Saturday 13 February 2021 01:17 PM IST

'ദൈവം തന്ന ഗിഫ്റ്റാണ് എന്റെ ഷഫ്‌ന': 'പ്ലസ്ടു' കാലത്തെ പ്രണയം, രജിസ്റ്റര്‍ വിവാഹം: പ്രണയകാലത്തിന്റെ ഓര്‍മ്മയില്‍ സജിന്‍

V.G. Nakul

Sub- Editor

shafna-new-1

മലയാളി കുടുംബപ്രേക്ഷകർ ഇപ്പോൾ ശിവന്റെ ആരാധകരാണ്. ചുരുങ്ങിയ കാലത്തിനിടെ ‘സാന്ത്വനം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ ശിവനും ഭാര്യ അഞ്ജലിയും മലയാളികളുടെ മനസ്സിൽ ഇടമുറപ്പിച്ചിരിക്കുകയാണ്.

നടി ഷഫ്നയുടെ ജീവിത പങ്കാളി കൂടിയായ സജിൻ ടി.പിയാണ് ശിവന്‍ എന്ന കഥാപാത്രമായി തിളങ്ങുന്നത്. ശിവനെ പിഴവുകളില്ലാതെ മനോഹരമാക്കി സീരിയൽ രംഗത്ത് പുത്തൻ താരോദമായിരിക്കുകയാണ് ഈ അന്തിക്കാട്ടുകാരൻ. എന്നാൽ ശിവൻ എന്ന കഥാപാത്രത്തിലേക്കെത്തിപ്പെടും മുമ്പുള്ള ജീവിതയാത്രയിൽ അഭിനയ മോഹവുമായി സജിൻ അവസരം തേടി നടന്നത് 11 വർഷം.

‘‘പ്ലസ് ടു എന്ന സിനിമയിൽ അഭിനയിച്ചത് 10 വർഷം മുമ്പാണ്. അതു കഴിഞ്ഞ് ഒരു തമിഴ് സീരിയൽ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. 50 എപ്പിസോഡില്‍ തീർന്നു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ‘സാന്ത്വന’വും ശിവനും തേടിയെത്തിയത്. ഇത്രയും വലിയ ഒരു സ്വീകാര്യത പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം’’.– ‘വനിത ഓൺലൈനോട്’ സംസാരിക്കുമ്പോൾ സജിന്റെ വാക്കുകളിൽ സന്തോഷത്തിന്റെ തിരയിളക്കം.

sajin-2

‘‘അഭിനയ രംഗത്ത് എത്തണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും. ‘പ്ലസ് ടൂ’ എന്ന ചിത്രത്തിനു ശേഷം കാര്യമായ അവസരങ്ങൾ കിട്ടിയില്ല. അതിനിടെ കല്യാണം കഴിഞ്ഞു. പ്രാരാബ്ദങ്ങൾ കൂടി. അതോടെ ഒരു കാർ ഷോറൂമിൽ സെയിൽസ് വിഭാഗത്തിൽ ജോലിക്കു കയറി. അതിനിടയിലും ചാൻസ് ചോദിക്കലും ഓഡിഷനില്‍ പങ്കെടുക്കലുമൊക്കെ സജീവമായിരുന്നു. ലീവിന്റെ പ്രശ്നങ്ങൾ വന്നതോടെയാണ് ആ ജോലി വിട്ട് മെഡിക്കൽ റെപ്പായത്. അപ്പോൾ കൂടുതൽ ഫ്രീ ടൈം കിട്ടി. 11 വർഷത്തോളം അവസരം തേടിയുള്ള അലച്ചിലായിരുന്നു. ആ യാത്രയാണ് ‘സാന്ത്വന’ത്തിൽ എത്തി നിൽക്കുന്നത്’’. – സജിൻ പറയുന്നു.

കുടുംബം എന്ന പിന്തുണ

ഷഫ്നയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഒപ്പം അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ കുടുംബവും. എന്റെ ആഗ്രഹം മനസ്സിലാക്കി ഒപ്പം നിന്നവരാണ് അവർ. വേറെ എന്തെങ്കിലും ജോലി നോക്ക്, ഇതിന്റെ പിന്നാലെ നടന്ന് ജീവിതം കളയാതെ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. അതാണ് എനിക്ക് ഊർജമായത്. തൃശൂർ അന്തിക്കാടാണ് നാട്. അച്ഛൻ–പുഷ്പൻ, അമ്മ – അംബിക.

