ADVERTISEMENT

രണ്ടുപേർ പ്രണയിക്കുമ്പോൾ

അവർ വീണ്ടും ജനിക്കുകയാണ്.

അതുവരെ സ്വന്തമല്ലാതിരുന്ന

ഒരുടൽ കൈവന്നതു പോലെ

ഒരുമിച്ചു ജീവിച്ചു തുടങ്ങുകയാണ്.

കാത്തിരിക്കാനൊരാളില്ലാതെ യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തിൽ. പക്ഷേ, അങ്ങനെയുള്ള ര ണ്ടുപേർ തമ്മിൽ കണ്ടുമുട്ടിയാലോ? ആ നിമിഷത്തിന്റെ പേരാണു പ്രണയം, പുനർജന്മം.

അങ്ങനെ ഒരുമിച്ചു നീങ്ങുന്ന രണ്ടുപേരുടെ ജീവിതകഥയാണിത്. കൃഷ്ണന്‍ അയിലൂർ വേണുഗോപാൽ എന്ന ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ഇരുവരും ഒരുമിച്ചപ്പോൾ ലോകം കീഴ്മേൽ മറിഞ്ഞ പ്രതീതിയായിരുന്നു. മുഖംനോക്കി പ്രായം ഗണിച്ചു കഥകൾ മെനയുന്ന ആന്റി സോഷ്യൽ അറ്റാക്കുകൾ.

ADVERTISEMENT

ഗുരുവായൂരപ്പന്റെ തിരുമുൻപിലായിരുന്നു വിവാഹം. ‘ഇതൊരു മുജ്ജന്മ ബന്ധമല്ലേ?’ഹിപ്നോ തെറപ്പി മുതൽ പൂർവകാല ജന്മങ്ങളുടെ ചുരുളുകൾ അഴിക്കുന്ന പാസ്റ്റ് ലൈഫ് റിഗ്രഷന്റെ പാഠങ്ങൾ വരെ സ്വായത്തമാക്കിയ ക്രിസിനോട് ആദ്യമേ ചോദിച്ചു.

‘മുജ്ജന്മ ബന്ധമല്ല, രണ്ടു പേരുടെയും ജീവിതത്തിലെ മുറിവുകള്‍ ചേർത്തുവച്ച ബന്ധമാണിത്.’ ശ്രീകണ്ഠേശ്വരത്തെ വീട്ടിലിരുന്നു ക്രിസും ദിവ്യയും ജീവിതം പറഞ്ഞു.

ADVERTISEMENT

വേദനകൾ കടന്ന

ക്രിസ്: ആ പഴയ നഴ്സറി കഥ ഓർമയില്ലേ? പരന്ന പാത്രത്തിൽ ഭക്ഷണം പകർന്നു വച്ചപ്പോൾ കഴിക്കാനാകാതെ വിഷമിച്ച കൊക്കും നീളൻ പാത്രത്തിൽ ചുണ്ടു കടത്താനാകാതെ ബുദ്ധിമുട്ടിയ കുറുക്കനും.

കടന്നു പോയ കാലം എനിക്കും ദിവ്യക്കും തന്നതും അങ്ങനെയൊരു ജീവിതമായിരുന്നു. ഇന്ന് അവളുടെ കുഞ്ഞുങ്ങൾ എന്നെ അപ്പാ എന്നു വിളിക്കുമ്പോൾ പലരും പറയാറുണ്ട്. നിങ്ങളുടെ പൊരുത്തം സൂപ്പറാണെന്ന്. അതിനേക്കാളേറെ ഞങ്ങളെ ചേർത്തുവച്ചതു കടന്ന മുറിവുകളുടെ പൊരുത്തമാണ്.

