കോട്ടയം പാമ്പാടിയിലുള്ള ഹരിയും ഭാര്യ ലക്ഷ്മിയും തങ്ങൾ സ്വപ്നം കണ്ട പോലത്തെ തറവാട് വീട് തന്നെ കിട്ടിയ സന്തോഷത്തിലാണ്. മനസ്സിലെ ഐഡിയാസ് പറഞ്ഞപ്പോൾ കോൺട്രാക്ടറായ ചേട്ടനാണ് പ്ലാൻ വരച്ചത്.

1982 ൽ വരൾച്ച ഉണ്ടായപ്പോൾ അച്ഛന്റെ അനുവാദത്തോടെ കോളനിക്കാർ ഈ മുറ്റത്ത് ഒരു കിണർ കുത്തിയിരുന്നു. നല്ല വെള്ളമുള്ള വറ്റാത്ത കിണർ ഇപ്പോഴും സുഭിക്ഷമായി വെള്ളം തരുന്നു. സ്ഥാനമനുസരിച്ച് വടക്കുകിഴക്കു മൂലയിലാണ് കിണർ. അതുകൊണ്ട് കിണറിനെ അങ്ങനെത്തന്നെ നിർത്തിയാണ് വീടിന് സ്ഥാനം കണ്ടത്.

പഴയ തറവാടിന്റെ ലുക്കിലുള്ള വീടായിരുന്നു ദമ്പതികളുടെ മനസ്സിൽ ഉണ്ടായിരുന്നത്. നല്ല വെട്ടുകല്ല് ലഭിക്കാനും കൊണ്ടുവരാനുമുള്ള ചെലവ് ഓർത്തപ്പോൾ ചുടുകട്ട കൊണ്ട് ഭിത്തി കെട്ടി പുറമേ ഒരു ഇഞ്ചിന്റെ വെട്ടുകല്ല് കഷണങ്ങൾ ഒട്ടിച്ച് അതേ ലുക്ക് കൊണ്ടുവന്നു. വെട്ടുകല്ല് അല്ലാന്ന് ആരും പറയില്ല. ഫിനിഷിങ് കഴിഞ്ഞപ്പോൾ വെട്ടുകല്ല് ക്ലാഡിങ്ങിന് സ്ക്വയർ ഫീറ്റിന് 140 രൂപയാണ് ചെലവു വന്നത്. വീടിനകത്ത് ചൂടിന് നല്ല കുറവുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു ഹരി.

നാലുകെട്ടിനോടായിരുന്നു താൽപര്യം. തുറന്ന നടുമുറ്റത്തിനു മുകളിൽ ഒറ്റപ്പീസ് 12 അടി സമചതുരത്തിലുള്ള ഗ്ലാസ് ഇട്ടിരിക്കുന്നു. അതുകൊണ്ട് വൈകുന്നേരം ഏഴു വരെ വീടിനകത്ത് നല്ല വെളിച്ചം കിട്ടുന്നു. ചെറിയ ഒരു താഴ്ചയിൽ പടികൾ ഇറങ്ങിയാണ് നടുമുറ്റം ഫാമിലി ഏരിയയും ടിവിയും ഇവിടെയാണ്. ഭിത്തികൾ കുറവായതിനാൽ അകത്ത് ഒട്ടും ഇടുക്കമില്ല.

രണ്ടു പേരും ജോലിക്കാരായതിനാൽ വിറകടുപ്പോ രണ്ട് അടുക്കളയോ കൊടുത്തില്ല. ഒറ്റ വലിയ അടുക്കള മാത്രം. രണ്ടു കിടപ്പുമുറികളും ഉണ്ട്. ഫ്ളാറ്റ് ആയി വാർത്ത മേൽക്കൂരയ്ക്കു മുകളിൽ ട്രസ്സ് ഇട്ട് തുണി തേക്കാനും ഉണക്കാനുമൊക്കെ സ്ഥലമൊരുക്കി.

തുളസിത്തറയും പൂജാമുറിയിലേക്കുള്ള കൃഷ്ണ വിഗ്രഹവുമായിരുന്നു ഹരിക്കും ലക്ഷ്മിക്കും വേണ്ടിയിരുന്ന ആഡംബരങ്ങൾ. യഥാർത്ഥ വെട്ടുകല്ല് വാങ്ങി 45 കല്ലുകൊണ്ട് പരമ്പരാഗത രീതിയിൽത്തന്നെ തുളസിത്തറ ഉണ്ടാക്കി. ഉത്തരേന്ത്യയിൽ നിന്നാണ് അവിടത്തെ കലാകാരന്മാർ പണിത പതിനാറര കിലോ തൂക്കമുള്ള ഓടിൻ്റെ കൃഷ്ണവിഗ്രഹം സ്വന്തമാക്കിയത്. പടിഞ്ഞാറോട്ട് ദർശനമുള്ള വീടിനു മുന്നിലായി തോടുമുണ്ട്. അങ്ങനെ ആധുനികത തുളുമ്പുന്ന ഒരു നാടൻ വീടാണ് ത്രയീശം.
1.

2.

3.
