അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയെയും മക്കളെയും മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിസ്മോൾ തോമസ് (ജെസി – 34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവരാണ് മരിച്ചത്.
മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതിയിലെ അഭിഭാഷകയുമാണ് ജിസ്മോൾ. മക്കളെയും കൂട്ടി ജിസ്മോൾ ആറ്റിൽച്ചാടി ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മരണകാരണം സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. സ്കൂട്ടറിൽ മക്കളോടൊപ്പം എത്തിയ ജിസ്മോൾ, സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട ശേഷം ആറുമാനൂർ പള്ളിക്കുന്നുകടവിൽനിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അധികം ആഴവും ഒഴുക്കുമുള്ള അപകടമേഖലയാണ് ഇവിടം.
50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുഞ്ഞുങ്ങളെ കരയിലേക്കെത്തിച്ചത്. ആറിന്റെ മറുകരയിൽ നിന്നു ജിസ്മോളെയും കണ്ടെത്തി. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ തന്നെ ജീവനൊടുക്കാൻ ജിസ്മോൾ ശ്രമം നടത്തിയതായി പൊലീസ് കരുതുന്നു.
ഞരമ്പു മുറിച്ചതുപോലെ കയ്യിൽ മുറിപ്പാടുണ്ട്. നടുവിനു മുകളിൽ പൊള്ളലേറ്റതിനു സമാനമായ പാടുകളുണ്ടെന്നും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. ജിസ്മോൾ വിഷം കഴിച്ചിരുന്നതായി സംശയമുണ്ടെന്നും പൊലീസ് പറയുന്നു. വീട്ടിലെ ഫാനിന്റെ ലീഫ് വളഞ്ഞാണ് ഇരിക്കുന്നത്. തൂങ്ങിമരിക്കാനും ശ്രമം നടത്തിയതായി സംശയമുണ്ട്.
മൂന്നുപേരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മുത്തോലി പടിഞ്ഞാറ്റിൻകര പൂവത്തുങ്കൽ തോമസിന്റെയും പരേതയായ ലിസി തോമസിന്റെയും മകളാണു ജിസ്മോൾ. തെള്ളകം കാരിത്താസ് ആശുപത്രിയിലെ ഇലക്ട്രിക്കൽ എൻജിനീയർ ജിമ്മി ജോസഫാണ് ഭർത്താവ്. ജിസ്മോളുടെ സഹോദരങ്ങൾ: ടിസ്മോൾ, ജിറ്റു (ഇരുവരും യുകെ).
അമ്മ മരിച്ചപ്പോൾ മത്സരരംഗത്തേക്ക്; ജയിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനവും
അമ്മയുടെ അപ്രതീക്ഷിത വിയോഗമാണു ജിസ്മോളെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി 2017ൽ ആണ്ടൂർ കവലയിലുണ്ടായ സ്കൂട്ടർ അപകടത്തിലാണു ജിസ്മോളുടെ അമ്മ ലിസി തോമസ് മരിച്ചത്. മുത്തോലി തെക്കുംമുറി വാർഡ് അംഗമായിരുന്നു ലിസി.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജിസ്മോൾ വിജയിച്ചു. 2018 ൽ പഞ്ചായത്തംഗമായി. 2019– 20 കാലത്ത് പ്രസിഡന്റുമായി. ഈ കാലത്താണ് വിവാഹം നടന്നത്. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച ജിസ്മോൾ പാലായിലും ഹൈക്കോടതിയിലും പ്രാക്ടിസ് ചെയ്തിരുന്നു. പിതാവ് തോമസ് മാർച്ച് 29നു യുകെയിലേക്കു പോയിരുന്നു. സഹോദരങ്ങൾ രണ്ടുപേരും യുകെയിലാണ്.