മുടിച്ചാര്‍ത്തിലെ മുഗ്ധസങ്കല്‍പം
സ്‌നേഹവും പ്രണയിനി എപ്പോഴും അരികില്‍ വേണമെന്ന തോന്നലും എല്ലാം ഏതൊരു സാധാരണ മനുഷ്യന്റെയും ഉള്ളിലുള്ള ആഗ്രഹങ്ങളാണ്. അതുവരെ ആരും അതൊന്നും പാട്ടിന്റെ രൂപത്തിലാക്കിയിട്ടുണ്ടായിരുന്നില്ല. ഒ എന്‍ വി സാര്‍ അത് അതിമനോഹരമായ വരികളിലൂടെ പറഞ്ഞു. 'നീയെത്ര ധന്യ'യിലെ അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍... ഈ പാട്ട് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നും, ഇത് എന്റെ മനസ്സിലെ ചിന്തകളാണല്ലോ, ഞാനും വിചാരിച്ചതാണല്ലോ ഇതെല്ലാം എന്ന്. ദേവരാജന്‍ മാഷിന്റെ ഈണം അതിന് കൂടുതല്‍ ഭംഗി നല്‍കി. ദാസേട്ടന്‍ പാടിയതു കേട്ടിരിക്കുമ്പോള്‍ ഏതു കാമുകനും അതുപോലൊന്നു പാടാന്‍ കൊതിച്ചു പോകും.
സ്വര്‍ഗപുത്രീ നവരാത്രി... എന്ന ഗാനത്തിലൂടെ വയലാര്‍ പാടുന്നതും പ്രണയത്തെക്കുറിച്ചാണെങ്കിലും അത് ഇത്തരത്തിലുള്ള ഗാനമല്ല. ആ തലത്തില്‍ ഒരു സാധാരണക്കാരന് പ്രണയത്തെ സങ്കല്‍പിക്കാനാവില്ല. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ... സാധാരണക്കാരുടെയും ഇഷ്ടപ്രണയഗാനമായത് ഒരുപക്ഷെ ആ ലാളിത്യം കൊണ്ടായിരിക്കാം.
പാലൊളി ചന്ദ്രികയില്‍ കണ്ട മന്ദഹാസം
കാത്തിരിപ്പിന്റെ സുഖവും തീവ്രതയും അതിന്റെ എല്ലാ പൂര്‍ണതയിലും അനുഭവിപ്പിക്കുന്ന പാട്ട്– 'ഭാര്‍ഗവി നിലയ'ത്തിലെ താമസമെന്തേ വരുവാന്‍ പ്രാണസഖീ... പ്രണയമെന്ന സങ്കല്‍പത്തെക്കുറിച്ചൊക്കെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും മുമ്പേ േകട്ട പാട്ടുകളുടെ കൂട്ടത്തില്‍ മനസ്സില്‍ കയറിക്കൂടിയ പാട്ട്. ഓരോ തവണ കേള്‍ക്കുന്തോറും മധുരം കൂടി വരുന്ന ബാബുക്ക മാജിക്. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ കാവ്യാത്മകമായ വരികളും.
ശരോണ്‍ താഴ്‌വരയിലെ പൊന്നുഷ സങ്കീര്‍ത്തനം
നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ...ഞങ്ങളുടെ കോളജ് കാലത്ത് അലയടിച്ച പ്രണയഗാനം. വേണു നാഗവള്ളിയെന്ന കാമുകന്‍ അക്കാലത്ത് ഉണ്ടാക്കിയ ഇഫക്റ്റ് പറഞ്ഞറിയിക്കാനാവില്ല. പ്രണയത്തിന്റെയും നഷ്ടപ്രണയത്തിന്റെയും നിരാശാകാമുകന്‍മാരുടെയുമൊക്കെ പ്രതീകമായിരുന്നല്ലോ അദ്ദേഹം. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ തോന്നും ഇന്നും 'ഉള്‍ക്കടലി'ലെ ഈ ഗാനം കേട്ടാല്‍. പിന്നെ ആ കാലഘട്ടത്തിന്റെ ഓര്‍മകളും കൊണ്ടു തരും. ഒ എന്‍ വിയുടെ വരികളും സംഗീതപ്രതിഭ എം ബി ശ്രീനിവാസന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും കൂടിച്ചേര്‍ന്ന് വല്ലാത്തൊരു അനുഭവമാണീ ഗാനം.
കടലിലെ ഓളവും കരളിലെ മോഹവും
അഗാധതയില്‍ നിന്നു വരുന്ന രോദനം പോലൊരു പാട്ട്. മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല 'ചെമ്മീനി'ലെ ക്ലാസിക് പ്രണയഗാനമായ മാനസമൈനേ വരൂ... നിലാവും കടലും ഏകാന്തതയും എല്ലാം കൂടിച്ചേര്‍ന്നുണ്ടാക്കുന്ന മനോഹരമായൊരു സംഗീത–ദൃശ്യാനുഭവം എന്നു പറയണം. പ്രണയിനിയെ വിളിക്കുന്ന ഏകാകിയായ കാമുകന്‍. പ്രണയിനിയെ കാണാതെ ഭ്രാന്തമായ അവസ്ഥയില്‍ അയാളുടെ നിലവിളി പോലെ തോന്നാറുണ്ട്. സലില്‍ ചൗധരിയുടെ ഈണമോ വയലാറിന്റെ വരികളോ മന്നാ ഡേയുടെ ആലാപനമോ, ഏതാണ് പാട്ടിലേക്ക് നമ്മളെ ആകര്‍ഷിക്കുന്നത് എന്നു പറയാന്‍ പ്രയാസം.
ആരും കൊതിക്കുന്നൊരാളെയും കാത്ത്
പിന്നെയും പിന്നെയും ആരോ കിനാവിന്റെ.... 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തി'ലെ ഈ ഗാനത്തെക്കുറിച്ചു പറയാതെ പ്രണയഗാനങ്ങളുെട പട്ടിക പൂര്‍ണമാകില്ലല്ലോ. കിനാവിന്റെ പടി കടന്നെത്തുന്ന പ്രണയിനിക്കായുള്ള കാത്തിരിപ്പും പ്രണയത്തെക്കുറിച്ചുള്ള മനോഹരമായ ഭാവനകളും പ്രതീക്ഷയും ഇത്രയും ലളിതവും സുന്ദരവുമായ പദങ്ങളിലൂടെ പറഞ്ഞ ഗിരീഷ് പുത്തഞ്ചേരി. ഗിരീഷിന്റെ പാട്ടുകള്‍ ഇഷ്ടമാണ് എന്നും. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന സംഗീതസംസ്‌കാരവും രൂപഭാവങ്ങളും പതിയെ മാറി വരുന്ന കാലഘട്ടമായിരുന്നു അത്. വരികള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത അക്കാലത്ത് അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി കാവ്യാത്മകമായ നല്ലൊരു മെലഡി. അതുകൊണ്ടു തന്നെ പിന്നെയും പിന്നെയും... ആദ്യമായി കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. നല്ല പാട്ടുകളുടെ പുഷ്‌ക്കലകാലം കൂടിയായിരുന്നു അത്.