തിരുവനന്തപുരം ഉള്ളൂർ സ്വദേശിയും പ്രൈം ബിൽഡേഴ്സ് ആൻഡ് ആർക്കിടെക്ട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സാജനും എൻജിനീയറിങ് വിദ്യാർഥിയായ മകനും ചേർന്നാണ് സ്വന്തം വീട് ഡിസൈൻ ചെയ്തത്. സ്കെച്ച് ഇടാൻ സ്വന്തം ഓഫിസിലുള്ള ആർക്കിടെക്ടുമാർ, ഇന്റീരിയർ ചെയ്യാൻ ഡിസൈനർമാർ... അതു പോരെ?! താഴത്തെ നിലയിൽ മൂന്ന് കിടപ്പുമുറികൾ വേണമെന്നുള്ളത് ഹാളിന്റെ വലുപ്പം കുറച്ചു. കുത്തിനിറയ്ക്കാതെയുള്ള ഫർണിച്ചർ ക്രമീകരണവും വെള്ള നിറവും വിശാലത തോന്നിക്കാൻ സഹായിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള സ്ലാബ് ടൈലാണ് ലിവിങ്ങിലെ ഫ്ലോർ. ഗ്ലാസ് പാനലിങ് നൽകി ടിവി യൂണിറ്റും ക്രമീകരിച്ചു. സിംപിൾ ഡിസൈനിൽ ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റും നൽകി.

എട്ട് സെന്റിൽ കന്റെംപ്രറി ശൈലിയിൽ 2990 ചതുരശ്രയടിയാണ് വീട്. വൈറ്റ് തീം എന്നു ചുമ്മാ പറയുന്നതല്ല. എങ്ങും വെളുപ്പു മയം. ആകെയൊരു നിറവ്യത്യാസമുള്ളത് വശങ്ങൾ ഉരുട്ടിയടുത്ത മേൽക്കൂരയ്ക്ക് താഴെയുള്ള കൂളിങ് ഗ്ലാസ് ഭിത്തിയാണ്. രണ്ട് കിടപ്പുമുറികളുടെ രണ്ട് ഭിത്തി മുഴുവൻ ഗ്ലാസ് നൽകിയിരിക്കുന്നു. വീടിന്റെ പുറം കാഴ്ചയിൽ ആദ്യം കണ്ണിലുടക്കുക ഇതുതന്നെയാണ്. ആവശ്യത്തിന് മുറ്റം മാറ്റിവച്ചാണ് വീട് പണിതത്. ഗെയ്റ്റോ മതിലോ നൽകിയിട്ടില്ല.

ചെറുതും ആകർഷകവുമായ കിച്ചൻ മതിയെന്നായിരുന്നു അധ്യാപികയായ വീട്ടുകാരി ദീപയ്ക്ക്. വൈറ്റ് തീമിൽ ടൈൽ കൊണ്ടുതന്നെ കൗണ്ടർ ടോപ് നൽകിയാണ് ഓപൻ കിച്ചൻ ക്രമീകരിച്ചത്. മറൈൻ പ്ലൈയിൽ ലാമിനേറ്റ്ഡ് ഫിനിഷിലാണ് കബോർഡുകൾ. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ക്രമീകരിച്ചു. അധികം സ്റ്റോറേജ് നൽകിയിട്ടില്ല. വലുതല്ലാത്ത ഒരു വർക്ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ വർക്ഏരിയയോട് ചേർന്ന് സ്റ്റോർ റൂം നൽകിയിട്ടുണ്ട്.

