പങ്കുവച്ച് ഇരുവരും ഒപ്പം നിന്നു. വർഷങ്ങൾ അങ്ങനെ കടന്നു പോയി. പക്ഷേ, ആ പ്രണയകഥയുടെ പേരിൽ അ ല്ല ഇന്നു പുനലൂരിലെ തുളസീധരനും രത്നമ്മയും അറിയപ്പെടുന്നത്. ആറര ലക്ഷം ഫോളോവേഴ്സ് ഉള്ള അച്ചാമാസ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലെ വൈറൽ നായികാനായകന്മാരാണ് അവർ. പാട്ടും ഡാൻസുമൊക്കെയായി അ വർ അവതരിപ്പിക്കുന്ന റീലുകളൊക്കെയും ഹിറ്റോടു ഹിറ്റ്. അണിയറയിൽ പ്രവർത്തിക്കുന്നതു മകൻ രാജീവിന്റെ മ ക്കളായ അമലും അഖിലും.

അമൽ രാജ് ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്ന് അനിമേഷനിൽ ബിരു ദം നേടി. അഖിൽ രാജ് ഇതേ കോളജിൽ മൾട്ടിമീഡിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി. ക്യാമറയ്ക്കു പിന്നിലും മുന്നിലും ഈ കൊച്ചുമക്കളുണ്ട്.

ADVERTISEMENT

പുനലൂർ കലയനാട്ടെ വീട്ടിലിരുന്നു തുളസീധരനും രത്നമ്മയും സംസാരിച്ചു തുടങ്ങിയപ്പോൾ റീൽസ് അൽപം പിന്നോട്ടോടി. അപ്പോൾ വാക്കുകളുടെ വെള്ളിത്തിരയിൽ ഇന്നും പുതുമയോടെ നീങ്ങുന്നൊരു പ്രണയകഥയുടെ ആദ്യരംഗം തെളിഞ്ഞു.

‘‘അണ്ണൻ എന്റെ വീടിനടുത്തു തടിപ്പണിക്കു വന്നതാണ്. ഞങ്ങൾക്കു വീടിനോടു ചേർന്നൊരു ചായക്കടയുണ്ടായിരുന്നു. അണ്ണനും കൂട്ടുകാരും അവിടെ ചായ കുടിക്കാൻ വരും. ആദ്യം കണ്ടപ്പോൾ തന്നെ ഒരിഷ്ടം തോന്നിയെങ്കിലും അന്നത്തെ കാലമല്ലേ, നേരെ മുഖത്തേക്കു നോക്കാൻപോലും പേടിയാണ്.

ADVERTISEMENT

പക്ഷേ, അണ്ണനു നല്ല ധൈര്യമായിരുന്നു. ചെറിയ നോട്ടങ്ങളും ചിരികളും കൈമാറി പ്രണയം മുന്നോട്ടു പോകുന്നതിനിടെ ആരോ പറഞ്ഞു സംഗതി അണ്ണന്റെ വീട്ടിലറിഞ്ഞു. പ്രശ്നമാകുമെന്നാണു കരുതിയത്. അണ്ണന്റെ അച്ഛൻ നേരിട്ടു പണിസ്ഥലത്തു വന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ, നേരെ ഞങ്ങളുടെ വീട്ടിലേക്കു വന്നു. വീട്ടുകാർ തമ്മിലുള്ള സംസാരത്തിനൊടുവിൽ ഞങ്ങളുടെ വിവാഹം നടത്താമെന്ന തീരുമാനവുമായി.’’

‘‘പക്ഷേ, ആ ഉറപ്പിൽ നിന്നു രത്നമ്മയുടെ കുടുംബം മെല്ലെ പിൻമാറി. ഉടനേ കല്യാണം നടത്താനുള്ള സാമ്പത്തിക പ്രശ്നങ്ങളായിരുന്നു കാരണം. ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങും മുൻപു രത്നമ്മയെ ചെന്നു കണ്ടു. ‘കൂടെ പോരുന്നോ’ എന്നു ചോദിച്ചു. അവൾ വീടു വിട്ടിറങ്ങി വന്നു.

