ADVERTISEMENT

 കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി മങ്ങാട് നീരാഞ്ജനത്തിൽ എൻ.രാമചന്ദ്രന്റെ മൃതദേഹം ഹൃദയം നുറുങ്ങിയ വേദനയോടെ കേരളം ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം രണ്ടു ദിവസം മുൻപ് അത്യുത്സാഹത്തോടെ യാത്ര പുറപ്പെട്ട കൊച്ചി വിമാനത്താവളത്തിൽ ചേതനയറ്റ് രാമചന്ദ്രൻ മടങ്ങിയെത്തിയപ്പോൾ ഉറ്റ ബന്ധുക്കൾക്കൊപ്പം ആയിരങ്ങളും സങ്കടക്കടലിൽ അലിഞ്ഞു.

കണ്ണീർ പോലെ മഴ പെയ്തിറങ്ങിയ കൊച്ചി വിമാനത്താവളത്തിലേക്ക് ഇന്നലെ രാത്രി 7.42നു ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ എഐ 503 വിമാനത്തിലാണ് രാമചന്ദ്രന്റെ ഭൗതിക ശരീരം എത്തിച്ചത്. ഭാര്യ ഷീല, മകൾ ആരതി, കൊച്ചുമക്കളായ കേദാർ, ദ്രുപദ് എന്നിവരും ഇതേ വിമാനത്തിലെത്തി.രാത്രി 8നു ശേഷം വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനലിനു മുന്നിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്തു മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ ‘രാമചന്ദ്രൻ അമർ ഹേ’ വിളികളും തീവ്രവാദത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും മുഴങ്ങി.

സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി.പ്രസാദാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി പുഷ്പചക്രം സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, കലക്ടർ എൻ.എസ്.കെ.ഉമേഷ്, റൂറൽ എസ്പി എം.ഹേമലത, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ADVERTISEMENT

20 മിനിറ്റ് പൊതുദർശനത്തിനു ശേഷം ഭൗതിക ശരീരം രാമചന്ദ്രന്റെ മകൻ അരവിന്ദ് മേനോൻ ഏറ്റുവാങ്ങി. പാലാരിവട്ടം റെനെ ആശുപത്രിയിലാണു ഭൗതിക ശരീരം സൂക്ഷിക്കുക. നാളെ രാവിലെ 7.30 മുതൽ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനമുണ്ടാകും. തുടർന്ന് ഇടപ്പള്ളി മങ്ങാട്ട് റോഡിലെ വീട്ടിൽ എത്തിക്കും.

വീട്ടിലെ ചടങ്ങുകൾക്കു ശേഷം 12ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിൽ സംസ്കാരം നടക്കും. രാമചന്ദ്രന്റെ സഹോദരൻ രാജഗോപാല മേനോൻ യുഎസിൽ നിന്ന് ഇന്നെത്തും. സഹോദരി: രാജലക്ഷ്മി. മരുമക്കൾ: ശരത്, വിനീത. യാത്രകളേറെ ഇഷ്ടപ്പെട്ടിരുന്ന രാമചന്ദ്രൻ തിങ്കളാഴ്ചയാണു കുടുംബത്തോടൊപ്പം ഹൈദരാബാദിലെത്തി, അവിടെ നിന്നു കശ്മീരിലേക്കു പോയത്. ഭാര്യ ഷീല, മകൾ ആരതി, മകളുടെ ഇരട്ടക്കുട്ടികൾ എന്നിവരോടൊപ്പമായിരുന്നു യാത്ര.

ADVERTISEMENT

രാമചന്ദ്രൻ ഇനി ഓർമ; മൃതദേഹം വീട്ടിലെത്തിക്കുക നാളെ
കൊച്ചി∙ മരണത്തിന്റെ മൗനം ഘനീഭവിച്ചു നിൽക്കുന്ന ‘നീരാഞ്ജനത്തിന്റെ’ പൂമുഖത്തൂണിൽ തറച്ച ചെറു ബോർഡ് കാറ്റിലാടുന്നു. അതിലെ വാക്കുകൾ, ‘ലൈഫ് ഈസ് ബെറ്റർ ഇൻ ദ് ഗാർഡൻ’. ഇടപ്പള്ളി മങ്ങാട്ട് റോഡിലെ ഈ വീടിന്റെ ഗൃഹനാഥൻ രാജ്യത്തിന്റെ പൂന്തോട്ടമായ കശ്മീരിലേക്കു പടിയിറങ്ങിപ്പോയതു തിങ്കളാഴ്ചയാണ്. വീടിനു ചുറ്റും മനോഹരമായൊരു പൂന്തോട്ടം സൃഷ്ടിച്ച, പൂക്കളെയും ചെടികളെയും എന്നും സ്നേഹിച്ച എൻ.രാമചന്ദ്രൻ.

