ADVERTISEMENT

സ്വന്തം മകന്റെ മരണമറിയാതെ അയല്‍വാസികള്‍ക്ക് മധുരം വിതരണം ചെയ്യുന്ന അമ്മ, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിനരികെ പൊട്ടിക്കരഞ്ഞ് സല്യൂട്ട് നല്‍കി ജയ്ഹിന്ദ് വിളിക്കുന്ന ഭാര്യ, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ബാക്കിപത്രം ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മാത്രമാണ്. 

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ മകന്‍ ഭീകരരുടെ വെടിയേറ്റു വീണ ദിവസവും ആ വിവരങ്ങളൊന്നുമറിയാതെ അയല്‍വാസികള്‍ക്ക് മകന്റെ കല്യാണത്തിന്റെ മധുരം വിതരണം ചെയ്യുകയായിരുന്നു നാവിക ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്റെ അമ്മ. നര്‍വാളിന്റെ വിവാഹത്തോടെ കുടുംബത്തില്‍‌ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു എന്ന് പറയുമ്പോള്‍ നര്‍വാളിന്റെ അയല്‍ക്കാരന്‍ നരേഷിന് വാക്കുകളിടറും. 

ADVERTISEMENT

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു പഹല്‍ഗാമില്‍ വിനയ് ഭീകരരുടെ വെടിയേറ്റു വീഴുന്നത്. പക്ഷേ, കുടുംബം വിവരം അറിഞ്ഞത് വൈകീട്ടോടെ മാത്രമാണ്. ഏപ്രില്‍ 21നാണ് ഭാര്യ ഹിമാന്‍ഷിയുമായി മധുവിധു ആഘോഷിക്കാന്‍ വിനയ് പഹല്‍ഗാമിലെത്തുന്നത്. ആദ്യം ഹണിമൂണിനായി സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍ വീസ ലഭിക്കാതെ വന്നതോടെ കശ്മീരിലേക്ക് യാത്രയായി. എന്നാല്‍ ഭീകരരുടെ തോക്കിന്‍മുനയില്‍ വിനയ്‌യുടെയും ഹിമാന്‍ഷിയുടേയും ദാമ്പത്യം ആറു ദിവസത്തില്‍ ഒടുങ്ങി. 

മെഹന്തിയുടെ നിറം മാറാത്ത കൈകളുമായി വിനയ്‌യുടെ മൃതദേഹത്തിനരികെ വിറങ്ങലിച്ച് നില്‍ക്കുന്ന ഹിമാന്‍ഷിയെ രാജ്യം ഒരിക്കലും മറക്കില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ വിനയ്‌യുടെ മൃതദേഹം എത്തിയപ്പോള്‍ വാരിപ്പുണര്‍ന്ന് പൊട്ടിക്കരഞ്ഞ ഹിമാന്‍ഷി സല്യൂട്ട് നല്‍കി ജയ്ഹിന്ദ് വിളിച്ചാണ് പ്രിയപ്പെട്ടവനെ യാത്രയാക്കിയത്. 

ADVERTISEMENT

റിപ്പോര്‍ട്ടുകളനുസരിച്ച് വിനയ്‌യുടെ നെഞ്ചിലും കഴുത്തിലും ഇടതുകൈയ്യിലും വെടിയേറ്റിരുന്നു. സംഭവസ്ഥലത്തു തന്നെ വിനയ് മരിച്ചിരുന്നതായി അധികൃതര്‍ പറയുന്നു. കേരളത്തിലെ ഏഴിമല നേവല്‍ അക്കാദമിയിലായിരുന്നു ഹരിയാന കര്‍ണാല്‍ ഭുസ്‌ലി സ്വദേശിയായ വിനയ് പഠിച്ചത്. പാസ് ഔട്ട് ആയതുമുതല്‍ വിന‌യ്‌യുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. രണ്ട് വര്‍ഷം മുന്‍പ് സബ്– ലഫ്റ്റനന്‍റായി കൊച്ചിയിലെത്തി. 

മൂന്ന് വര്‍ഷം മുന്‍പാണ് വിനയ് നാവിക സേനയില്‍ ചേരുന്നത്. ഉത്തരാഖണ്ഡിലെ മസൂറിയില്‍ വച്ച് ഏപ്രില്‍ 16നായിരുന്നു വിനയ്‌യുടെയും ഹിമാന്‍ഷിയുടേയും വിവാഹം. ജിഎസ്ടി വകുപ്പിലെ സൂപ്രണ്ടന്‍റാണ് വിനയ്‌യുടെ പിതാവ് രാജേഷ് നര്‍വാള്‍. മാതാവ് ആശ. വിനയ്‌യുടെ മൃതദേഹം ഇന്നലെ വൈകീട്ട് കര്‍ണാലില്‍ സംസ്കരിച്ചു.

ADVERTISEMENT
ADVERTISEMENT