ADVERTISEMENT

ദിവ്യ: അതു ശരിയാട്ടോ... എന്റെ കൈകളിലെ പാടുകൾ കണ്ടോ? ജീവിതത്തിന്റെ ക്രോസ് റോഡ‍ിൽ റെഡ് സിഗ്‌നല്‍ തെളിഞ്ഞപ്പോള്‍ പലവട്ടം കിട്ടിയതാണ് ഈ മുറിപ്പാടുകൾ. വേദനകളെല്ലാം എന്നോടൊപ്പം മണ്ണടിയട്ടെ എന്നു ചിന്തിച്ചപ്പോൾ ബ്ലേഡുകൾ എന്റെ കൈ ഞരമ്പിനു മീതേ പലവട്ടം പാഞ്ഞു. ഉറങ്ങിക്കിടന്ന മകന്റെ മുഖംനോക്കി നിന്നു കഴുത്തിൽ തൂക്കുകയറിട്ടവളാണു ഞാൻ. ജീവിതത്തിലേക്കു തിരികെ വിളിച്ചതും കുഞ്ഞിന്റെ മുഖം തന്നെ.

ക്രിസ്: ഓർക്കുമ്പോൾ എല്ലാം ഒരു സിനിമാക്കഥ പോ ലെ തോന്നുന്നു. ജന്മനാട് എറണാകുളമാണ്. പക്ഷേ, കാലം എന്നെ തിരുവനന്തപുരംകാരനാക്കി.

ചാർട്ടേഡ് അക്കൗണ്ടന്റായ അച്ഛൻ എ.കെ. വേണുഗോപാലന് ശ്രീകണ്ഠേശ്വരന്റെ തിരുമുറ്റത്തു നിന്ന് എങ്ങോട്ടും മാറാൻ വയ്യ. അങ്ങനെ ഞങ്ങളുടെ ജീവിതത്താവളമായി മാറി ശ്രീകണ്ഠേശ്വരന്റെ മണ്ണ്. വോയ്സ് ആർട്ടിസ്റ്റായി ഓടി നടക്കുന്ന കാലത്താണ് എനിക്ക് ഈ ദിവ്യനിധിയെ കിട്ടുന്നത്.

ദിവ്യ: കണ്ണൂരുള്ള ഞാനും തിരുവനന്തപുരത്തുള്ള ചേട്ടനും കണ്ടുമുട്ടുന്നത് സീരിയൽ സെറ്റിലാണ്. പത്തരമാറ്റ് സീരിയലിൽ മൂന്നു ദിവസത്തെ ഷൂട്ടിനു മറ്റൊരാ ൾക്കു പകരക്കാരിയായി വന്നതാണു ഞാൻ. പക്ഷേ, ജീവിതം മാറാൻ ആ മൂന്നുദിവസം മതിയായിരുന്നു.

ക്രിസ്: പ്രണയത്തെക്കുറിച്ചു പറയും മുൻപ് അതിനു മുൻപുള്ള എന്റെ ജീവിതം പറയാം. ‘കല്യാണത്തിൽ അവസാനിച്ച പ്രണയം, ഡിവോഴ്സിൽ അവസാനിച്ച വിവാഹം, പിന്നെ പ്രിയപ്പെട്ടവരുടെ മരണം.’ അതെല്ലാം വല്ലാത്തൊരു മ രവിപ്പാണ് ആ നാളുകളിൽ ഉടനീളം തന്നു കൊണ്ടിരുന്നത്. മരണം വഴിമാറിപ്പോയ എത്രയോ അവസരങ്ങൾ. ഇത്രയൊക്കെ ആയിട്ടും ജീവിതം എന്നോടു കരുണ കാട്ടിയില്ല. സുഹൃത്തായും വഴികാട്ടിയായും കൂടെനിന്ന ഒരു കൂട്ടുകാരിയുടെ മരണം വല്ലാതെ വേദനിപ്പിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു അവളെ കൊണ്ടുപോയത്.

എന്റെ അമ്മാവനെ നിങ്ങളറിയും. നടിയും നർത്തകിയുമായ താര കല്യാണിന്റെ ഭർത്താവ് രാജ. അദ്ദേഹത്തിന്റെ മരണവും വല്ലാതെ തകർത്തു കളഞ്ഞു. ജീവിതം നിലയില്ലാക്കയത്തിലേക്കു വീണുപോയപ്പോൾ ഭക്ഷണം വാങ്ങിത്തന്ന എന്റെ ഗുരു ഷാജിച്ചായന്റെ മരണം. വിവാഹമോചനത്തിനു ശേഷവും വേദനിപ്പിക്കുന്ന കാര്യത്തിൽ വിധി എന്നോടു പിശുക്കു കാട്ടിയിട്ടില്ല.

