ട്രെയിനിൽ നിന്നു വീണു മരിച്ച അതിഥിത്തൊഴിലാളിയുടെ ബാഗിൽ ഉണ്ടായിരുന്ന 3,000 രൂപയിൽ നിന്ന് 1,000 രൂപ മോഷ്ടിച്ച ആലുവ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എം. സലീമിനെ റൂറൽ എസ്പി വൈഭവ് സക്‌സേന സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ സൂക്ഷിച്ച ബാഗിൽ നിന്ന് 22നു പുലർച്ചെ 5നു രാത്രി ഡ്യൂട്ടിക്കിടെയാണ് എസ്ഐ പണം മോഷ്ടിച്ചത്.
മരിച്ച അതിഥിത്തൊഴിലാളിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ല. എങ്കിലും എസ്ഐക്ക് എതിരെ മോഷണക്കുറ്റം ചുമത്തി പൊലീസ് സ്വമേധയാ കേസെടുക്കുമെന്നാണ് സൂചന.19നു പുലർച്ചെ ട്രെയിനിൽ നിന്നു വീണു മരിച്ച അസം സ്വദേശി ജിതുൽ ഗൊഗോയിയുടെ (27) മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് പണം കവർന്നത്.
അന്ന് ഈ സംഭവത്തിന്റെ എഫ്ഐആർ റജിസ്റ്റർ ചെയ്തതു സലിം ആണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനെത്തിയ വീട്ടുകാരോടു ബാഗിൽ നിന്നു 3,000 രൂപ ലഭിച്ചതായി പോസ്റ്റ്മോർട്ടം നടപടികൾക്കു നേതൃത്വം നൽകിയ പൊലീസുകാർ പറഞ്ഞിരുന്നു. പക്ഷേ, അവർ ബാഗ് തുറന്നപ്പോൾ 2,000 രൂപയേ ഉണ്ടായിരുന്നുള്ളൂ.
പൊലീസുകാർ അപ്പോൾ തന്നെ 1,000 രൂപ കൂടി നൽകി വീട്ടുകാരെ യാത്രയാക്കി. പിന്നീടു സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തൊണ്ടി വസ്തുക്കൾ പരിശോധിച്ച് എസ്ഐ സലിം പണം എടുക്കുന്നതു കണ്ടത്. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നു സലീമിനെ ആലുവ ഈസ്റ്റ് സ്റ്റേഷനിൽ നിന്നു ട്രാഫിക് സ്റ്റേഷനിലേക്കു മാറ്റി. തൊട്ടു പിന്നാലെയാണ് സസ്പെൻഷൻ ഉണ്ടായത്.
കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ സലിം ഒരു വർഷം മുൻപാണ് ഞാറയ്ക്കൽ സ്റ്റേഷനിൽ നിന്നു പ്രമോഷൻ ട്രാൻസ്ഫർ ആയി ആലുവയിൽ എത്തിയത്. സലിം മുൻപും സാമ്പത്തിക കുറ്റങ്ങൾക്കു നടപടി നേരിട്ടിരുന്നു. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ 25,000 രൂപ വിലയുള്ള ക്യാമറ മോഷ്ടിച്ചതിനു പിടിക്കപ്പെട്ടെങ്കിലും ഉടൻ ഉടമയ്ക്കു തിരിച്ചു നൽകി പ്രശ്നം ഒത്തുതീർപ്പാക്കി. കലൂർ ട്രാഫിക് വാച്ച് ടവറിൽ ഒരാൾ സൂക്ഷിക്കാൻ ഏൽപിച്ചതായിരുന്നു ക്യാമറ. 2008 ലാണ് സംഭവം.