ADVERTISEMENT

പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലെ നടുക്കുന്ന അനുഭവം പങ്കുവച്ച് ടിവിഎ ജലീൽ എന്ന വ്യക്തി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ബൈസരൺ താഴ്‍വരയിലെ തീവ്രവാദി ആക്രണണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവമാണ് ജലീൽ കുറിക്കുന്നത്. ഞങ്ങൾക്ക് മുന്നിൽ കുതിരപ്പുറത്ത് ചുരം കയറിയവരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയെന്ന സത്യം നടുക്കത്തോടെയാണ് കേട്ടതെന്ന് ജലീൽ പറയുന്നു. ഭൂമിയിലെ സ്വർഗത്തെ നരകമാക്കുന്നവരോട് രാജ്യം മറുപടി പറയുക തന്നെ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് ജലീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജലീൽ‌ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

ചിലപ്പോഴെങ്കിലും നമ്മുടെ തീരുമാനങ്ങൾ ശരിയായി വരാറില്ലേ..അത്തരമൊരു തീരുമാനം കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹൽഗാമിൽ വെച്ച് ഞങ്ങളുമെടുത്തു. ഞാനും, കുുംബവും സുഹൃത്ത് ലത്തീഫും കുടംബവുമടങ്ങുന്നതാണ് ടീം . ഞങ്ങൾക്കറിയില്ലായിരുന്നു മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപാലത്തിലായിരുന്നു അന്ന് ഞങ്ങളെന്ന്. സംഭവ ദിവസം ഉച്ചയ്ക്ക് 1:30 ന് പഹൽഗാമിലെത്തിയ ഞങ്ങളെ കുതിരസവാരിക്കായ് ക്ഷണിച്ചു. മനോഹരമായ ബയ്സൻ വാലിയിലെത്തണമെങ്കിൽ കുതിര സവാരി ചെയ്യണം ഒരാൾക്ക് 1200 രൂപ അല്ലായെങ്കിൽ അവിടെയുള്ള സ്പെഷൽ വാഹനത്തിൽ കുറച്ചകലെ ചന്ദൻ വാലിയിലെത്താം..... തലേ ദിവസം ദൂത് പത്രി (പാൽ താഴ്‌വര)യിൽ കുതിര സവാരി നടത്തിയതിനാലും പണം കുറച്ചധികമായി തോന്നിയതിനാലും ഞങ്ങൾ ചന്ദൻവാലിയിലേക്ക് വെച്ച് പിടിക്കാൻ തീരുമാനിച്ചു. മറിച്ചായിരുന്നു തീരുമാനമെങ്കിൽ ഒരു പക്ഷെ ഞങ്ങളും....

ഞങ്ങളോടൊപ്പം വന്ന മറ്റ് സഞ്ചാരികൾ കുടുംബ സമേതം കുതിരപ്പുറത്ത് ചുരം കയറുന്നത് കൗതുകത്തോടെ നോക്കി നിന്നത് നന്നായോർക്കുന്നു..... ചന്ദൻ വാലിയിലെ മഞ്ഞ് മലയിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ ആളുകൾ പെട്ടെന്ന് പിൻവാങ്ങുന്നതായും ഞങ്ങൾ ഒറ്റപ്പെടുന്നതായും അനുഭവപ്പെട്ടു.എന്തോ പന്തികേ ടുണ്ടെന്ന് തോന്നി ഞങ്ങൾ താഴേക്ക് വന്നപ്പോഴേക്കും വഴിക്കച്ചവടക്കാർ എല്ലാം പൂട്ടിക്കെട്ടി സ്ഥലം വിട്ടിരുന്നു. എനിക്ക് ഷൂ തന്നയാൾ പണം പോലും വാങ്ങാതെ സ്ഥലം വിട്ടപ്പോഴാണ് സംഗതി കുറച്ച് ഗൗരവമുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. അവിടെ സെക്യൂരിക്കാർ ഒരാൾ പോലുമുണ്ടായിരുന്നില്ല എന്നത് ഞങ്ങളെ തെല്ലൊന്ന് ഭയപ്പെടുത്തി. ഇവിടം മാത്രമല്ല കാശ്മീരിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആവശ്യത്തിന് സെക്യൂരിറ്റിക്കാർ ഇല്ലാത്തത് എന്താണെന്ന ചർച്ചയുമായി ഞങ്ങൾ വണ്ടിയിൽ കയറി.

