മാളവിക ജി.നായർക്കും ഭർത്താവ് എം.നന്ദഗോപനും കഴിഞ്ഞ സെപ്റ്റംബർ 3ന് ആണ് മകൻ ജനിച്ചത്, ആദിശേഷ്. കുറച്ചുദിവസങ്ങൾക്കകം സിവിൽ സർവീസിന്റെ പ്രധാന എഴുത്തുപരീക്ഷ. ഒടുവിൽ ഫലം വന്നപ്പോൾ ആറാം ശ്രമത്തിൽ 45–ാം റാങ്കെന്ന നേട്ടം മാളവിക സ്വന്തമാക്കി.
തിരുവല്ല മുത്തൂര് സ്വദേശിയായ മാളവികയും ചെങ്ങന്നൂർ സ്വദേശിയായ നന്ദഗോപനും നിലവിൽ മലപ്പുറത്താണു താമസം. നന്ദഗോപൻ ഐപിഎസ് ട്രെയ്നിങ്ങിലാണ്. 2016 ൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മാളവികയ്ക്ക് ആദ്യ 2 ശ്രമങ്ങളിൽ പ്രിലിംസ് പോലും കടക്കാനായില്ല. എന്നാൽ 2019 ലെ മൂന്നാം ശ്രമത്തിൽ 118–ാം റാങ്ക് കിട്ടി. ഐആർഎസിന്റെ ഭാഗമായി കൊച്ചി ആദായനികുതി വകുപ്പ് ഓഫിസിൽ ഡപ്യൂട്ടി കമ്മിഷണറായി ജോലിചെയ്യുന്ന മാളവിക നിലവിൽ അവധിയിലാണ്. അഞ്ചാം ശ്രമത്തിൽ മാളവിക 172–ാം റാങ്ക് നേടിയപ്പോൾ നന്ദഗോപൻ 233–ാം റാങ്ക് സ്വന്തമാക്കി. രണ്ടാം ഓപ്ഷനായി ഐആർഎസ് നൽകിയതിനാൽ മാളവികയുടെ സർവീസിൽ മാറ്റമുണ്ടായില്ല.
ആറാമത്തേതും അവസാനത്തേതുമായ ശ്രമമായിരുന്നു ഇത്തവണ.കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് അഡിഷനൽ ജനറൽ മാനേജരായി വിരമിച്ച ഗോവിന്ദ നിവാസിൽ കെ.ജി.അജിത് കുമാറിന്റെയും ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ ഡോ. പി.എൽ.ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക. നന്ദഗോപൻ കോട്ടയം ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയിട്ടുണ്ട്.