കോഴിക്കോട് കണ്ണാടിക്കലിലുള്ള വിനൂപിന്റെയും ദിവ്യയുടെയും ഹരിതം എന്ന വീട് ഹൃദയം കൊണ്ടെഴുതിയ കവിതയാണ്. ഡിസൈൻ ചെയ്തത് ആർക്കിടെക്ട് ദമ്പതിമാരായ വിപിനും ശ്രുതിയും. രണ്ട് തറവാടുകൾ, ഇതിന് നടുവിലാണ് 17 സെന്റ്. രണ്ട് വീടിന്റെയും സ്വഭാവം പുതിയ വീടിന്റെ ഘടനയിൽ ഇഴ ചേർത്ത പ്ലാനിലാണ് വീട്. മൂന്ന് ഭാഗമായാണ് വീടിന്റെ ഘടന. ആദ്യഭാഗം സിറ്റ്ഔട്ട്Ðലിവിങ്Ðകിച്ചൻ. രണ്ടാമത്തേത് ഹാളും മൂന്നാമത്തെ ഭാഗം സ്റ്റെയറും ഇരുനിലകളിലായുള്ള കിടപ്പുമുറികളും. സിറ്റ്ഔട്ട് അടങ്ങുന്ന ഭാഗത്തെയും കിടപ്പുമുറികളെയും ബന്ധിപ്പിക്കുന്നത് ഹാളാണ്. വീടിന്റെ ഹൃദയഭാഗം കൂടിയാണിത്. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവയാണ് ഹാളിൽ ക്രമീകരിച്ചത്.

അകത്ത് വീട് തന്നെയാണോ എന്ന സംശയമാണ് ചുറ്റുമതിലിനു പുറത്തുനിന്നു കാണുന്നവർക്ക് ആദ്യമുണ്ടാവുക. ഈ ആകാംക്ഷ നില നിർത്തുന്ന രീതിയിലാണ് റോഡിൽ നിന്നുള്ള എക്സ്റ്റീരിയർ കാഴ്ച. ഓട് പതിച്ച മേൽക്കൂര മാത്രമാണ് കാണുക. ഒറ്റനില വീടാണെന്നേ തോന്നൂ. നാല് കിടപ്പുമുറികളുള്ള ഇരുനില വീട് അകത്ത് ഒളിപ്പിച്ചതിലാണ് ആർക്കിടെക്ടുമാരുടെ കഴിവ്. റോഡ് നിരപ്പിൽ നിന്ന് അൽപം ഉയർന്ന പ്ലോട്ടാണ്. ഒന്നരമീറ്റർ ഉയരത്തിലാണ് വീടിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് ലെവലായാണ് ലാൻഡ്സ്കേപ് ക്രമീകരിച്ചത്. ഗേറ്റ് കടന്ന് ചരിഞ്ഞ മുറ്റവും പടികളും കയറിയാണ് സിറ്റ്ഔട്ടിലേക്ക് കടക്കുന്നത്. പ്ലോട്ടിന്റെ ഈ ഘടന വീടിന്റെ ഡിസൈനായി.

അകവും പുറവും വേർതിരിച്ചറിയാനാവാത്ത ഡിസൈനാണ് വീടിന്. ചുറ്റുപാടിനെ വീടിന്റെ ഭാഗമാക്കി ചേർത്തു നിർത്തുന്നതാണ് മാജിക്ക്. ഇതിനു സഹായിക്കുന്ന ഘടകങ്ങളെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അകത്തെ കോർട്‌യാര്‍ഡാണ് ഇതിൽ പ്രധാനം. കോർട്‌യാർഡ് അകത്താണോ പുറത്താണോ എന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാരനാണെന്നു മാത്രം. ലിന്റലിനോട് ചേർത്ത് കെട്ടിയ കോർട്‌യാർഡിന്റെ ഭിത്തിയാണ് ഈ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. വീടിന് കാണുന്നതിനേക്കാൾ വലുപ്പം തോന്നാൻ സഹായിക്കുന്നതും ഈ ഭിത്തിയാണ്. വീട്ടുകാര്‍ വൈകുന്നേരങ്ങൾ ചെലവഴിക്കുന്ന കോർട്‌യാർഡ്, നാച്വറൽ സ്റ്റോണ്‍ കൊണ്ടുള്ള നടപ്പാത നൽകിയും പെബിൾസും ചെടികളും വച്ചും അലങ്കരിച്ചിട്ടുണ്ട്. പോർച്ചിൽ നിന്നും ഇവിടേക്കു പ്രവേശിക്കാം.