ഷഫ്ന എന്ന ഗിഫ്റ്റ്

കല്യാണം കഴിഞ്ഞിട്ട് 7 വർഷം. എന്റെ 24 വയസ്സിലായിരുന്നു കല്യാണം. ഷഫ്ന ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ അഭിനയിച്ച ശേഷമാണ് രജിസ്റ്റർ ചെയ്തത്. കുറേ പ്രശ്നങ്ങളുണ്ടായി. എന്റെ വീട്ടിൽ കുഴപ്പമുണ്ടായിരുന്നില്ലെങ്കിലും ഷഫ്നയുടെ വീട്ടിൽ അംഗീകരിച്ചില്ല. മതം, ജോലി, പ്രായം ഒക്കെ പ്രശ്നമായിരുന്നു. ഇപ്പോൾ എല്ലാ അകൽച്ചകളും മാറി വരുന്നു. അവൾ സ്വന്തം വീട്ടിൽ പൊയി നിൽക്കാറൊക്കെയുണ്ട്.

ഷഫ്ന എനിക്കു ദൈവം തന്ന ഗിഫ്റ്റ് ആണ്. ‘സാന്ത്വന’ത്തിലെ അവസരം കിട്ടിയതും ഷഫ്ന കാരണമാണ്. എം.രഞ്ജിത്തേട്ടനും ചിപ്പിച്ചേച്ചിയുമായി ഷഫ്നയ്ക്ക് ചെറുതിലേ പരിചയമുണ്ട്. ‌ പ്രൊഡക്ഷൻ കൺട്രോളർ സജീവ് സൂര്യനുൾപ്പടെ പലർക്കും ഷഫ്ന പറ‍ഞ്ഞ് എന്റെ അഭിനയ മോഹം അറിയാം. അദ്ദേഹമാണ് ഇങ്ങനെയൊരു സീരിയൽ തുടങ്ങുന്നുണ്ട്, ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞത്. സീരിയൽ വേണോ വേണ്ടയോ എന്ന് ആദ്യം ചെറിയ സംശയം തോന്നിയെങ്കിലും രഞ്ജിത്തേട്ടൻ ക്യാരക്ടറിനെക്കുറിച്ച് പറ‍ഞ്ഞപ്പോൾ ചെയ്യാം എന്നു തീരുമാനിച്ചു. മാത്രമല്ല ‘രജപുത്ര’ എന്ന വലിയ ബാനറിന്റെ ഭാഗമായി ജോലി ചെയ്യുകയെന്നതും ഭാഗ്യമാണല്ലോ.

രഞ്ജിത്തേട്ടന്‍, ചിപ്പി ചേച്ചി, സംവിധായകാൻ ആദിത്യൻ സാർ, ക്യാമറാമാൻ അലക്സേട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ സജി ചേട്ടൻ, ഗിരിജ ചേച്ചി, ഒപ്പം അഭിനയിക്കുന്നവർ...‌ എല്ലാവർക്കും സ്നേഹം.

sajin-3

പ്ലസ് ടൂ’ പ്രണയം

ഞാനും ഷഫ്നയും പരിചപ്പെട്ടത് പ്ലസ് ടൂവിന്റെ ലൊക്കേഷനിൽ വച്ചാണ്. ഷെഡ്യൂൾ കഴിയാറായപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്. ഞാൻ പൊതുവേ സംസാരിക്കാൻ ചമ്മലും സഭാകമ്പവും ഒക്കെയുള്ള ആളാണ്. പതിയെപ്പതിയെ സൗഹൃദം പ്രണയമായി. രണ്ടു മൂന്നു വർഷം കഴിഞ്ഞാണ് വിവാഹത്തിലേക്ക് എത്തിയത്. മക്കളായിട്ടില്ല. ചില ചിത്രങ്ങളിൽ ഞങ്ങൾക്കൊപ്പം ചേട്ടന്റെ മകളെ കണ്ട് പലരും ഞങ്ങളുടെ മോളാണെന്ന് കരുതിയിട്ടുണ്ട്.

ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിട്ടില്ല. ഇത് ശിവന്റെതിനെക്കാള്‍ ‘സാന്ത്വന’ത്തിന്റെ ജനപ്രീതിയാണ്. വലിയ സന്തോഷം...11 വർഷത്തെ കാത്തിരിപ്പിന് ഫലം കിട്ടി..എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്നു പറയും പോലെയാണ് കാര്യങ്ങൾ.