ADVERTISEMENT

വീട്ടിലിട്ടിരുന്ന പാവാടയും ബ്ലൗസുമായിരുന്നു ഇവളുടെ കല്യാണവേഷം. കയ്യിലുണ്ടായിരുന്ന കാശിനു കൂട്ടുകാർക്കൊക്കെ ഭക്ഷണം വാങ്ങിക്കൊടുത്തു. അതായിരുന്നു കല്യാണസദ്യ.

വീട്ടിൽ ചെല്ലുമ്പോൾ അമ്മ എന്തു പറയും എന്ന പേടി ഉള്ളിലുണ്ടായിരുന്നു. കാരണം അപ്പോൾ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തി അമ്മയോടു കാര്യങ്ങൾ പറഞ്ഞു. ‘നീ എന്റെ പെൺമക്കളുടെ കൂടെ കൂടിക്കോ’ എന്നാണ് അമ്മ ഇവളോടു പറഞ്ഞത്. അങ്ങനെ ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം തുടങ്ങി.’’ നിറഞ്ഞ തൃപ്തിയോടെ തുളസീധരൻ പറഞ്ഞു.

achammas-2

‘‘എന്റെ വീട്ടിൽ ഞങ്ങൾ എട്ടു മക്കളാണ്. ഇവിടേയും അങ്ങനെതന്നെ. അതുകൊണ്ടാകാം പുതിയൊരു സ്ഥലത്ത് എത്തിയതിന്റെ പേടിയൊന്നും തോന്നിയില്ല. ഞാൻ അവരുടെ കൂടെ കളിച്ചും ചിരിച്ചും ഒക്കെ നടന്നു. സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു നീങ്ങി. മ കൻ രാജീവ് പിറന്നതോടെ അതു കൂടുതൽ മനോഹരമായ പോലെ തോന്നി.

സിനിമയെന്നു വച്ചാൽ അണ്ണനു ജീവനാണ്. ‘ അയലത്തെ സുന്ദരി’യാണ് ഞങ്ങളൊരുമിച്ചു കണ്ട ആദ്യസിനിമ. മോൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഞങ്ങളൊരുമിച്ചാണു സിനിമ കാണാൻ പോകുന്നത്. തിയറ്ററിൽ പോകുന്ന ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി സെക്കൻഡ് ഷോ കഴിഞ്ഞേ മടങ്ങൂ. എനിക്കു വായിക്കാൻ ധാരാളം വാരികകളും പുസ്തകങ്ങളും വാങ്ങിത്തരും.’’ രത്നമ്മയുടെ വാക്കുകളിൽ സന്തോഷം തിളങ്ങി.

അച്ചാമാസ് വന്ന വഴി

‘‘മകൻ രാജീവിനു പുറമേ മരുമകൾ ബിന്ദുവും കൊച്ചുമക്കളുമാണു ഞങ്ങളുടെ ലോകം. അവധിക്കാലം ആഘോഷമാക്കാൻ അമലും അഖിലും ചേർന്നു യുട്യൂബ് ചാനൽ തുടങ്ങി. പിന്നെ, ഇൻസ്റ്റാഗ്രാമിലായി ശ്രദ്ധ. എനിക്ക് അഭിനയമൊന്നും അറിഞ്ഞു കൂടാ. എങ്കിലും അവർക്കൊപ്പം കൂടി. അണ്ണൻ ഇടയ്ക്കിരുന്ന് ഒാരോ അഭിപ്രായം പറയും. അങ്ങനെ അണ്ണനെയും ഒപ്പം കൂട്ടി. ഡിസ്നി അനിമേഷൻ സിനിമ സൂട്ടോപ്പിയയിലെ നിക്കും ജൂഡിയുമായി ഞാനും അണ്ണനും അഭിനയിച്ച വിഡിയോ ചെയ്തു. കൊച്ചുമക്കളാണ് ആദ്യം പറയുന്നത്, ‘നിങ്ങൾ രണ്ടുപേരും വൈറൽ ആയി’എന്ന്. ആളുകൾക്കിഷ്ടമായി എന്നറിഞ്ഞപ്പോൾ കൂടുതൽ വിഡിയോസ് ചെയ്യാൻ ധൈര്യമായി.’’ രത്നമ്മയ്ക്കൊപ്പം വൈറൽ അച്ചാച്ചന്റെയും അച്ചമ്മയുടേയും കഥ പറയാൻ കൊച്ചുമകൻ അമലും ചേർന്നു. ‘‘ യൂത്ത് ചെയ്യുന്നത‌ു പ്രായമായവർ ചെയ്യുമ്പോൾ എങ്ങനെയുണ്ടാകും എന്ന ചിന്തയിലാണ് അച്ചാച്ചനേയും അച്ചമ്മയേയും വച്ച് റീലുകൾ ചെയ്തത്.’’ ട്രെൻഡിങ് റീലുകളിൽ തുളസീധരനും രത്നമ്മയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ‘കൺമണി അൻപോടു കാതലൻ’, ‘പിന്നാലെ നടന്നതിൽ പിണങ്ങല്ലേ നീ’ തുടങ്ങിയ റീലുകൾ കണ്ടതു ലക്ഷങ്ങൾ.