ADVERTISEMENT

റോഡിൽ അങ്ങിങ്ങായി അസാധാരണ ആൾക്കൂട്ടം ... പട്ടാളം ഞങ്ങളെ വഴിയിൽ പിടിച്ചിട്ടു. മിലിട്ടറി വണ്ടികൾ തുരു തുരാ ഞങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്നു. അതിലൊന്നിൽ നിന്നും ഒരു പട്ടാളക്കാരൻ സൈഡ് പോരെന്ന് പറഞ്ഞ് കയ്യിലുള്ള ലത്തി കൊണ്ട് ഞങ്ങളുടെ വണ്ടിയിൽ ആഞ്ഞിടിച്ചു. പേടിച്ച ഡ്രൈവർ വണ്ടി ഒന്നുകൂടടുപ്പിച്ചു. ചുറ്റും ആംബുലൻസിന്റെ ശബ്ദം.... അതിനിടയിൽ ഏതാനും ഹെലിക്കോപ്റ്ററുകൾ ഞങ്ങളുടെ തലയ്ക്ക് തൊട്ടു മുകളിലൂടെ പറന്ന് പുറകിലെ കാട്ടിൽ മറഞ്ഞു. ഉടൻ തന്നെ തിരികെ വന്ന് ഞങ്ങൾ വന്ന വണ്ടി പാർക്ക് ചെയ്തിരുന്ന ഗ്രൗണ്ടിൽ പറന്നിറങ്ങി. ചെറിയ ഒരു ബിൽഡിംഗ് നടുക്കുള്ളതിനാൽ കാഷ്വാലിറ്റി നേരിട്ട് കാണാൻ കഴിഞ്ഞില്ല .... നാലുഭാഗത്തേക്കും തോക്ക് ചൂണ്ടി പാഞ്ഞടുക്കുന്ന പട്ടാള വണ്ടികൾ ഞങ്ങളിൽ ഭീതി പടർത്തി. ഉൾഭയം ഉള്ളതിനാൽ ചുറ്റും നടക്കുന്നതൊന്നും പകർത്താൻ കഴിഞ്ഞില്ല..

ഒടുവിൽ പാർക്ക് ചെയ്ത വണ്ടിക്കരികിലെത്തിയപ്പോൾ ഡ്രൈവർ ഭയചകിതനായി ഞങ്ങളെയും കാത്തിരിക്കുന്നു. അയാളുടെ സ്വരങ്ങൾക്ക് നല്ല വിറയൽ.... ഞങ്ങൾക്ക് മുന്നിൽ കുതിരപ്പുറത്ത് ചുരം കയറിയവരെ ഭീകരർ വെടിവെച്ച് കൊന്നുവത്രേ... ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ വന്നിരുന്നവരിൽ രണ്ട് പേർ മരിച്ചു.....

ADVERTISEMENT

കൂടുതൽ കേൾക്കാൻ കരുത്തുണ്ടായില്ല.... ഞങ്ങൾക്ക് പരസ്പരം ഒന്നും മിണ്ടാൻ കഴിയുന്നില്ല .... ഉടൻ തന്നെ അവിടെ നിന്നും 100 കിലോമീറ്റർ അകലെയുള്ള ശ്രീനഗറിലെ റൂമിലേക്ക് തിരിച്ചു..... എത്രയും പെട്ടെന്ന് നാട് പിടിക്കണം. ജമ്മുവിലേക്ക് ഒരു ടാക്സിക്കാരനെ തപ്പി. രണ്ട് ദിവസം മുൻപ് മലയിടിഞ്ഞത് കാരണം റോഡ് അടച്ചിട്ടിരിക്കയാണ്... മുകൾ റോഡ് വഴി 6 മണിക്കൂറിന് പകരം 14 മണിക്കൂറെടുക്കുന്ന ചെങ്കുത്തായ മറ്റൊരു റൂട്ടുണ്ടെന്നറിഞ്ഞ ഞങ്ങൾ പിറ്റേ ദിവസം അതിരാവിലെ 5 മണിക്ക് പുറപ്പെട്ടു. ഏതാനും മണിക്കൂർ യാത്ര ചെയ്യുമ്പോഴേക്കും പട്ടാളക്കാർ വഴിയിൽ പിടിച്ചിട്ടു. ജമ്മുവിൽ ബന്താണത്രേ....