ദിവ്യ: എന്റെ ജീവിതവും ഏതാണ്ട് ഇതുപോലെ തന്നെ. ഫ്ലാഷ് ബാക്കിൽ ‘കളറില്ല, ഇരുട്ട് മാത്രം.’ വിവാഹം കഴിച്ച വ്യക്തി രണ്ടാം കെട്ടുകാരനാണെന്ന ചതി വൈകിയാണറിഞ്ഞത്. മദ്യപിച്ച് ആൾക്കാരുടെ മർദനമേറ്റു ചോരയില്‍ കുളിച്ചു കയറിവന്ന മനുഷ്യൻ. എല്ലാം നേരെയാകുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, വെറുതെയായി.

വീട്ടുകാരുടെ സഹകരണമില്ലാതെ നടന്ന ‘വിപ്ലവ ക ല്യാണം’ ആയതുകൊണ്ടു തന്നെ തുടർജീവിതവും അനന്തര ഫലങ്ങളും എന്റെ മാത്രം ഉത്തരവാദിത്തമായി. രാപകൽ വിശ്രമമില്ലാതെ അധ്വാനിച്ചു. ഹിറ്റായി മാറിയ ആൽബം ‘ഖൽബാണ് ഫാത്തിമ’യിലെ ‘ആശകളില്ലാത്ത എൻ ജീവ യാത്രയിൽ’ എന്ന പാട്ടിലെ നായികയായതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ, സിനിമകൾ കിട്ടിത്തുടങ്ങി.

ബസ് കണ്ടക്ടർ, പച്ചക്കുതിര തുടങ്ങിയ എത്രയോ സിനിമകൾ. അഭിനയം ഇല്ലാത്ത ഇടനേരങ്ങളിൽ മേക്കപ് ആർ‌ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, എന്നെ സ്വസ്ഥമായി വിടില്ലെന്ന് ഉറപ്പിച്ച ആ വ്യക്തി പറ്റാവുന്നിടത്തോളം ദ്രോഹിച്ചു. ജീവിതം വീണ്ടും വീണ്ടും നരകമായി. മകളെ ഗർഭം ധരിച്ചപ്പോൾ, കുഞ്ഞിന്റെ മുഖം ആരെ പോലെയിരിക്കും എന്നു നോക്കട്ടേ, എന്നിട്ട് ഉറപ്പിക്കാം എന്നു പറഞ്ഞ ആ മനുഷ്യന്റെ അധിക്ഷേപം ഇന്നും ചങ്കു തുളയ്ക്കുന്ന മുറിവാണ്. ശരിക്കും പറഞ്ഞാൽ 18 വയസ്സു മുത ൽ 32 വരെയുള്ള കാലം സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയൊക്കെ ആയിട്ടും മരിക്കാതെ എന്നെ ഈ മണ്ണിൽ വേരുറപ്പിച്ചു നിർത്തിയത് എന്റെ കുഞ്ഞുങ്ങളാണ്.

അനിയത്തിക്കുട്ടി ചേർത്ത

ക്രിസ്: അഭിനേതാവ്, അഭിഭാഷകൻ, ആർജെ, പ്രഭാഷകൻ തുടങ്ങി കെട്ടിയാടാൻ റോളുകൾ പലതും തന്നു ജീവിതം. പത്തരമാറ്റ് സീരിയലിൽ മുത്തശ്ശന്റെ റോൾ ചെയ്യേണ്ടിയിരുന്ന വ്യക്തിയുടെ മരണം പൊടുന്നനെയായിരുന്നു. അദ്ദേഹത്തിന്റെ പകരക്കാരനായാണ് എത്തിയത്. വരുന്നു, ജോ ലി ചെയ്യുന്നു, പോകുന്നു എന്ന യാന്ത്രികമായ ജീവിതത്തിനപ്പുറം മറ്റൊരു ദിനചര്യയും എനിക്കില്ല. കാത്തിരിക്കാനും സ്നേഹിക്കാനും ആളുണ്ടാകുമ്പോഴല്ലേ നമ്മുടെ ജീവിതം ജീവിതമാകുന്നത്?

