‘ഉമ്മച്ചീ, എന്റെയടുത്ത് ഇരിക്കണമെന്നില്ല, പോയ പാടേ എനിക്കുള്ള പുസ്തകങ്ങൾ വാങ്ങണേ ഉമ്മച്ചീ, അതിന് ഇന്ന് പോകുമോ, നാളെ പോകുമോ..’ പേ വിഷബാധയേറ്റ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുമ്പോഴും നിയ ഫൈസൽ ഉമ്മയോടു പറഞ്ഞ അവസാന വാക്കുകൾ ഇങ്ങനെ.
പഠിക്കാൻ മിടുക്കിയായിരുന്ന നിയ അധ്യാപകരുടെ കുസൃതിക്കുടുക്കയുമായിരുന്നു. ഉമ്മയ്ക്ക് എന്തു സഹായവും ചെയ്തു നൽകാൻ മുന്നിലുണ്ടായിരുന്ന മിടുക്കി കൂട്ടുകാർക്കിടയിലും താരമായിരുന്നു. കണ്ണീർ വാർക്കാതെ ആർക്കും നിയാ ഫൈസലിന്റെ ഓർമകളെ അയവിറക്കാനാവില്ല.
സമീപത്ത് നിർമിക്കുന്ന പുതിയ വീട്ടിലെ തൊഴിലാളികൾക്ക് വെള്ളം നൽകി പാത്രം എടുത്തുകൊണ്ടു വരാൻ താനാണ് ആവശ്യപ്പെട്ടതെന്ന് ഉമ്മ ഹബീറ പറഞ്ഞു. തിരികെ വരുന്ന വഴി വീട്ടിൽ വളർത്തുന്ന താറാവുകളെ പിടിക്കാനെത്തിയ തെരുവുനായയെ ഓടിക്കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.
സഹോദരനും ഉമ്മയും മാത്രമുള്ള ഒറ്റ മുറി വീട്ടിൽ കഴിഞ്ഞു വന്ന നിയയ്ക്ക് പഠിച്ച് ജോലിയൊക്കെ നേടി ഉമ്മയുടെ പ്രയാസങ്ങൾ മറികടക്കണമെന്നതായിരുന്നു ആഗ്രഹം. ഇടയ്ക്കിടെ ഇതു പറയുകയും ചെയ്തിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു നിയാ ഫൈസലിന്റെ വലിയ പ്രത്യേകതയെന്ന് അധ്യാപകർ പറയുന്നു.