ADVERTISEMENT

തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂര്‍ മാളയിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലർച്ചെ അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അൽപസമയത്തിനകം പ്രതിയെ കോട്ടയത്തെത്തിക്കും. ഇതിനുശേഷം ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

അമിത് ഉറാങ് (23) എന്നാണ് ജോലി തേടി കോട്ടയത്ത് വന്നതെന്ന് പൊലീസിനു പോലും വ്യക്തമല്ല. മൂന്നു വർഷമായി വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ഇയാൾ ജോലി ചെയ്തിരുന്നു ഇതിനിടെയാണു വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും. ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് വിലയിരുത്തുന്നു.

vijayakumar-meera-new
ADVERTISEMENT

അതേസമയം, അമിതിനെ ജാമ്യത്തിൽ ഇറക്കിയതിനു പിന്നിൽ ഒരു സംഘമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയവരിൽ സംശയിക്കേണ്ട ആളുകൾ ഉണ്ടോയെന്നും പൊലീസ് നിരീക്ഷിച്ചിരുന്നു. അക്രമിക്കു മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയത്തിലായിരുന്നു നിരീക്ഷണം.

ഇന്നലെ പുലർച്ചെ വരെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള ഒരു ലോഡ്ജിൽ അമിത് താമസിച്ചിരുന്നതായും പൊലീസിനു തെളിവുകൾ ലഭിച്ചു. 19ന് ആണു മുറിയെടുത്തത്. ഇന്നലെ രാത്രി നിന്ന് മുറിയിൽനിന്ന് പുറത്തു പോയിട്ടുണ്ട്. തുടർന്ന് കൊലപാതകങ്ങൾ നടത്തിയിട്ട് പുലർച്ചെ ലോഡ്ജിലെത്തി സ്ഥലം വിട്ടതാണെന്ന് കരുതുന്നു.

ADVERTISEMENT

വിജയകുമാറിന്റെ വീടിന്റെ വാതിൽ പൊളിക്കാൻ അക്രമി വീടിന് പിന്നിൽ നിന്ന് അമ്മിക്കല്ല് എടുത്തെങ്കിലും ഭാരക്കൂടുതൽ കാരണം അത് വീടിനു മുന്നിൽത്തന്നെ ഇട്ടതായി കരുതുന്നു. കോടാലി വീടിനു പിന്നിൽ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ നിന്നാണ് എടുത്തത്. വിജയകുമാറിന്റെ വീടിന്റെ മുൻവശത്തെ മതിലിലാണ് അമിത് എന്നു കരി കൊണ്ട് എഴുതിയതും ഇന്നലെ പൊലീസ് ശ്രദ്ധിച്ചു. അതേസമയം, ഇത് കുട്ടികൾ എഴുതിയതാകാമെന്നും നാട്ടുകാർ പറയുന്നു.

സംശയമുണർത്തി പ്ലാറ്റ്ഫോം ടിക്കറ്റ്

ADVERTISEMENT

ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വീടിനുള്ളിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു.
ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വീടിനുള്ളിൽ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു.

കോട്ടയം ∙ സിസിടിവിയുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിജിറ്റൽ വിഡിയോ റിക്കോർഡ‍ർ ഉണ്ടെന്ന് സംശയിച്ച് പൊലീസ് വീട്ടിലെ കിണർ വറ്റിച്ചു പരിശോധിച്ചെങ്കിലും തെളിവു ലഭിച്ചില്ല. കിണറ്റിനു സമീപം കാൽപാടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് നായ ഗണ്ണർ വീടിനു പിൻവശത്തേക്ക് പോയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയില്ല. വീടിന്റെ പിൻവശത്തു നിന്നാണു അക്രമി കോടാലി എടുത്തതെന്നാണ് കരുതുന്നത്. വീടിനുള്ളിൽ ഒരു റയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രതിയെന്ന് സംശയിക്കുന്ന അമിത് ട്രെയിനിൽ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

ADVERTISEMENT