ആ ജീവിതത്തിലേക്കാണ് കൈ വേദനയുമായി ഒരു പേഷ്യന്റ് എത്തുന്നത്. ആ പേഷ്യന്റിനെ എന്റെ മുന്നില്‍ കൊണ്ടെത്തിച്ചതാകട്ടെ എന്റെ കസിനും. എന്നെ സ്നേഹിക്കാനും ശാസിക്കാനും വഴക്കു പറയാനും അധികാരമുള്ള ഞങ്ങളുടെ അനിയത്തിക്കുട്ടി സൗമ്യ.

ദിവ്യ: ശരിക്കും ഏട്ടന്റെ മുന്നിൽ എന്നെ എത്തിച്ച ആ വേദനയോടു ഞാനിന്നു നന്ദി പറയുന്നു. അതുപോലെ സൗമ്യ ചേച്ചിയോടും. പൊള്ളാച്ചിയിലെ സ്വകാര്യ സ്കൂളിലെ അക്കാദമിക് ഹെഡ് ആണ് ചേച്ചി. ചേട്ടന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഇടയ്ക്കൊക്കെ ചേച്ചി ലൊക്കേഷനിൽ സർപ്രൈസ് വിസിറ്റ് നടത്തും. സിഗരറ്റ് വലിക്കുന്നുണ്ടോ എന്നു വരെ ചെക് ചെയ്യും. താടിയിൽ പിടിച്ചു കൊണ്ടാണ് പലപ്പോഴും സംസാരം. പക്ഷേ, ഈ മനുഷ്യൻ എന്തിനാണ് ഇത്രയും താടി വളർത്തുന്നതെന്ന സംശയം തോന്നിയെങ്കിലും നേരിട്ടു ചോദിക്കാൻ അന്നു തോന്നിയില്ല.

ക്രിസ്: സൗമ്യയാണ് എന്റെ ജീവിതത്തിന്റെയും താടിയുടെയും ഫ്ലാഷ്ബാക്ക് ദിവ്യക്കു പറഞ്ഞു കൊടുക്കുന്നത്. താടിക്കു പിന്നിൽ ജീവിതം മടുത്തതിന്റെ കഥയുണ്ടെന്ന് സൗമ്യ പറഞ്ഞു. ജീവിതകഥ കേട്ടപ്പോൾ സ്വന്തം ജീവിതവുമായി ദിവ്യയ്ക്കു സാമ്യം തോന്നിക്കാണും.

അഭിനയത്തിൽ നിന്നു കിട്ടുന്നതു മിച്ചം പിടിച്ചും വീടിന്റെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തുമാണ് ദിവ്യ ജീവിച്ചത്. പ്ലസ്ടുവിന് പഠിക്കുന്ന മകൾ മായാദേവിയും മൂന്നാം ക്ലാസുകാരൻ ദേവാനന്ദുമാണ് ദിവ്യയുടെ ലോകം.

ദിവ്യ: പിന്നീട് കണ്ടപ്പോൾ ഏട്ടൻ ചോദിക്കുവാണ്. ‘കുഞ്ഞേ... കൈ വേദന ഇപ്പോൾ എങ്ങനെയുണ്ട്?’ ശരിക്കും ഞെട്ടിപ്പോയി. അപ്പോൾ മാത്രമാണു വേദനയെ പറ്റി ഓർക്കുന്നത്. വേദനയെ പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ് എ നിക്കു ബുദ്ധിമുട്ടുണ്ടാകുന്നതും.

ശരിക്കും സൈക്കോളജി അരച്ചുകലക്കികുടിച്ച മനുഷ്യനോടു വർത്താനം പറഞ്ഞിരുന്നതിന്റെ ഗുണം. ഞാൻ പോലും അറിയാതെ എന്റെ വേദന, തലച്ചോറിൽ നിന്നേ മാഞ്ഞുപോയിരിക്കുന്നു. അപ്പോഴാണ് എന്റെ സങ്കടങ്ങളെ കുറിച്ചു കൂടി പറയണമെന്നു തോന്നിയത്. എല്ലാം അവസാനിപ്പിച്ചു മക്കളെ സുരക്ഷിതമായ ഒരിടത്താക്കി സമാധാനം കിട്ടുന്ന എങ്ങോട്ടെങ്കിലും തീർഥാടനത്തിന് പോകണമെന്നു മോഹമുണ്ടെന്നു ഞാൻ പറഞ്ഞു.