രാമചന്ദ്രൻ ഇനിയൊരിക്കലും വീടിന്റെ പടി കടന്നെത്തില്ലെന്ന് അറിയാത്തതിനാലാകണം അദ്ദേഹം നീരൂട്ടി വളർത്തിയ ചെമ്പരത്തിയും അരളിയും കുറ്റിമുല്ലയുമെല്ലാം ചുറ്റും പൂവിട്ടു ചിരിച്ചു നിൽക്കുന്നു. എന്നും ആഹ്ലാദവാനായി മാത്രം തങ്ങൾ കണ്ടിട്ടുള്ള രാമചന്ദ്രൻ ഇനിയില്ലെന്ന യാഥാർഥ്യത്തിന്റെ മരവിപ്പിലാണ് ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ തോക്കിനിരയായ രാമചന്ദ്രൻ നാടിനും തീരാവേദനയാവുകയാണ്.

ADVERTISEMENT

വിദേശജോലി മതിയാക്കി മടങ്ങിയെത്തിയ ശേഷം, രാമചന്ദ്രൻ ഏറെ സമയം നീക്കിവച്ചതു മുറ്റത്തെ പൂന്തോട്ടം വൃത്തിയായി സംരക്ഷിക്കാനാണെന്നു കുട്ടിക്കാലം മുതലുള്ള സുഹൃത്തായ ബാലചന്ദ്രൻ പറയുന്നു. ‘യാത്രകളായിരുന്നു അവന്റെ മറ്റൊരു സന്തോഷം’,  വാക്കുകളിൽ, തങ്ങൾ സൗഹൃദം പങ്കിട്ട നിമിഷങ്ങളുടെ ചൂരുറയുമ്പോൾ ബാലചന്ദ്രന്റെ കണ്ണുകൾ നിറയുന്നു.

വ്യാഴാഴ്ച വൈകിട്ടു താനെത്തുമെന്നും വെള്ളിയാഴ്ച രാവിലെ സംസ്കാരം നിശ്ചയിക്കാമെന്നും രാമചന്ദ്രന്റെ സഹോദരൻ രാജഗോപാലിന്റെ ശബ്ദസന്ദേശം ഇടയ്ക്കു ബാലചന്ദ്രന്റെ മൊബൈലിലേക്ക് എത്തുന്നു. തിങ്കളാഴ്ച രാമചന്ദ്രനും കുടുംബവും കശ്മീരിലേക്കു പോയതിനു പിന്നാലെ ചൊവ്വാഴ്ച പുലർച്ചെയാണു രാജഗോപാൽ യുഎസിലേക്കു പോയത്.

റിനെ മെഡ്സിറ്റി ആശുപത്രിക്കു സമീപത്തു നിന്നു തുടങ്ങുന്ന മങ്ങാട്ട് റോഡിന്റെയും രാമചന്ദ്രന്റെ വീട്ടിലേക്കുള്ള റോഡിന്റെയും വശങ്ങളിലെല്ലാം ആദരാഞ്ജലികൾ അർപ്പിച്ചുള്ള വിവിധ സംഘടനകളുടെ ബാനറുകളാണ്. ഇടയ്ക്കിടെ പൊലീസ് വാഹനങ്ങളെത്തി വിവരങ്ങൾ തിരക്കി മടങ്ങുന്നു. നാട് കാത്തിരിക്കുകയാണ്. രാമചന്ദ്രൻ നീരാഞ്ജനത്തിലേക്കു നാളെയെത്തും. എല്ലാവരോടും വിട ചൊല്ലാൻ.

ADVERTISEMENT