ഹാളിൽ നിന്നാൽ ഇരു തറവാടും കാണാനാവും. ഹാളിന്റെ ഇരുഭിത്തിയിലും വാതിലുകൾ നൽകിയാണ് ഇത് സാധ്യമാക്കിയത്. തറവാടിന്റെ അതേ ഡിസൈനിലാണ് ഹാളിന്റെ ഇടതുവശത്തെ ഭിത്തിയുടെ ക്രമീകരണം. നാലു പാളിയുള്ള പഴയ മോഡൽവാതിലും അതിനോട് ചേർന്ന് ജനലും നൽകി. ലൈറ്റിലുമുണ്ട് പഴമ. മറ്റു ഭിത്തിയിൽ നിന്ന് വ്യത്യസ്തമായി മഞ്ഞ നിറം നൽകി ഹൈലൈറ്റ് ചെയ്തു. വലതുവശത്തെ കോർട്‌യാർഡിലേക്ക് ഇറങ്ങി നിൽക്കുന്ന തൂണുകൾ നൽകിയ പൂമുഖവും പഴമ വിളിച്ചോതുന്നവ തന്നെയാണ്. പഴയ മോഡൽ ഈസി ചെയറും ഇവിടെ നൽകി. തടിയിൽ പണിത ഡൈനിങ്ങും ഹാളിലേക്ക് തുറന്നിരിക്കുന്ന ഓപൻ കിച്ചനും അകത്തളം ഏറെ ആകർഷകമാക്കുന്നു. ഡൈനിങ്ങിൽ നിന്നു തന്നെ പ്രവേശിക്കാവുന്ന വാഷ് റൂം ഹാളിന് പുറത്ത് പ്രത്യേകം ക്രമീകരിച്ചു.

അടഞ്ഞ ഭിത്തികളില്ല. തുറന്ന അന്തരീക്ഷമാണ് വീടിനകത്തെല്ലാം. കാറ്റ് കടത്തിവിടാൻ പാകത്തിലാണ് വാതിലും ജനലും ക്രമീകരിച്ചിരിക്കുന്നത്. ലിവിങ്ങിൽ ഇരുവശത്തും ഭിത്തി നിറയുന്ന ജനലുകൾ നൽകി. കോർട്‌യാർഡിലേക്ക് കാഴ്ചയെത്തുന്ന ഗ്ലാസ് ഭിത്തി ലിവിങ്ങിന്റെ ആകർഷണമാണ്. മുറികളിലും തറ വരെയെത്തുന്ന വലിയ ജനല്‍ തന്നെയാണ് പരീക്ഷിച്ചത്. കോർട്‌യാർഡിന്റെ കാഴ്ചയിലേക്ക് നോക്കിനിൽക്കാൻ പാകത്തില്‍ മുകളിലെ നിലയിലെ മുറിയിൽ ബാൽക്കണി നൽകി.

കിഴക്ക് ദർശനമായ വീടിന്റെ ഇരുനിലഭാഗം പിറകോട്ട് ഇറക്കിയാണ് പണിതത്. പിറകുവശത്ത് മുകളിലും താഴെയുമായാണ് നാലു കിടപ്പുമുറികൾ. കിടപ്പുമുറികളുടെ പടിഞ്ഞാറു ഭാഗത്ത് െവയിൽ അടിക്കാതിരിക്കാൻ ചെറിയ ജനലുകളാണ് കൊടുത്തത്. എല്ലാ കിടപ്പുമുറിയിൽ നിന്നും കോർട്‌യാർഡിലേക്ക് കാഴ്ചയെത്തും. ഫൂട്ബോൾ പ്രിയനായ മകന്‍ നിവേദിന്റെ മുറിക്കകം ഫൂട്ബോൾ മയമാണ്. മകള്‍ നേഹയുടെ മുറിയിൽ ജനലിനോട് ചേർന്ന് കോൺക്രീറ്റിൽ ഇരിപ്പിടം ഒരുക്കി. പഴയ ഫർണിച്ചർ പുതിയ രൂപത്തിൽ എത്തിയാണ് അതിശയിപ്പിക്കുന്നത്. മുറികളിലൊന്നും അധികമായി ഒരു അലങ്കാരവും നൽകിയില്ല. വീട്, വീട്ടുകാരെ ചേർത്തു പിടിക്കുന്നുണ്ട്. വീട്ടുകാർ സ്നേഹവും കരുതലും തിരിച്ചു നൽകുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങി നിർമിക്കുമ്പോഴായിരിക്കും വീട് ഇങ്ങിനെ ഹൃദയം കൊണ്ട് സംസാരിക്കുന്നത്.

ഡിസൈൻ: വിഎസ്‌പി ആർക്കിടെക്‌ട്‌സ്, കോഴിക്കോട്
vsparchitects@gmail.com