ADVERTISEMENT

പാലക്കാട് കരിമ്പ മൂന്നേക്കർ തുടിക്കോടിൽ ചിറയിൽപ്പെട്ട് മരിച്ച സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുട്ടികൾക്ക് ഇന്ന് നാട് യാത്രാമൊഴി ചൊല്ലും. തുടിക്കോട് ആദിവാസി ഉന്നതിയിലെ സഹോദരങ്ങളായ പ്രദീപ് (7), പ്രജീഷ് (4), ബന്ധു രാധിക(10) എന്നിവരാണ് വീടിന് സമീപത്തെ ചിറയിൽ മുങ്ങിമരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്നലെ രാത്രി മൂവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്തു.  

മരുതങ്കാട് ജി.എൽ.പി സ്കൂളില്‍ മൃതദേഹങ്ങള്‍ ഒരു മണിക്കൂർ നീളുന്ന പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് തുടിക്കോട് ആദിവാസി ഉന്നതിയിലേക്ക് കൊണ്ടുപോകും. പന്ത്രണ്ട് മണിയോടെ കരിമ്പ പഞ്ചായത്തിലെ കുനിയംകാട് ശ്മശാനത്തിൽ മൂവരുടെയും മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ADVERTISEMENT

തമ്പി- മാധവി ദമ്പതികളുടെ മകളാണ് രാധിക, പ്രകാശൻ– അനിത ദമ്പതികളുടെ മക്കളാണ് മരിച്ച പ്രദീപും പ്രജീഷും. വീട്ടിൽ നിന്ന് കളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെയും ഉച്ചയോടെയാണ് കാണാതായത്. ബന്ധുവീടുകളില്‍ ഉള്‍പ്പെടെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അഞ്ച് മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ സംശയം കൂടി. ചിറയിൽ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രകാശന്റെ സഹോദരീ ഭർത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാ അശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈ ചിറ ആദിവാസി ഊരിനോട് ചേര്‍ന്നാണ്. പായല്‍മൂടി ഉപയോഗശൂന്യമായി കിടന്ന ചിറ രണ്ടു മാസം മുന്‍പാണ് വൃത്തിയാക്കിയത്. ചിറയിലെ വെള്ളം കണ്ട് കുട്ടികള്‍ കളിക്കാനെത്തുകയായിരുന്നു എന്നാണ് പ്രദേശവാസി പ്രതികരിച്ചത്. ചിറയില്‍ നിറയെ ചെളിയാണ്. മുതിര്‍ന്നവര്‍ ഇറങ്ങിയാല്‍ തന്നെ പൂണ്ടുപോകുന്ന അവസ്ഥയാണെന്നും പ്രദേശവാസി പ്രതികരിച്ചു. 

ADVERTISEMENT

ഉച്ചയോടെ കുട്ടികൾ അപകടത്തിൽപ്പെട്ടുവെന്നാണ് നിഗമനം. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ കുട്ടികള്‍ മരണപ്പെട്ടിരുന്നു എന്നാണ് കെ. ശാന്തകുമാരി എം.എൽ.എ പ്രതികരിച്ചത്. മരണം നടന്ന് നാലു മണിക്കൂറെങ്കിലും കഴിഞ്ഞാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍ അറിയിച്ചത്. 

കല്ലടിക്കോട് നിന്ന് ആശുപത്രിയില്‍ എത്താനെടുക്കുന്ന സമയം ഒരു മണിക്കൂറാണ്. ആംബുലന്‍സിലാകുമ്പോള്‍ മുക്കാല്‍ മണിക്കൂറുകൊണ്ട് എത്താം. കുട്ടികള്‍ ഉച്ചയോടെ വെള്ളത്തില്‍ വീണിട്ടുണ്ടാകാം എന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
ADVERTISEMENT