നിമിഷങ്ങൾക്കു മുൻപ് തന്റെ കൈപിടിച്ചു നടന്ന ഏക മകൾ ‘ പൊന്നു ’ ഇനിയില്ലെന്ന് വിശ്വസിക്കാനാവാതെ വീട്ടിൽ തളർന്നിരിക്കുകയാണ് ആൻസി. ചുറ്റുമുള്ളവർ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നു അറിയാതെ വിറങ്ങലിച്ചു നിൽക്കുന്നു. എല്ലാവരും ‘ പൊന്നു ’ എന്ന് വിളിക്കുന്ന മൂന്നു വയസ്സുകാരി ഇസ മരിയ സിബിന്റെ ജീവനറ്റ ശരീരം അപ്പോഴും ആശുപത്രി മോർച്ചറിയിൽ തണുത്തുമരവിച്ചു കിടക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് തച്ചോട്ടുകാവ് – മൂങ്ങോട് റോഡിൽ മഞ്ചാടി ഭാഗത്തു വച്ചു അമിതവേഗത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ മലയിൻകീഴ് മഞ്ചാടി ചൈത്രത്തിൽ സിബിൻ രാജ് – ആൻസി എസ്.മോഹൻ ദമ്പതികളുടെ ഏക മകൾ ഇസ മരിയ സിബിന് ജീവൻ നഷ്ടമായത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് സിബിൻ രാജ് ശനിയാഴ്ച എത്തും. ഇതിനു ശേഷമാണ് സംസ്കാരം. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആൻസി, മാതാവ് ആർ.എസ്.സുധ, ഇവരുടെ സഹോദരൻ മഞ്ചാടി വിള വീട്ടിൽ രാജു, സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള പൂങ്കോട് സന്തോഷ് ഭവനിൽ വിനോദ്(28) എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. 300 മീറ്റർ അകലെയുള്ള അങ്കണവാടിയിൽ നിന്നും ഇസ മരിയെ വിളിച്ചു കൊണ്ടു നടന്നു ആൻസി വീടിനു മുന്നിലെ ഗേറ്റിനു സമീപമെത്തി. സമീപവാസിയായ അമ്മാവൻ രാജുവും ഒപ്പമുണ്ടായിരുന്നു. മൂവരും നടന്നു വരുന്നത് കണ്ട് സുധയും ഗേറ്റിനു പുറത്തിറങ്ങി. ഈ സമയത്താണ് സ്കൂട്ടർ ഇവർ നിന്ന ഭാഗത്തേക്കു ഇടിച്ചു കയറിയത്. രാജുവും വിനോദും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ടീച്ചറിനോട് യാത്ര പറഞ്ഞ്...
മലയിൻകീഴ് ∙ ‘ടീച്ചറേ ഞാൻ പോണു.. അമ്മ വന്നു, നാളെ വരാമേ’ എന്നു യാത്ര പറഞ്ഞിറങ്ങിയ പൊന്നുവിന്റെ ചിരിക്കുന്ന മുഖം അങ്കണവാടി അധ്യാപികയായ സി.പി.പ്രവീത ചന്ദ്രന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. അത് അവസാന യാത്ര പറച്ചിലായിരുന്നു എന്ന് ഓർക്കാൻ പോലും അവർക്ക് കഴിയുന്നില്ല. എപ്പോഴും ചിരിച്ചു കൊണ്ടു നടക്കുന്ന വായാടിയായിരുന്നു പൊന്നു. ഉത്സവക്കാലമായതിനാൽ വാദ്യമേളങ്ങളെക്കുറിച്ചാണ് ചൊവ്വാഴ്ച പഠിപ്പിച്ചത്.
‘ചെണ്ട ചേങ്ങില മദ്ദളം ചേർന്നാലതു ഉത്സവമേളം .. എന്ന പാട്ടു പാടിയപ്പോൾ അതിനൊത്ത് താളം പിടിക്കാൻ പൊന്നു ഉണ്ടെന്നു പറയുമ്പോൾ പ്രവീതയുടെ തൊണ്ട ഇടറി. അങ്കണവാടിയിലെ എല്ലാ പരിപാടിക്കും ഇസ മരിയ മുന്നിട്ടിറങ്ങും. അങ്കണവാടിയിൽ മാത്രമല്ല, വീട്ടിലും പ്രിയപ്പെട്ടവർക്കെല്ലാം പൊന്നായിരുന്നു ഇസ മരിയ. മരണ വാർത്തയറിഞ്ഞ് ഒട്ടേറെ പേരാണ് ഇന്നലെ വീട്ടിൽ എത്തിയത്. ഇതിനു സാക്ഷിയായി ഇസ മരിയയുടെ രക്തം പുരണ്ട കുഞ്ഞു ബാഗും പൊട്ടിയ കുഞ്ഞു കറുത്തു ചെരിപ്പുകളും ആ വീട്ടിൽ ഉണ്ടായിരുന്നു. കളിചിരിയുമായി ഇസ മരിയ ഓടി കളിച്ച വീട്ടു മുറ്റത്ത് അവളെക്കുറിച്ചു ഓർത്തുള്ള കണ്ണീരാണ് ഇപ്പോൾ വീഴുന്നത്.