കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും അരുംകൊലയ്ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയെന്ന് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കിയതിനെ തുടര്‍ന്നുളള വൈരാഗ്യമാകാം കൊലപാകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചത് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമയും ഭാര്യയുമായ വിജയകുമാര്‍,മീര എന്നിവരാണ്. കോട്ടയം നഗരത്തെയാകെ നടുക്കിയാണ് തിരുവാതുക്കലില്‍ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവാര്‍ത്ത പുറത്തുവന്നത്. ആയുധമുപയോഗിച്ചുള്ള ആഴത്തിലുള്ള മുറിവ് ഇരുവരുടെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തലയും മുഖവും വികൃതമാക്കിയ നിലയിലായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. അമ്മിക്കല്ല് ഉപയോഗിച്ച് വാതില്‍ തകര്‍ത്ത പ്രതി അകത്തുകടന്ന ശേഷം വിജയകുമാറിനെ കോടാലി ഉപയോഗിച്ച് തുടരെ തുടരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ശേഷം ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ മീരയെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സംഭവസ്ഥലത്ത് നിന്നും നിന്നും കോടാലി കണ്ടെത്തിയിട്ടുണ്ട്. അമ്മിക്കല്ല് കൊണ്ടും ഇരുവരെയും ക്രൂരമായി ആക്രമിച്ചെന്നാണ് നിഗമനം. വീട്ടിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. അതേസമയം ദമ്പതികളുടെ കൊലപാതകത്തിന് പിന്നാലെ ഇരുവരുടെയും മകന്റെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.