ADVERTISEMENT

ഫാത്തിമയും ഫർഹത്തും സഹോദരങ്ങൾ മാത്രമല്ല, അടുത്ത കൂട്ടുകാരികളുമായിരുന്നു. എവിടെ പോകുന്നതും എന്തും ചർച്ച ചെയ്യുന്നതും ഇരുവരും ഒരുമിച്ചാണ്. പെരിയാറിൽ മുങ്ങിമരിച്ച ഫാത്തിമ ഷെറിന്റെ വിയോഗം സഹോദരി ഹർഹത്തിനു താങ്ങാനാകുന്നില്ല. അപകടനില തരണം ചെയ്തെങ്കിലും അവൾ കൂടപ്പിറപ്പിന്റെ വിയോഗത്തിൽ തകർന്നു പോയി. 

പഠനത്തിൽ മിടുക്കിയായ ഫാത്തിമ ഷെറിന്റെ മുങ്ങി മരണം നാടിന് തോരാ കണ്ണീരായി. ഫാത്തിമ പഠിക്കുന്ന പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളജിലെ സഹപാഠികൾക്കും മരണവാർത്ത ഉൾക്കൊള്ളാനാകുന്നില്ല. ഫാത്തിമയുടെ പിതാവ് പി.ബി. ഷാജഹാൻ ഖത്തറിൽ ഡ്രൈവറാണ്. പിതാവിന്റെ രോഗവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയ ഷാജഹാൻ 2 ദിവസം മുൻപാണ് ഖത്തറിലേക്കു മടങ്ങിയത്. മകളെ അവസാനമായി കാണാൻ ആ പിതാവ് ഇന്നലെ രാത്രി തിരികെയെത്തി. 

ADVERTISEMENT

ഫോട്ടോയെടുക്കാൻ പാറയിൽ കയറിയ വിദ്യാർഥിനി പുഴയിൽ വീണു മരിച്ചു

പ്രഭാത നടത്തം കഴിഞ്ഞു പുഴയരികിലെ പാറയിൽ കയറി ഫോട്ടോ എടുക്കുന്നതിനിടെ സഹോദരിമാര്‍ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.  സഹോദരിമാരിൽ ഒരാൾ മുങ്ങി മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മുടിക്കൽ വഞ്ചിനാട്– മൗലൂദ്പുര റോഡിൽ പുളിക്കക്കുടി പി.ബി.ഷാജഹാന്റെയും സെയ്നയുടെയും മകൾ ഫാത്തിമ ഷെറിൻ (19) ആണ് മരിച്ചത്. അനുജത്തി ഫർഹത്ത് (15) അപകടനില തരണം ചെയ്തു. രാവിലെ 6.30ന് പെരിയാറിലെ മുടിക്കൽ ഡിപ്പോ കടവിലാണു അപകടം.

ADVERTISEMENT

പെരിയാറിനു സമീപത്തെ മുടിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഇരുവരും നടക്കാൻ പോകാറുണ്ട്. നടത്തത്തിനു ശേഷം മുടിക്കൽ പമ്പ് ഹൗസിനു സമീപമുള്ള ആനപ്പാറയിൽ കയറി ഫോട്ടോ എടുക്കുമ്പോഴാണ് അപകടം. നല്ല ഒഴുക്കുള്ള ഭാഗമാണിത്. സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന ആളാണു പെൺകുട്ടികൾ വെള്ളത്തിൽ വീണതു കണ്ടത്. ഇദ്ദേഹവും നാട്ടുകാരും ചേർന്നു ഫർഹത്തിനെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ഫാത്തിമ ഷെറിൻ മുങ്ങിപ്പോയിരുന്നു. 

രണ്ടു മണിക്കൂറിനു ശേഷം അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘമാണ് പാറയിൽ നിന്ന് 20 മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.ഫാത്തിമ ഷെറിന്റെ കബറടക്കം നടത്തി. പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളജിൽ രണ്ടാം വർഷം ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്. ഫർഹത്ത് മുടിക്കൽ ക്വീൻ മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി.

ADVERTISEMENT

പാഠം പഠിക്കാതെ അധികൃതർ

അപകട സാധ്യതയുള്ളതാണ് മുടിക്കൽ ഡിപ്പോ കടവും പരിസരവും. ഇതിനു മുൻപും മുങ്ങി മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വേലി കെട്ടാനോ അപകടമുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല.മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, തടി ഡിപ്പോ,പമ്പ് ഹൗസ് എന്നിവയുടെ അതിരാണു പെരിയാർ.പമ്പ് ഹൗസിനു സമീപം വലിയപാറക്കെട്ടുണ്ട്. ആനപ്പാറയെന്നാണ് അറിയപ്പെടുന്നത്. കിഴക്കു നിന്ന് ഒഴുകിയെത്തുന്ന പെരിയാറിലെ വെള്ളം ഈ പാറയിൽ അടിച്ച് അതിശക്തമായി കറങ്ങിയാണ് പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുകുന്നത്. സമീപത്തും പാറക്കെട്ടുകളുണ്ട്.

വീണാൽ പാറക്കെട്ടിൽ തലയിടിക്കാനുള്ള സാധ്യതയുണ്ട്. ഇവിടെ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുകയും മൈതാനത്ത് മതിൽ നിർമിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പെരുമ്പാവൂർ അഗ്നിരക്ഷാനിലയം ഓഫിസർ  ടി.കെ.സുരേഷ്,അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫിസർ  ‌ബി.സി.ജോഷി എന്നിവരുടെ നേതൃത്വത്തിൽ  ജീവനക്കാരായ ബൈജു ചന്ദ്രൻ, പ്രമോദ് കുമാർ, ശ്രീകുട്ടൻ, മണികണ്ഠൻ, ശ്രീജിത്ത്, ആദർശ്, എൽദോ ഏലിയാസ് എന്നിവരും കോതമംഗലം നിലയത്തിലെ സ്കൂബാ ടീം അംഗങ്ങളായ അനിൽകുമാർ, പി.എം. റഷീദ് ,സിദ്ധിഖ് ഇസ്മായിൽ, ബേസിൽ ഷാജി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

ADVERTISEMENT