അംഗങ്ങൾക്കനുസരിച്ച സൗകര്യത്തിൽ ഡൈനിങ് ടേബിളും ഇരിപ്പിടവും ഓപൻ കിച്ചനോടു ചേർന്ന്, ഹാളിൽ തന്നെ ക്രമീകരിച്ചു. സ്റ്റീൽ ഫ്രെയിമിൽ ഗ്ലാസ് ടോപ് നൽകിയാണ് ടേബിൾ ഒരുക്കിയത്. ഒരു വശത്ത് സോഫയും വീട്ടിത്തടിയിൽ കുഷൻ ചെയ്ത കസേരയും നൽകി. ചെറിയ ജനല്‍ പുറത്തെ ബാംബൂ കാഴ്ചകളിലേക്ക് ക്ഷണിക്കും. മറൈന്‍ പ്ലൈയിൽ ലാമിനേറ്റ് ചെയ്ത കൗണ്ടറിൽ, വാഷ് ബേസിൻ ക്രമീകരിച്ചു. താഴെ സ്റ്റോറേജും നൽകിയിട്ടുണ്ട്.

ബീറ്റ് ബോക്സിൽ ഗിന്നസ് റെക്കോ ർഡ് ഉടമയായ മകൾ ഡോ. ആർദ്രയും വീഡിയോ ക്രിയേറ്ററായ മകൻ ആശിഷുമാണ് മ്യൂസിക്- സ്റ്റുഡിയോ റൂമിന്റെ ഗുണഭോക്താക്കൾ. റെക്കോർഡിങ്ങിനും എഡിറ്റിങ്ങിനുമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. മെമെന്റോകളും ഫോട്ടോ വോളും ഒരുക്കിയത് ഇടത്തെ ആകർഷകമാക്കുന്നു. ആവശ്യമെങ്കില്‍ കിടപ്പുമുറിയാക്കി മാറ്റാവുന്ന തരത്തില്‍ സോഫ കം ബെഡ് നൽകിയിട്ടുണ്ട്. അറ്റാച്‍ഡ് ബാത്റൂമും ഉണ്ട്.

അപ്പർ ലിവിങ്ങിൽ നിന്നാണ് പൂളിലേക്കുള്ള പ്രവേശനം. കാറ്റും വെളിച്ചവും വേണ്ടുവോളം എത്തുന്ന ഇടം. അഞ്ചരയടി നീളത്തിലും മൂന്നടി വീതിയിലുമാണ് പൂളിന്റെ ക്രമീകരണം. മൂന്ന് ലെവലുകളിലായി വെള്ളച്ചാട്ടവും ക്രമീകരിച്ചിട്ടുണ്ട്. ബീച്ച് ചെയറുകളും നൽകി. പൂളിന്റെ റൂഫ് ജിഐ ട്രസ്സിൽ മുക്കാൽ ഭാഗം സോളർ പാനലും ബാക്കി എസിപി ഷീറ്റിലും നൽകി. ഓൺ ഗ്രിഡിൽ സോളർ സിസ്റ്റം ക്രമീകരിച്ചു. മൾട്ടിപർപ്പസ് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.

താഴത്തെ നിലയിൽ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണ് ക്രമീകരിച്ചത്. വീടിന്റെ പൊതുവായ വൈറ്റ് തീം തന്നെയാണ് ഈ മുറികളിലും പിൻതുടർന്നത്. മുറികൾക്ക് അനുയോജ്യമായ കട്ടിലും അവയ്ക്കനുസരിച്ച് ഹെഡ്ബോർഡും ഡിസൈൻ ചെയ്തു. കാറ്റ് കടന്നെത്താൻ പാകത്തിൽ വലിയ ജനൽ ക്രമീകരിച്ചു. ബാത്റൂം വാതിലുകൾ ഗ്ലാസും പിവിസിയും ആണ് നൽകിയത്. താഴത്തെ നിലയിലെ വാതിലുകൾ തേക്ക് കൊണ്ടുള്ളവയാണ്. മുകളിലെ നിലയിൽ മഹാഗണിയിൽ വൈറ്റ് പിയു പെയിന്റ് അടിച്ചു. ലൈറ്റുകൾ അടക്കം വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ എവിടെയിരുന്നും മൊബൈലില്‍ നിയന്ത്രിക്കാം. സെക്യൂരിറ്റി ക്യാമറയും അലാം സിസ്റ്റവും ക്രമീകരിച്ചിട്ടുണ്ട്.