ആകാശത്തു നിറയെ ഹെലികോപ്റ്ററുകൾ.. നിരനിരയായി പാഞ്ഞടുക്കുന്ന സേനാവാഹനങ്ങൾ.. വിനോദയാത്രയുടെ അവസാനം ഇത്രയും ടെൻഷനടിക്കേണ്ടി വരുമെന്നു കരുതിയില്ല. പാലായിലെ വീട്ടിലിരുന്നു സംസാരിക്കുമ്പോൾ പ്രസാദിന്റെയും ഭാര്യ ഷീബയുടെയും മുഖത്ത് വിവിധ ഭാവങ്ങൾ മാറി മറിയുന്നു. കശ്മീരിലെ വിനോദ സഞ്ചാര യാത്രയ്ക്കിടെ ഭീകരാക്രമണമുണ്ടായ ദിവസമാണു പാലാ പെരുമ്പ്രായിൽ കോഓപ്പറേറ്റീവ് വകുപ്പ് റിട്ട. അസിസ്റ്റന്റ് റജിസ്ട്രാർ ഡി. പ്രസാദും ഭാര്യ ഷീബ പ്രസാദും പഹൽഗാമിൽ എത്തിയത്. ഭീകരാക്രമണം ഉണ്ടായ ബൈസരൺ വാലിക്കു കുറച്ചു മാറിയുള്ള ബേതാബ് വാലിയിവായിരുന്നു ഈ സമയം ഇവർ അടങ്ങിയ വിനോദസഞ്ചാര സംഘം.
എന്തോ കുഴപ്പമുണ്ടെന്നും പെട്ടെന്നു മടങ്ങണമെന്നും നിർദേശം വന്നതോടെ ഓടി വാഹനത്തിൽ കയറുകയായിരുന്നു ഇവർ. ചോരയിൽ കുളിച്ച ചിലരെ കൊണ്ടു പോകുന്നതു കണ്ടെന്ന് ഇവർ പറയുന്നു. കുറച്ചു സമയത്തിനുള്ളിൽ ആകാശത്ത് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നുതുടങ്ങി. ഓഫ്റോഡ് യാത്രയായ ബൈസരൺ വാലിയിലേക്കു പ്രസാദും ഷീബയും അടങ്ങിയ സംഘം പോയിരുന്നില്ല. സംഘം വേഗത്തിൽ ശ്രീനഗറിലേക്കു മടങ്ങി. ഇൗ സമയം എതിരെ സേനാവാഹനങ്ങൾ കോൺവോയ് ആയി പോകുന്നുണ്ടായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറായ കശ്മീരി സ്വദേശി ആകെ ടെൻഷനിലായിരുന്നു. ആരോ ഫോൺ വിളിച്ചപ്പോൾ സബ് ഖരാബ് ഹേ (എല്ലാം മോശമായി) എന്നു പറയുന്നുണ്ടായിരുന്നു. വിനോദസഞ്ചാരം എത്രത്തോളം ആ നാട്ടുകാർ വിലവച്ചിരുന്നെന്നു ആ പ്രതികരണത്തിൽനിന്നു മനസ്സിലായെന്നും പ്രസാദ് പറയുന്നു. 19നാണ് പ്രസാദും ഷീബയും 29 അംഗ സംഘത്തിനൊപ്പം കൊച്ചിയിൽനിന്നു വിമാനമാർഗം ശ്രീനഗറിൽ എത്തിയത്. ഭീകരാക്രമണം ഉണ്ടായ 22ന്റെ തലേ ദിവസം പഹൽഗാം പോകാനായിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ, കശ്മീരിലുണ്ടായ മഴയും മണ്ണിടിച്ചിലും മൂലം പിറ്റേന്നത്തേക്കു യാത്ര മാറ്റുകയായിരുന്നു.വിദേശ രാജ്യങ്ങളിൽ അടക്കം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ പ്രദേശം വേറെ കണ്ടിട്ടില്ലെന്ന് ഇരുവരും പറഞ്ഞു.