തിരിച്ച് പോകുന്ന ടൂറിസ്റ്റുകളെ ഉൾക്കൊള്ളാൻ കഴിയാതെ വന്നപ്പോൾ കുറച്ച് കുറച്ച് ഗ്രൂപ്പുകളായി ഞങ്ങളെ ചുരമിറങ്ങാൻ അനുവദിച്ചു. ചെങ്കുത്തായ മലയിടുക്കുകളിലൂടെ റോഡിലെ മഞ്ഞ് പാറകളെ വകഞ്ഞ് മാറ്റി ദുർഘടയാത്ര തുടർന്നു. വഴിയിലെ മനോഹര കാഴ്ചകളൊന്നും തന്നെ ഞങ്ങൾക്ക് ആകർഷമായി തോന്നിയില്ല... ഒടുവിൽ രാത്രി 8 മണിയോടെ സുരക്ഷിതരായി ജമ്മുവിലെത്തി.ഇനി പഞ്ചാബ് വഴി നാട്ടിലേക്ക് ....

ത്രയ്ക്കിടെ ഡ്രൈവർ വളരെ സങ്കടത്തോടെ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു.... "കശ്മീർ ഖതം ഹോഗയാ ".. അതെ..ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കാവുന്ന ഇവിടുത്തെ സാധാരണ മനുഷ്യരുടെ സ്ഥിതി ഇനി ദയനീയം തന്നെ ...

വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിത മാർഗ്ഗം കണ്ടെത്തുന്നവരാണിവർ. കുതിരക്കാർ, ടാക്സിക്കാർ, വഴി വാണിഭക്കാർ, തോണിക്കാർ,ഫോട്ടോ പിടുത്തക്കാർ, ഷൂ വില്പനക്കാർ, കശ്മീരി ഡ്രസ് വാടകയ്ക്ക് നൽകുന്നവർ, ലോഡ്ജ് നടത്തിപ്പുകാർ, എന്നിങ്ങനെ ഈ പട്ടിക നീളുന്നു....

വർ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ഇനി ശരിക്കും പാട് പെടേണ്ടി വരും...

ഇവിടം അശാന്തിയുടെ വിത്ത് വിതറിയ മനുഷ്യ മൃഗങ്ങളുടെ ആക്രമണത്തിനിരയായി ഞങ്ങളിൽ നിന്ന് വേർപ്പെട്ട് പോയ ഞങ്ങളോടൊപ്പം സഹയാത്ര ചെയ്തിരുന്ന പ്രിയപ്പെട്ടവരേ....

നിങ്ങളുടെ വേർപാടിൽ ഞങ്ങളും ഈ രാജ്യവും അതിയായി വേദനിക്കുന്നു. നിങ്ങളോട് ചെയ്ത കൊടും പാതകത്തിന് രാജ്യം ഒറ്റക്കെട്ടായ് മറുപടി നൽകുക തന്നെ ചെയ്യും.

മനോഹരമായ ഈ താഴ്‌വാരത്തിലെ സ്വൈര്യജീവിതവും സ്വസ്ഥതയും തിരിച്ച് കൊണ്ട് വരാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതിനുള്ള കരുതലും ജാഗ്രതയും നമുക്കുണ്ടായേ തീരൂ....

ടിവിഎ ജലീൽ

ADVERTISEMENT