ADVERTISEMENT

പാലക്കാട് തിരക്കേറിയ സ്റ്റേഡിയം സ്റ്റാൻഡിൽ അഴുക്കുചാലിന്റെ സ്ലാബിനു മുകളിൽ പ്രസവ വേദനയാൽ പുളയുന്ന അമ്മയെയാണ് ആംബുലൻസിൽ നിന്നിറങ്ങിയപ്പോൾ പ്രിയങ്ക കണ്ടത്. കുഞ്ഞ് പാതി പുറത്തുവന്ന നിലയിലും. ആകെ ചോരമയം. ഒന്നും നോക്കാതെ അമ്മയെ താങ്ങിയെടുത്തു. പെൺകുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചുമാറ്റി ശരീരമാകെ തുടച്ചു. വേഗത്തിൽ ആംബുലൻസിൽ അമ്മയും പെൺകുഞ്ഞും ആശുപത്രിയിലേക്ക്. 

കനിവ് 108 ആംബുലൻസ് ടീമിന്റെ ഫലപ്രദമായ ഇടപെടലാണു നാടോടി സ്ത്രീക്കും കുഞ്ഞിനും തുണയായത്.‌ നാട്ടുകാരാണ് കനിവ് 108 ആംബുലൻസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ആംബുലൻസ് ജീവനക്കാർക്കു കൈമാറി.

ADVERTISEMENT

ആംബുലൻസ് പൈലറ്റ് എ.ആർ.ശ്രീവത്സൻ, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ പുതുശ്ശേരി സ്വദേശി എസ്.പ്രിയങ്ക എന്നിവർ ഉടൻ സ്ഥലത്തെത്തി. അമ്മയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നം ഉണ്ടെന്നു മനസ്സിലാക്കി. ഇതുപോലെയുള്ള സാഹചര്യം മുൻപും നേരിട്ടിട്ടുള്ളതിനാൽ പ്രസവം പൂർത്തീകരിക്കാനായിരുന്നു ശ്രമം.

അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ കയറ്റി. ജില്ലാ വനിതാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ രണ്ടുതവണ അമ്മയ്ക്ക് അപസ്മാരം ഉണ്ടായതോടെ വീണ്ടും ആശങ്കയായി. പക്ഷേ, ആശുപത്രിയിലെത്തിച്ചതോടെ സ്ഥിതി നിയന്ത്രണത്തിലായി. അമ്മ പറയുന്ന കാര്യങ്ങൾ പലതും അവ്യക്തമാണ്. അമ്മയും 2.3 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT