പാലക്കാട് പിരായിരിയിലുള്ള ദേവദാസിന്റെ വീട് അൽപം പഴയതാണ്. മാത്രവുമല്ല, സൗകര്യങ്ങളും കുറവാണ്. വീട് പൊളിച്ചു പുതിയതു പണിയുകയാണോ പുതുക്കിപ്പണിയുകയാണോ നല്ലത് എന്ന ചോദ്യവുമായാണ് പാലക്കാട് ഗ്രീൻലോഞ്ച് ഡിസൈനേഴ്സിലെ ബജേഷിന്റെ അടുത്തെത്തിയത്. പഴയ പ്ലാൻ വീടിന്റെ പ്ലാൻ അനുസരിച്ചിരിക്കും പുതുക്കണോ പൊളിക്കണോ എന്നത് എന്നായിരുന്നു ബജേഷിന്റെ ഉത്തരം.
പഴയ പ്ലാനിലേക്ക് കൂട്ടിച്ചേർക്കാനും അടർത്തിമാറ്റാനും സാധിക്കുമെങ്കിൽ അതിനോട് ആവശ്യമുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കാം. ദേവദാസിന്റെ വീടിന്റെ പ്ലാൻ ആവശ്യാനുസരണം മാറ്റം വരുത്താൻ സാധിക്കുന്ന തരത്തിലുള്ളതായിരുന്നു. അതുകൊണ്ട് പുതുക്കിപ്പണിയാം എന്ന തീരുമാനത്തിൽ എത്തി.

രണ്ട് കിടപ്പുമുറികൾ മാത്രമുള്ള ഒറ്റനില വീട് അതായിരുന്നു ദേവദാസിന്റെ വീട്. സ്വീകരണമുറിക്ക് വലുപ്പമില്ല, ഡൈനിങ് ഏരിയയും അടുക്കളയും വളരെ ചെറുത്, ബെഡ് റൂമുകൾ ബാത്റൂം അറ്റാച്ഡ് അല്ല... ഇങ്ങനെ പ്രശ്നങ്ങൾ ഏറെ. ചില ഭിത്തികൾ പൊളിച്ചുമാറ്റിയും ചിലത് പുതിയതു നിർമിച്ചുമാണ് വീടിന്റെ അസൗകര്യങ്ങൾ ഇല്ലാതാക്കിയത്.
ചില ഭിത്തികൾ എടുത്തുമാറ്റി സ്വീകരണമുറി വലുതാക്കി. അതിന്റെ പുറത്തേക്കുള്ള ഭിത്തി പൊളിച്ചു കളഞ്ഞ് പുറത്തൊരു ചുവരു കെട്ടി സ്ലാബ് നീട്ടിയെടുത്താണ് ഡൈനിങ് ഏരിയ വലുതാക്കിയത്. അടുക്കളയുടെ വലുപ്പം കൂട്ടി, പുതിയ വർക്ക് ഏരിയ പണിതു. പഴയ വീടിന്റെ ഉള്ളിലൂടെ പുതിയ ഗോവണി നിർമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. താഴത്തെ രണ്ട് കിടപ്പുമുറികളുടെയും വലുപ്പം കൂട്ടി ബാത്റൂം കൂട്ടിച്ചേർത്തു. പഴയ നിലത്തെ മൊസേക്ക് മുഴുവൻ കളഞ്ഞ് ടൈൽ പതിച്ചു. ജനലുകൾക്കും വാതിലുകൾക്കുമൊന്നും മാറ്റം വരുത്തിയില്ല.

മുകളിൽ പുതുതായി രണ്ട് കിടപ്പുമുറികൾ കൂടി കൂട്ടിച്ചേർത്തതോടെ 2000 സ്ക്വർഫീറ്റ് ആയി. സ്ക്വയർഫീറ്റിന് ഏകദേശം 1500 രൂപയാണ് ചെലവായത്. പുതിയ വീടുവയ്ക്കാൻ വേണ്ടിവരുന്നതിനേക്കാൾ കുറവാണ് ഇത്. മാത്രവുമല്ല, നിർമാണസാമഗ്രികൾ പാഴാക്കിക്കളയാതിരിക്കാനും ഈ പുതുക്കിപ്പണിയൽ സഹായിച്ചു. വീടിന് കാഴ്ചയിൽ പുതുമയും ഉപയോഗക്ഷമതയും കൈവന്നതോടെ ദേവദാസും കുടുംബവും ഹാപ്പി.
ഡിസൈനർ: ബജേഷ്, ഗ്രീൻലോഞ്ച് ഡിസൈൻ, പാലക്കാട്, ഫോൺ: 97453 71648
1.

2.

3.

4.

5.

6.

7.

8.
