ADVERTISEMENT

രണ്ടു മാസത്തോളം നീണ്ട ആശുപത്രി വാസം, അതിൽ 26 ദിവസം മരണത്തോട് മല്ലടിച്ച് അബോധാവസ്ഥയിൽ. ഒടുവിൽ ജീവൻ തിരികെ കിട്ടിയെങ്കിലും കഴിഞ്ഞ ഒരു വർഷമായി കിടക്കയിലാണ് പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക പേഴുംകുന്നിൽ തെക്കതിൽ സി.വി.ചന്ദ്രസേന (49)ന്റെ ജീവിതം. റോഡിനു കുറുകെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ തെരുവുനായയാണ് ചന്ദ്രസേനന്റെയും കുടുംബത്തിന്റെയും ജീവിതം പ്രതിസന്ധിയിലാക്കിയത്.

2024 ഏപ്രിൽ 28ന് ആയിരുന്നു സംഭവം. അച്ഛൻ ചന്ദ്രശേഖരനെ ചീരങ്കാവിലെ ആശുപത്രിയിലാക്കി തിരികെ വീട്ടിലേക്കു ബൈക്കിൽ വരുകയായിരുന്നു ചന്ദ്രസേനൻ. റോഡിനു കുറുകെ പാഞ്ഞെത്തിയ നായയെ ഇടിച്ചു ബൈക്ക് മറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ ചന്ദ്രസേനനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു.

ADVERTISEMENT

രക്തത്തിൽ കുളിച്ചു അനക്കമില്ലാതെ കിടന്ന ചന്ദ്രസേനനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ 26 ദിവസം ബോധമില്ലാതെ കിടന്നു. ഒടുവിൽ 44 ദിവസത്തെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക്. പരസഹായം കൂടാതെ എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥ.

കാർപെന്റർ ജോലിക്കാരനായിരുന്ന ചന്ദ്രസേനന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വീണു പോയതോടെ ജീവിതം വഴി മുട്ടി. ബന്ധുക്കൾ സഹായിച്ചാണ് ആശുപത്രി ബില്ലടച്ച് വീട്ടിലെത്തിയത്. പരിചരണത്തിന് ഒരാൾ വേണമെന്നതിനാൽ ഭാര്യ സുബിതയ്ക്ക് മറ്റൊരു ജോലിക്കും പോകാൻ കഴിയുന്നില്ല. പ്രായമായ അമ്മയും രണ്ടു കുട്ടികളും ചേരുന്നതാണ് ഇവരുടെ കുടുംബം. മകൻ കിടക്ക വിട്ടെഴുന്നേൽക്കുന്നത് കാത്തിരുന്ന അച്ഛൻ അടുത്തിടെ മരിച്ചു.

ADVERTISEMENT

വീടും വസ്തുവും സഹകരണ ബാങ്കിൽ പണയത്തിലാണ്. അതു കുടിശികയായതിന്റെ ആശങ്ക വേറെയും. ചികിത്സ ഫലപ്രദമായി തുടർന്നാൽചന്ദ്രസേനനു വീണ്ടും ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയും എന്നാണു ഡോക്ടർമാരുടെ ഉറപ്പ്. പക്ഷേ പണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാൻ പോലും കഴിയുന്നില്ല. ഭാര്യ കെ.പി.സുബിതയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് പുത്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 40620101046966. ഐഎഫ്എസ്‌സി കോഡ്: KLGB0040620. ഗൂഗിൾപേ നമ്പർ: 7994424503. ഫോൺ: 7994424503.

ADVERTISEMENT
ADVERTISEMENT