മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ സിനിമാ പുരസ്കാരമായ സെറ-വനിത ഫിലിം അവാർഡ് ഫോർട് കൊച്ചി ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ ഇന്ന് അരങ്ങേറും. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് താരങ്ങൾ, മലയാളത്തിലെ പ്രിയ താരങ്ങൾ ജനപ്രിയ പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങുന്നതിന് സാക്ഷിയാകും. ആറു മണിയ്ക്ക് തുടങ്ങുന്ന പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വേദിയിൽ വർണക്കാഴ്ചയൊരുക്കാൻ മിന്നും താരങ്ങൾ അണിയറയിൽ അവസാന വട്ട പരിശീലനത്തിലാണ്. അത്യാധുനിക ലെറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളിൽ ഒരുങ്ങിയ വേദി മനോഹരമായ ദൃശ്യ–ശ്രാവ്യ അനുഭവം പകരാൻ തക്കതാണ്. നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്ക്കായി ചുവടുകളുമായി എത്തുന്നത് മലയാളത്തിലെയും ബോളിവുഡിലെയും പ്രിയ താരങ്ങളാണ്.
അസാധ്യമായ മെയ്‌വഴക്കവും അംഗവടിവും കൊണ്ട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ സൂപ്പർ ഐറ്റം നമ്പറുകളിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ യുവാക്കളുടെ ഹൃദയത്തുടിപ്പായി മാറിയ നോറ ഫത്തേഹി സെറ വനിത ഫിലിം അവാർഡ്സ് വേദിയിൽ ചടുല നൃത്തത്താൽ തീപ്പൊരി ചിതറിക്കും.
പവേർഡ് ബേ സ്പോൺസറായി ജോസ്കോയും പോപ്പീസും എത്തുന്ന താര നിശയിൽ മലയാളി ചന്തം നിറയ്ക്കുക താരസുന്ദരികളായ അനു സിത്താര, നമിത പ്രമോദ്, അനുശ്രീ, നിഖില വിമൽ, മിയ, ദീപ്തി സതി, രമ്യ നമ്പീശൻ എന്നിവരായിരിക്കും. മികച്ച അഭിനയം കാഴ്ചവച്ചതിലൂടെ മലയാളി പ്രേക്ഷകരുടെ അംഗീകാരമായ വനിത ഫിലിം അവാർഡിൽ മികച്ച നടിപ്പട്ടത്തിനായുള്ള മത്സരത്തിലും മാറ്റുരയ്ക്കുന്നു ഈ സുന്ദരിമാർ.
മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ കുട്ടി ചാവേറായി എത്തി മലയാള സിനിമയിലെ ‘വണ്ടർ ബോയ്’ ആയ മാസ്റ്റർ അച്യുതന്റെ കലാ പ്രകടനം ഫിലിം അവാർഡിന്റെ ഹൈലൈറ്റുകളിലൊന്നാണ്. കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ശേഷം അഭിനേത്രിയായി മാമാങ്കം സിനിമയിലൂടെ മലയാളത്തിലെത്തിയ സുന്ദരി പ്രാചി തെഹ്ലാനും ആവേശകരമായ കലാപ്രകടനവുമായാണ് സെറ വനിത താര നിശയിലേക്കെത്തുന്നത്.
പുഞ്ചിരിയും പാട്ടും കൊണ്ട് മലയാളിയുടെ മനം നിറയ്ക്കുന്ന നിത്യ ഹരിത ഗായിക കെ.എസ് ചിത്രയും ഗന്ധർവ നാദത്തിന്റെ പുത്തൻ സൗകുമാര്യം വിജയ് യേശുദാസും കേൾക്കാൻ കൊതിക്കുന്ന ഈണങ്ങളുമായി താര നിശയെ സമ്പന്നമാക്കും. മലയാളം നെഞ്ചേറ്റിയ പൂ മുത്തോളേ.. നീ മുകിലോ.. തുടങ്ങിയ ഗാനങ്ങളുടെയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തിളക്കത്തിന്റെയും ആഘോഷത്തിമിർപ്പിലാണ് വിജയ് എത്തുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ മേഖലയിൽ നിന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരു വേദിയിൽ ഒന്നിക്കുന്ന വിസ്മയക്കാഴ്ച കാണികളെ ആവേശഭരിതരാക്കും എന്നുറപ്പാണ്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ ആയ വനിത ആതിഥ്യം വഹിക്കുന്ന, വിവിധ വിഭാഗങ്ങളിലായി നൽകപ്പെടുന്ന പുരസ്ക്കാരങ്ങൾ സിനിമാ ആസ്വാദനത്തിൽ തികഞ്ഞ അവബോധമുള്ള മലയാളി പ്രേക്ഷകരുടെ തിരഞ്ഞെടുപ്പാണ് എന്നതാണ് താരങ്ങൾ ഏറ്റവും വിലകല്പിക്കുന്ന കാര്യം. മലയാള സിനിമയിലെ അഭിനയ പ്രതിഭകളെ പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ജനപ്രിയ താര നിശയായ സെറ– വനിത ഫിലിം അവാർഡ് വില്ലിങ്ടൺ ഐലന്റിലെ ബ്രിസ്റ്റോ ഗ്രൗണ്ടിൽ നാളെ ആറു മണിയോടെ അരങ്ങേറും. താരനിശയിൽ പ്രവേശനം പാസ് മുഖേനയാണ്.