പരസ്പരം കാണുന്നതിനു മുൻപേ പ്രണയിച്ചു തുടങ്ങിയവർ, പ്രണയത്തിരയിൽ അലിയാൻ തീരുമാനിച്ചവർ... ശ്രീ പാര്‍വതിയുെടയും ഉണ്ണിയുെടയും അപൂർവ പ്രണയവും ജീവിതവും...
വെയിൽ ചിറകു വിരിച്ചു താണിറങ്ങാൻ തുടങ്ങുന്ന നേരമായിരുന്നു അത്. ഹൃദയമിടിപ്പാൽ തുളുമ്പുന്ന ആലിലകൾക്കിടയിലിരുന്ന് കൂട്ടം തെറ്റിയ ഒരു കിളി ആർദ്രമായി മൂളുന്നുണ്ട്. ‘ആർക്കുമൊന്നു പ്രണയിക്കാൻ തോന്നുന്ന ചുറ്റുവട്ടം അല്ലേ?’ തറവാട്ടമ്പലത്തിന്റെ ചുറ്റുമതിലിലിരുന്നു ശ്രീ പാർവതി, ഉണ്ണിയെ ഗാഢമായി നോക്കി. കൂത്താട്ടുകുളം താമരക്കാട് കുഞ്ചരയ്ക്കാട്ട് മനയിൽ ഉണ്ണി നമ്പൂതിരിയും ശ്രീ പാർവതിയും പ്രണയിതാക്കളായിട്ടു പതിനഞ്ചു വർഷം കഴിഞ്ഞു.
മാതളത്തേനുണ്ണാൻ...
‘‘ജേർണലിസം പഠിക്കണം മാധ്യമപ്രവർത്തകനാകണം എന്നൊക്കെ സ്വപ്നം കണ്ട് നടന്ന ആളാണ് ഞാൻ.’’ ഉണ്ണി പറഞ്ഞു തുടങ്ങി. ‘‘1996ൽ ഡിഗ്രി കഴിഞ്ഞെങ്കിലും കോളജിൽ നിന്നു വിട്ടു പോരാനുള്ള വിഷമം കൊണ്ടാണ് ഒരു വർഷത്തെ കംപ്യൂട്ടർ കോഴ്സ് ചെയ്യാൻ തീരുമാനിച്ചത്.
പനി പിടിച്ച് ആശുപത്രിയിലായ കൂട്ടുകാരനെ കാണാന്‍ ഒാട്ടോയില്‍ േപായതായിരുന്നു ഞങ്ങള്‍. ബസ് വന്നു തട്ടിയുള്ള അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. സ്പൈനൽ കോഡിന് ഏറ്റ പരുക്കു മൂലം ഞാൻ വീൽചെയറിലായി. എന്തു ചെയ്യുമെന്നൊരാധി ചെറുതായി മനസ്സിൽ വന്നു വീണു.
ജീവിതത്തെ വളരെ ലൈറ്റായി കാണാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ ചെറിയൊരു തിരിവു വന്നെങ്കിലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളെ കുറിച്ചു ചിന്തിച്ചു സങ്കീർണമാക്കേണ്ട എന്നു തീരുമാനിച്ചു.
കോളജിലെ അധ്യാപകരാണ് വീട്ടിലിരുന്നു കുട്ടികളെ പഠിപ്പിക്കാനും ഇന്റർനെറ്റ് കഫേയ്ക്കുമെല്ലാമുള്ള സജ്ജീകരണങ്ങൾ ചെയ്തു തന്നത്. പിന്നീടാണ് വെബ് ഡിസൈനിങ് പഠിച്ചു ഗ്രാഫിക്സിലേക്കു വരുന്നത്. ഇന്നത്തെ വാട്സ്ആപ്പായിരുന്നു അന്നത്തെ യാഹൂ മെസഞ്ചർ. നേരം പോക്കാൻ നല്ലൊരു മാർഗം എന്ന നിലയിലാണ് കൂട്ടുകാർ അതിനെക്കുറിച്ചു പറഞ്ഞു തന്നത്.
ജയേഷ് എന്നായിരുന്നു ഔദ്യോഗിക പേര്. വീട്ടിലും നാട്ടിലുമെല്ലാം ഉണ്ണി നമ്പൂതിരി എന്നാണ് വിളിച്ചിരുന്നത്. ഉണ്ണി മാക്സ് എന്നൊരു ടെക്കി പേരുമിട്ടാണ് മെസഞ്ചറിൽ കയറിയിരുന്നത്.
മെസഞ്ചറിൽ നിന്നു കിട്ടിയ ഏക കൂട്ടുകാരിയാണ് ഈ അരികത്തിരിക്കുന്നത്. സൗഹൃദത്തിൽ തുടങ്ങി, പ്രണയത്തിലേക്കു നീണ്ടു, ജീവിതത്തോളം എത്തിയ കൂട്ട്.’’ പ്രണയകഥയെ രണ്ടു വാചകത്തിലൊതുക്കി ഉണ്ണി അതിനെ ആഴത്തിലേക്കു കൊണ്ടുപോയി.