പ്രവാസിയായ മലപ്പുറം കോടൂർ സ്വദേശി മൊയ്തു നാട്ടിൽ വീട് പണിയാനാണ് ഡിസൈനർമാരായ നിഷാഹിനെയും സിദ്ധീഖിനെയും ഏൽപ്പിക്കുന്നത്. വിദേശത്തിരുന്നു തന്നെ സ്വപ്ന ഭവനത്തെ പറ്റിയുള്ള തന്റെയും കുടുംബത്തിന്റെയും സങ്കൽപ്പങ്ങൾ ഡിസൈനർമാരുമായി പങ്കുവച്ചു.

ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്, നല്ല കാറ്റും വെളിച്ചവും ഉണ്ടാകണം എന്നതാണ് ആദ്യം പറഞ്ഞത്. രൂപകൽപനയിലും നിർമാണത്തിലും ഡിസൈനർമാർക്ക് പൂർണ്ണ സ്വാതന്ത്രവും നൽകി. വിദേശത്തിരുന്ന് തന്നെ മൊയ്തു വാട്സ്ആപ് വഴി നിർമാണത്തിന്റെ മേൽനോട്ടവും ആശയവിനിമയവുമെല്ലാം നടത്തി.

സമകാലിക ശൈലിയിലാണ് എക്സ്റ്റീരിയർ. രണ്ടു കാർ പോർച്ചുകൾ ട്രഡീഷനൽ ശൈലിയിൽ നൽകി. ട്രസ് വർക്ക് ചെയ്ത് ക്ലേ ടൈലുകൾ വിരിച്ചു. താഴെ സീലിങ് ഓടുമുണ്ട്. നീളൻ സിറ്റൗട്ടിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചു ഭംഗിയാക്കി. മുറ്റത്തെ മരങ്ങൾ കൂടുതലും നിർത്തി.നാച്ചുറൽ സ്റ്റോണും പുല്ലും പടിപ്പിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഡൈനിങ്, കോർട് യാർഡ് എന്നിവ ഹാളിന്റെ ഭാഗമാണ്. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുകൾ കൊടുത്ത് ഹരിതാഭ നിറച്ചു. ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ വശത്ത് ഗ്ലാസ് വാതിൽ കൊടുത്തു. ഇവിടെ നിന്നും ഔട്ഡോർ കോർട്യാർഡിലേക്ക് ഇറങ്ങാം. വാഷ് ഏരിയയും ഇവിടെ ക്രമീകരിച്ചു.

ആറു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ്, ഡ്രസിങ് സ്‌പേസ് സജ്ജീകരിച്ചു. മൾട്ടിവുഡ് നാനോവൈറ്റ് ഫിനിഷിലാണ് പാൻട്രി. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. വർക്ക് ഏരിയ കുറച്ചുകൂടി വിശാലമാണ്. ഇവിടെ സ്റ്റൗ കൊടുത്തു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.
Design:- Nishah, Sideeque, Habrix Architects, Tirur, 9809673678, 9605675773