ADVERTISEMENT

റാഗിങ് കൗമാരമനസ്സിലേൽപിച്ച മുറിവുമായി 29 വർഷം ഇരുളിൽക്കഴിഞ്ഞ സാവിത്രി ഇനി ഓർമകളിലെ നോവ്. റാഗിങ്ങിൽ ഉലഞ്ഞുപോയ മനസ്സുമായി സ്വയം തീർത്ത തടവറയിൽ കഴിഞ്ഞ, സ്വന്തം കണ്ണുപോലും ചൂഴ്ന്നെടുക്കാൻ ശ്രമിച്ച, വെങ്ങാട്ടെ മുണ്ടുവളപ്പിൽ സാവിത്രി (45) പനിയെത്തുടർന്നുള്ള അണുബാധ മൂലമാണു മരിച്ചത്. മ​ഞ്ചേശ്വരം സ്നേഹാലയ റീഹാബിലിറ്റേഷൻ സെന്റർ അന്തേവാസിയായിരുന്നു. സാവിത്രിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ കെ.പി.അമ്പു മരിച്ചിരുന്നു.

അമ്മ വട്ടിച്ചിയാണ് ഏറ്റവും ഇളയവളായ സാവിത്രി ഉൾപ്പെടെ 4 പെൺമക്കളെ വളർത്തിയത്. ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് ജയിച്ച സാവിത്രി 1996 ജൂലൈയിലാണ് കാഞ്ഞങ്ങാട് നെഹ്റു കോളജിൽ പ്രീഡിഗ്രിക്കു ചേർന്നത്. ആദ്യദിവസം മുതൽ സീനിയർ വിദ്യാർഥികളിൽനിന്നു റാഗിങ് നേരിട്ടു. മൂന്നാംദിനം മുതൽ മുറിയിൽനിന്നു പുറത്തിറങ്ങാതായി. നന്നായി പഠിച്ചിരുന്ന കുട്ടി വീട്ടിൽ അടച്ചിരിക്കുന്നതു നാട്ടിൽ സംസാരമായെങ്കിലും പരാതിക്കാരില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇതിനിടെ പല ആശുപത്രികളിൽ ചികിത്സ തേടി. പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. 2005 ൽ സ്വയം ചൂഴ്‌ന്നെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വലതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു.

ADVERTISEMENT

മാധ്യമവാർത്തകളെത്തുടർന്ന് 2010 ൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, സാവിത്രിക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നു കലക്ടർക്കും റാഗിങ് തടയാൻ കർശനനടപടിയെടുക്കണമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡിജിപി എന്നിവർക്കും നിർദേശം നൽകി. ചികിത്സ തിരുവനന്തപുരത്തായതിനാൽ മകളെ കാണാനാകുന്നില്ലെന്ന അമ്മയുടെ സങ്കടം മലയാള മനോരമ 2021ൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് മഞ്ചേശ്വരം സ്നേഹാലയയിലേക്കു മാറ്റിയത്. സഹോദരങ്ങൾ: ശാന്ത, തങ്കമണി (ഇരുവരും ദിനേശ് ബീഡി റിട്ട. തൊഴിലാളികൾ), സുകുമാരി (ദിനേശ് ബീഡി തൊഴിലാളി, വെങ്ങാട്)

ADVERTISEMENT
ADVERTISEMENT