അങ്ങനെയെങ്കിൽ ഇതേ ദുഃഖങ്ങളുള്ള ഞാൻ ഡ്രൈവറായി വരാമെന്ന് ഏട്ടനും. പക്ഷേ, സൗമ്യ വിട്ടില്ല. ‘അതേയ്... യാത്ര പോകാൻ നിങ്ങൾക്കൊരു ജന്മം മുഴുവൻ ബാക്കിയുണ്ട്. പോരുന്നോ എന്റെ ഏട്ടന്റെ പെണ്ണായി’ എന്ന് സിനിമാസ്റ്റൈൽ ചോദ്യം. അങ്ങനെ അനിയത്തിക്കുട്ടിയുടെ പ്രപ്പോസലിലാണ് ഈ മനുഷ്യനെ ദൈവം എനിക്കു തന്നത്.

സൗഹൃദം പങ്കിടുന്ന

ദിവ്യ: സങ്കടങ്ങളുടെ പോയകാലത്തിനപ്പുറം ദൈവം എ നിക്കും കുഞ്ഞുങ്ങൾക്കും നൽകിയ സന്തോഷത്തിന്റെ ഒറ്റത്തുരുത്താണ് ഈ ജീവിതം. ആദ്യ വിവാഹത്തിൽ നിന്നും വേർപെട്ടതും അതിന്റെ പേരിൽ അനുഭവിച്ച വേദനകളും ആരും അറിഞ്ഞില്ല. അറിഞ്ഞിട്ടും അന്വേഷിക്കാൻ വന്നിട്ടില്ല എന്നതാണു സത്യം. എന്റെ കുഞ്ഞുങ്ങള്‍ക്ക് അച്ഛാ എന്നു വിളിക്കാൻ ഒരാൾ വേണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിട്ടുണ്ട്. ഭാര്യ മരിച്ചതോ മക്കൾ ഉപേക്ഷിച്ചതോ ആയ ഒരാൾ വേണമെന്നേ കരുതിയുള്ളൂ.

ക്രിസ്: അതിന്റെ പേരിൽ ഞങ്ങൾ എന്തൊക്കെ കേട്ടു. ‘60 വയസ്സിലെ കല്യാണം. ഇയാളൊക്കെ വിവാഹം കഴിച്ചിട്ട് എന്തു ചെയ്യാനാ. രണ്ടു ദിവസം കഴിയുമ്പോള്‍ ഈ ബന്ധവും തീരും എന്നു തുടങ്ങി എത്ര ആഭാസ വർത്തമാനങ്ങൾ. എന്റെ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ പറയുന്ന വിമർശനങ്ങളെ ഉൾക്കൊള്ളാം. കാരണം അവർക്കെന്നെ അറിയാം. പക്ഷേ, സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത കുറേപേര്‍ എന്റെ അച്ഛനാകാൻ ശ്രമിച്ചു. അവരുടെ വീട്ടുകാർ ഇതൊന്നും അറിയുന്നില്ലേ എന്നതാണ് എ ന്റെ സംശയം.

ദിവ്യ: ഏട്ടന് 49 വയസ്സാണ്. എനിക്ക് നാൽപതും. ഷൂട്ടിങ് സെറ്റുകളിൽ ‘കുഞ്ഞേ...’ എന്നുള്ള വിളി ഞാൻ കേൾക്കുന്നത് ഏട്ടനിൽ നിന്നാണ്. എല്ലാവരെയും അദ്ദേഹം അങ്ങനെയാണു വിളിക്കുന്നത്. കക്ഷിക്ക് അധികം പ്രായമില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി കേട്ടോ. പണ്ട് ആലിപ്പഴം, മേഘം സീരിയലുകളിൽ താടിയില്ലാതെ വന്ന ആറടി പൊക്കക്കാരനാണ് ഈ മുത്തശ്ശനെന്ന് അറിഞ്ഞപ്പോൾ ശരിക്കും കിളിപറന്നു. എജ്ജാതി ട്രാൻസ്ഫർമേഷൻ.

