പുതിയ വീട് വയ്ക്കാൻ പുറപ്പെടുന്നതിന് മുൻപ് ഞങ്ങൾ തിരഞ്ഞതു മുഴുവൻ ചെലവു കുറഞ്ഞ വീടുകളാണ്. ഗവേഷണം മാത്രമല്ല, പല ആർക്കിടെക്ടുമാരുടെയും ഡിസൈനർമാരുടെയും നമ്പർ സമ്പാദിച്ച് അവരെയെല്ലാം വിളിച്ച് ചെലവു കുറച്ച് മികച്ച വീട് നിർമിക്കാനുള്ള മാർഗങ്ങൾ ആരായുകയും ചെയ്തു. പാലാ ഇടമറ്റത്ത് 2700 ചതുരശ്രയടിയുള്ള ഈ വീട്, പൂന്തോട്ടമുൾപ്പെടെ 30 ലക്ഷത്തിന് തീർന്നത് ഈ അന്വേഷണങ്ങളുടെയെല്ലാം ഫലമായാണ്. നിർമാണസമയത്തും ഭിത്തികെട്ടൽ ഉൾപ്പെടെ എല്ലാവിധ ജോലികളിലും ഞങ്ങൾ കൂടി പങ്കെടുത്തിട്ടുണ്ടെന്ന് അഭിമാനത്തോടെത്തന്നെ എവിടെയും പറയും.

പഴയ വീട് പൊളിച്ച് അതേ സ്ഥാനത്ത് പുതിയ വീട് പണിയുകയായിരുന്നു. പഴയ വീട്ടിലെ കേടുപാടുകൾ കുറഞ്ഞ രണ്ട് കിടപ്പുമുറികൾ അതേപടി നിലനിർത്താം എന്നത് ആദ്യമേ തീരുമാനിച്ചു. ഒരു ഡിസൈനറുടെ സഹായത്തോടെയാണ് പ്ലാൻ വരച്ചത്. ആ പ്ലാൻ പ്രകാരമുള്ള വീട് ഞങ്ങളുടെ ബജറ്റിൽ ഒതുങ്ങില്ലെന്ന് മനസ്സിലായി. അവിടെ ഞങ്ങൾക്ക് കത്രികയെടുക്കേണ്ടിവന്നു. കുറച്ചു ഭാഗങ്ങൾ വെട്ടിമാറ്റിയ പ്ലാനിന് മറ്റൊരു എൻജിനീയറാണ് അനുമതി വാങ്ങിത്തന്നത്.

പഴയ വീട്ടിലെ രണ്ട് കിടപ്പുമുറികൾ നിലനിർത്തിയതിനാൽ ഇംഗ്ലിഷ് അക്ഷരമായ ‘C’ യുടെ ആകൃതിയാണ് വീടിന്. ചതുരമോ ദീർഘചതുരമോ അല്ലാത്തതിനാൽ ചുമരുകളുടെ എണ്ണം കൂടുതലായിരുന്നു. അല്ലെങ്കിൽ ചെലവ് കുറച്ചുകൂടി ഒതുക്കാമായിരുന്നു.

ഈർപ്പത്തിന്റെ സാന്നിധ്യം എപ്പോഴുമുണ്ട് ഞങ്ങളുടെ പുരയിടത്തിൽ. അത് വീടിനെ ബാധിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്നത് ഞങ്ങളുടെ ഗവേഷണത്തിൽ ഉൾപ്പെട്ടിരുന്നു. ചെലവു കുറയ്ക്കാൻ ഇന്റർലോക്ക് മൺകട്ട ഉപയോഗിക്കാം എന്ന പ്രതീക്ഷ പല വിദഗ്ധരുമായി സംസാരിച്ചതോടെ അസ്തമിച്ചു. ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ മൺകട്ട പൊടിയാൻ സാധ്യതയുണ്ട്.

സിമന്റ് ഇന്റർലോക്ക് ബ്ലോക്കിലേക്ക് തിരിയാൻ അതു കാരണമായി. സിമന്റ് ഇൻർലോക്ക് കട്ടകൾ തേക്കാതെ, മുകളിൽ പെയിൻ്റ് ചെയ്തതും മാഗസിനിൽ കണ്ട ഓർമയിൽ ചെയ്തതാണ്. പല ഭിത്തികളും പോയിന്റ് ചെയ്തത് ഞങ്ങൾ രണ്ടുപേരും കൂടിയാണ്. ചില ഭിത്തികൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. ഇതെല്ലാം ചെലവു കുറച്ച ഘടകങ്ങളാണ്.
പറമ്പിൽ ഒരു തേക്ക് ഉണ്ടായിരുന്നു. അത് മുറിച്ച് മരപ്പണിക്ക് ഉപയോഗിച്ചു. ബാക്കിയെല്ലാം പഴയ തടിയാണ്. പഴയ വീടിന്റെ കേടുപാടുകളില്ലാത്ത വാതിലുകളും ജനലുകളുമെല്ലാം പൂർണമായി പുനരുപയോഗിച്ചു. തികയാത്തത് ജിഐ കൊണ്ട് നിർമിച്ചു. പൈൻവുഡും ചിലയിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. കോഴിക്കോടു നിന്നാണ് ഇതു വാങ്ങിയത്. സ്റ്റെയർകെയ്സ് ലാൻഡിങ്ങിന്റെ ഫോൾസ് സീലിങ് ചെയ്യാനും ചില ഫ്രെയിം വർക് ചെയ്യാനും പൈൻവുഡ് പലകകൾ തികഞ്ഞു.

