ADVERTISEMENT

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയെയും ഭാര്യയെയും കൊലപ്പെടുത്തിയത് പക വീട്ടാനെന്ന് പ്രതി അമിത് ഉറാങ്. പൊലീസിന് നല്‍കിയ മൊഴിയിലാണ് വൈരാഗ്യത്തിന്റെ വാക്കുകള്‍. തന്റെ ജീവിതം വിജയകുമാറും മീരയും ചേര്‍ന്ന് തകര്‍ത്തുവെന്നും അതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. 

തനിക്കെതിരായ ഫോണ്‍ മോഷണക്കേസ് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, വിജയകുമാര്‍ ചെവിക്കൊണ്ടില്ല. മോഷണക്കേസില്‍ പ്രതിയായതോടെ കാമുകി ഉപേക്ഷിച്ചു. ഇതും ദമ്പതികളെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നും അമിത് പറയുന്നു.

ADVERTISEMENT

പ്രതിയെ ഇന്ന് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. കേസിൽ അമിത് മാത്രമാണ് പ്രതിയെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല. വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷമാകും വിജയകുമാറിന്‍റെയും മീരയുടെയും സംസ്കാരം നടത്തുക. 

മൂന്ന് വര്‍ഷത്തോളമാണ് വിജയകുമാറിന്റെ വീട്ടിലും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലും അമിത് ജോലി ചെയ്തത്. ഇക്കാലത്താണ് വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചതും അതുവഴി പണം തട്ടിയെടുത്തത്. പൊലീസില്‍ വിജയകുമാര്‍ പരാതി നല്‍കിയതോടെ അഞ്ചു മാസത്തോളം അമിത് ജയിലില്‍ ആയിരുന്നു. 

ADVERTISEMENT

കൊലപാതകം നടത്തി മുങ്ങിയ അമിതിനെ മാളയ്ക്കടുത്ത് ആലത്തൂരിലെ ലേബര്‍ ക്യാംപിന് സമീപമുള്ള കോഴിഫാമില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അമിതിന്റെ സഹോദരന്‍ ഇവിടെയാണ് ജോലി ചെയ്തിരുന്നത്. ദമ്പതികളെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ വിരല്‍ അടയാളങ്ങളും ഫോണ്‍ മോഷണക്കേസിലെ വിരല്‍ അടയാളങ്ങളും ഒന്നാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതി അമിത് ആണെന്ന് പൊലീസ് ഉറപ്പിച്ചതും മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തതും.

ADVERTISEMENT
ADVERTISEMENT