ക്രിസ്: എന്റെ അമ്മ ഭാഗ്യലക്ഷ്മിയുമായും ദിവ്യ കട്ട കമ്പനിയാണ്. ഷൂട്ടുമായി ബന്ധപ്പെട്ട് പലപ്പോഴും ഞാൻ യാത്രകളിലായിരിക്കും. ഇവർ രണ്ടുപേരും ഇവിടെ പരസ്പരം തഗ് കോമഡികളൊക്കെയായി ഹാപ്പിയായി പോകുന്നു.

ദിവ്യ: പരിഭവങ്ങളും പരാതിക്കെട്ടുകളും അഴിക്കുന്നൊരു ഭാര്യയല്ല ഞാൻ. എന്നെ അറിയുന്ന പങ്കാളിയാണ് ഏട്ടൻ. അതുകൊണ്ട് അടുത്തില്ലെങ്കിലും ആ സാന്നിധ്യം ‍ഞാൻ ഫീൽ ചെയ്തു കൊണ്ടേയിരിക്കും.

പത്തടി നടന്നാൽ പത്തു കഥകൾ പറയുന്ന ആളാണ് ഏട്ടൻ. കഴിഞ്ഞ ദിവസം വൈക്കം ക്ഷേത്രത്തില്‍ പോയപ്പോൾ അതു വഴിക്കുള്ള ക്ഷേത്രങ്ങളുടെയെല്ലാം തുടക്കം മുതലുള്ള കഥകൾ പറഞ്ഞുതന്നു.

ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടുപേരാണ് എന്റെ മക്കളായ മായാദേവിയും ദേവാനന്ദും. അവർ അപ്പായുമായി നല്ല കൂട്ടാണ്. നേരം വെളുക്കുമ്പോൾ ദേവ അപ്പയെ വിളിക്കും. ഷട്ടിൽ കോർക്കിലെ കോർക്കിന്റെ ഭാ ഗം എന്തുകൊണ്ട് ആദ്യം തറയിൽ മുട്ടുന്നു, ചന്ദ്രയാന്റെ വിക്ഷേപണം എന്നു തുടങ്ങി സകല ചോദ്യങ്ങളുമെത്തുന്ന ത് ഏട്ടന്റെ അടുത്താണ്.

എന്റെ ഏട്ടൻ സതീശനും ഹാപ്പിയാണ്. ഇടയ്ക്ക് വിളിക്കും. ‘താടിയളിയൻ വന്നില്ലേ’ എന്ന് സ്നേഹത്തോടെ ചോ ദിക്കും. എന്റെ അമ്മ തങ്കമണി ഏട്ടനെ ‘കണ്ണാ...’ എന്നു വിളിക്കുന്നതു കേൾക്കാനും ഒരു ചേലാണ്.

ക്രിസ്: വർഷങ്ങൾക്കു മുൻപ് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കണ്ണൂരിലെ പൈതൽമലയുടെ അടിവാരത്തു ഭൂമി വാങ്ങിയ ആളാണു ഞാൻ. അവിടുത്തെ സൂര്യോദയവും തണുപ്പും പിന്നെ വിരുന്നെത്തുന്ന മയിലും കുയിലുമൊക്കെ എനിക്കിഷ്ടമായിരുന്നു അത്രതന്നെ.

അന്നു പലരും എന്തിനു വേണ്ടി അതു വാങ്ങി എന്നു ചോദിക്കുമ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു. പക്ഷേ, ഇന്ന് അതിനൊരു ഉത്തരമുണ്ട്. കണ്ണൂരുള്ള ഈ പെണ്ണിനെ എനിക്കു തരാൻ ദൈവം കരുതി വച്ചിരുന്നു. അതുതന്നെ കാരണം. ഇനി അവിടൊരു വീടു വയ്ക്കണം. പിന്നെ പൈതൽ മലയുടെ തുഞ്ചത്ത് ഉദിച്ചുയരുന്ന സൂര്യോദയം ഞങ്ങൾക്കു കാണണം.

ADVERTISEMENT