സ്ക്രിപ്റ്റ് നന്നായി പഠിച്ച ശേഷമാണു രണ്ടു പേരും ക്യാമറയ്ക്കു മുന്നിലെത്തുന്നത്. തയാറെടുപ്പുകളൊക്കെ കഴിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയാൽ ഇരുവരും കഥാപാത്രങ്ങളായി മാറും. നിമിഷ നേരം കൊണ്ട് തുളസീധരൻ നീരജ് മാധവും കമൽഹാസനും റാംചരണും ഒക്കെയാകും. റേബയും കാജൽ അഗർവാളുമൊക്കെയാകാൻ രത്നമ്മയ്ക്കും അധികം സമയം വേണ്ട.

ഇനി വിമാനത്തിൽ കയറണം

‘‘കല്യാണം കഴിഞ്ഞ കാലത്തൊന്നും അധികം യാത്രചെയ്തിട്ടില്ല. സാഹചര്യമില്ലായിരുന്നു എന്നു പറയുന്നതാണ് സത്യം. എന്നാലിപ്പോൾ ധാരാളം യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്. ഈയടുത്തു ഡൽഹിയിൽ പോയിരുന്നു. കുടുംബത്തോടൊപ്പം അവിടെയൊക്കെ പോകാൻ സാധിക്കുമെന്നു പ്രതീക്ഷിച്ചിട്ടില്ല.’’ തുളസീധരൻ പറഞ്ഞു.

achammas-3
achammas-3 തുളസീധരനും രത്നമ്മയും കുടുംബാംഗങ്ങൾക്കൊപ്പം

‘‘ഇനിയൊരു ആഗ്രഹമുണ്ട്. വിമാനത്തിൽ കയറണം. ഒന്നു രണ്ട് അവസരങ്ങൾ വന്നെങ്കിലും സാഹചര്യങ്ങൾ ഇണങ്ങിക്കിട്ടിയില്ല. ഉടൻ തന്നെ ആ ആഗ്രഹവും നടക്കും. ഇത്രയൊക്കെ ദൈവം അറിഞ്ഞു തന്നില്ലേ. അതുപോലെ എല്ലാം നടക്കും’’ രത്നമ്മയും തുളസീധരനും ചിരിക്കുന്നു.

വിശേഷങ്ങൾ കേട്ടിറങ്ങുമ്പോൾ വീട്ടിൽ നിന്ന് ശിവലിംഗ എന്ന ചിത്രത്തിലെ ‘റംഗ് റക്കര റക്കര റക്കര’ എന്ന ഗാനം ഉയർന്നു. തുളസീധരൻ വെള്ള പാന്റും ഷർട്ടുമിട്ട് സ്വർണ മാലയും മോതിരവുമണിഞ്ഞ് സ്‌റ്റൈലിൽ എത്തി. സെറ്റും മുണ്ടും ഉടുത്തു രത്നമ്മ കൂടി വന്നതോടെ പുതിയ റീലിന്റെ ആരവം തുടങ്ങി.

അഞ്ജലി അനിൽകുമാർ

ഫോട്ടോ: അരുൺ സോൾ

ADVERTISEMENT