വീടിന് ഓപൻ പ്ലാനാണ് തിരഞ്ഞെടുത്തത്. എന്നാൽ സ്വകാര്യത സംരക്ഷിക്കാൻ സ്വീകരണമുറി ഒരു ഫോയർകൊണ്ട് വേർതിരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപൻ കിച്ചനിലെ ബാർ സ്റ്റൂളിലിരുന്ന് ഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. അടുക്കളയുടെ തുടർച്ചയായി വർക്ഏരിയയും ഒരു യൂട്ടിലിറ്റി ഏരിയയുമുണ്ട്.
പഴയ വീടിന്റെ ഭാഗമായവ ഉൾപ്പെടെ നാല് കിടപ്പുമുറികളും താഴെയാണ്. മുകളിലെ നിലയിൽ ഗോവണി ലാൻഡിങ് ഏരിയ കൂടാതെ, ഹോംതിയറ്ററും ഒരു ബാൽക്കണിയും മാത്രമാണ് ഉള്ളത്. വീടിന് C ആകൃതിയായതിനാൽ ശേഷിക്കുന്ന വശം അടച്ച് നടുമുറ്റം സൃഷ്ടിച്ചു. പകുതി ഭിത്തി കെട്ടി മുകളിലേക്ക് മെഷിൽ മെറ്റിൽ സാൻഡ്‌വിച്ച് ചെയ്താണ് പുറത്തെ ഭിത്തി നിർമിച്ചത്.

ഫോയറിൽ ഒരു വലിയ ജനാലയ്ക്കു വേണ്ടി സ്ഥലം ഒഴിച്ചിട്ടിരുന്നു. അവിടെ ജനാല വേണോ ജാളി വേണോ എന്നതിന് അവസാന നിമിഷം വരെ തീരുമാനമായില്ല. ഒടുവിൽ പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് അവിടേക്കു കൃത്യമായി യോജിക്കുന്ന ഒരു പഴയ ജനൽ കിട്ടി. ഒരു ബേവിൻഡോയോടൊപ്പം ജനൽ സ്ഥാപിച്ചു. കോർട്‌യാർഡിൽ നിന്ന് ഫോയറിലേക്കും ഡൈനിങ്ങിലേക്കും കിടപ്പുമുറികളിലേക്കുള്ള ജനലുകളും ഇത്തരത്തിൽ പഴയത് വാങ്ങിയതാണ്.
ഫ്ലോർ ടൈലും ഞങ്ങൾ വളരെ ചുരുങ്ങിയ ചെലവിൽ വാങ്ങിയതാണ്. എണ്ണത്തിൽ കുറഞ്ഞ ടൈലുകൾ കടക്കാർ മാറ്റിവയ്ക്കും. അതു കുറഞ്ഞ വിലയ്ക്കു ലഭിക്കും. അത്തരത്തിൽ വാങ്ങിയ ടൈലുകളാണ് ഇവിടെ നിലത്തും അടുക്കള/ബാത്റൂം ഭിത്തികളിലും വിരിച്ചത്. പല കടകൾ കയറിയിറങ്ങി വാങ്ങിയതിനാൽ എല്ലാ മുറികളിലും വ്യത്യസ്തമായ ഫ്ലോറിങ്ങാണ്. ലാംപ്ഷേഡുകളും ഇതുപോലെ കടകളിൽ സിംഗിൾപീസ് ആയി വന്നതാണ് വാങ്ങിയത്.
ഓട് പഴയത് പുനരുപയോഗിച്ചു. പഴയ വീട്ടിലുണ്ടായിരുന്നതു കൂടാതെ കുറച്ചു വാങ്ങേണ്ടിവന്നു. വീടിന്റെ മുൻവശത്ത് ഓടും പിറകിൽ ജിഐ ഫ്രെയിമിൽ ഷീറ്റുമാണ് ഞങ്ങൾ ഇട്ടത്. ഇതെല്ലാം ചെലവു നിയന്ത്രിക്കാൻ സഹായിച്ചു.

ഫർണിച്ചറിലും ഞങ്ങളുടെ കരസ്പർശമുണ്ട്. ജിഐ ട്യൂബും മിച്ചം വന്ന പ്ലൈവുഡുമാണ് സോഫ ഉൾപ്പെടെ എല്ലാ ഫർണിച്ചറിന്റെയും നിർമാണവസ്തുക്കൾ. പഴയ ടയർ അപ്ഹോൾസ്റ്ററി ചെയ്തും ഇരിപ്പിടങ്ങൾ നിർമിച്ചു. പഴയ വീട്ടിൽ ഉണ്ടായിരുന്ന ഡൈനിങ് ടേബിളും കസേരകളും കട്ടിലുകളുമൊന്നും കളഞ്ഞില്ല. പോളിഷ് ചെയ്ത് ഉപയോഗിച്ചു.
പഴയ വീടിന്റെ ഭാഗമായിരുന്ന, തൂൺ ഉൾപ്പെടെ പല ഭാഗങ്ങളും ഫർണിച്ചറായും അലങ്കാരവസ്തുക്കളായുമൊക്കെ ഈ വീട്ടിൽ കാണാം. ലാൻഡ്സ്കേപ്പിങ് ചെയ്തതും ഞങ്ങൾ തനിയെയാണ്. കോവിഡ്കാലം പണിക്ക് പലപ്പോഴും തടസ്സം നിന്നെങ്കിലും പത്ത് മാസം കൊണ്ട് ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു.
ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