മിഴികളിൽ പ്രണയത്തിന്റെ സെന്തമിഴ് സൗന്ദര്യം ഒളിപ്പിച്ചാണ് 96 എന്ന സിനിമയിലൂടെ ഗൗരി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞത്. തൃഷ അവതരിപ്പിച്ച നായികാകഥാപാത്രമായ ജാനുവിന്റെ കൗമാരകാലം അവതരിപ്പിച്ച ഗൗരിയുടെ അഭിനയമികവ് കണ്ട പലരും പറഞ്ഞു. ‘കുട്ടി കൊള്ളാം.’അതോടെ ആ മട്ടിലുള്ള സിനിമകൾ വന്നു തുടങ്ങി. ഇപ്പോൾ പ്രണയകഥകളുടെ ട്രാക്കിൽ നിന്ന് മാറിയോടാനൊരുങ്ങുകയാണ് ഗൗരി കിഷൻ.
സുഴൽ 2ലെ മുത്തുവും ലൗ അണ്ടർ കൺസ്ട്രക്‌ഷനിലെ ഗൗരിയുമെല്ലാം ഈ മാറ്റത്തിന്റെ തുടക്കമാണ്. പുതിയ വെബ്സീരീസുകൾ പ്രേക്ഷകർ സ്വീകരിച്ച സന്തോഷത്തിൽ ചെന്നൈ മലയാളിയായ ഗൗരി പുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഗൗരി അഭിനയിച്ച രണ്ട് വെബ് സീരീസുകൾ ഇപ്പോൾ ട്രെൻഡിങ്ങാണ്. സന്തോഷത്തിനു തിളക്കം കൂടുമല്ലോ?
ലൗ അണ്ടർ കൺസ്ട്രക്‌ഷനിലെ ഗൗരിയും സുഴൽ2ലെ മുത്തുവും രണ്ട് സ്വഭാവക്കാരാണ്. മുത്തുവി ന്റെ ഞരമ്പിലോടുന്നത് നൃത്തമാണെന്നാണു സംവിധായകരായ ബ്രഹ്മ സാറും സർജുൺ സാറും ത ന്ന വിവരണം. പക്ഷേ, അതിനപ്പുറം ആഴമുണ്ടായിരുന്നു ആ കഥാപാത്രത്തിന്. കംഫർട്ട് ലെവലിൽ നിന്ന് പുറത്തു വരണം എന്ന ആഗ്രഹം മുത്തുവിലൂടെ സാധ്യമായി എന്നു തോന്നുന്നു.
ലൗ അണ്ടർ കൺസ്ട്രക്‌ഷനിലെ ഗൗരിക്ക് പേരി ൽ മാത്രമല്ല സ്വഭാവത്തിലും ഞാനുമായി ചില സാമ്യങ്ങളുണ്ട്. നായകൻ നീരജും ഞാനും തമ്മിലുള്ള കെമിസ്ട്രി വളരെ നല്ലതായിരുന്നുവെന്ന് എല്ലാവരും പറയുന്നു. സന്തോഷമുണ്ട്. ഒടിടി നൽകുന്ന ഗ്ലോബൽ അറ്റൻഷൻ സുഴലിനും എൽയുസിക്കും പ്രയോജനപ്പെടുന്നുണ്ട്.
വിഘ്നേഷ് ശിവനൊപ്പം പുതിയ സിനിമ വരുന്നു. അ നുഭവം പങ്കുവയ്ക്കാമോ?
അതേ. ലൗ ഇൻഷുറൻസ് കമ്പനി (എൽഐകെ). അ ഭിനയത്തെക്കുറിച്ചുള്ള എന്റെ ധാരണകൾ അദ്ദേഹം പൊളിച്ചെഴുതി. വളരെ ചെറിയ കാര്യങ്ങൾപോലും അദ്ദേഹം ഏറെ ശ്രദ്ധയോടെയാണു ചെയ്യുക. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുണ്ടെങ്കിലും സന്ദർഭത്തിനനുസരിച്ച് സ്ക്രിപ്റ്റിൽ മാറ്റം വരുത്താൻ വിഘ്നേഷിനു മടിയില്ല. സ്ക്രിപ്റ്റ് പൂർണമായും പഠിച്ചശേഷം സെറ്റിലേക്കു പോകുന്ന ആളാണു ഞാൻ. സ്ക്രിപ്റ്റ് മനഃപാഠമാക്കിയല്ല കഥാപാത്രത്തെ ഉൾക്കൊള്ളേണ്ടതെന്ന് എൽഐകെയിലൂടെ മനസ്സിലാക്കി. ചില നിമിഷങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മാജിക് ആസ്വദിക്കണമെങ്കിൽ നമ്മൾ ഫ്ലെക്സിബിൾ ആകണം എന്നു പഠിപ്പിച്ചതു സംവിധായകൻ വിഘ്നേഷാണ്.
വളർന്നു വരുന്ന, യുവനടി എന്ന നിലയിൽ സിനിമ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്ന ഇടമാണു സിനിമ. സിനിമ മാത്രമല്ല, പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറിക്കൊണ്ടേയിരിക്കും. വ്യക്തിപരമായി നേരിടുന്ന പ്രധാന വെല്ലുവിളി ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന ബ്യൂട്ടി സ്റ്റാൻഡേർഡുകളാണ്. സൗന്ദര്യത്തിനേറെ പ്രാധാന്യം നൽകുന്ന ഇൻഡസ്ട്രി ആയതിനാൽ നമ്മൾ മറന്നാലും നമ്മുടെ കുറവുക ളെ എടുത്തുകാണിക്കാൻ മറ്റുള്ളവർ മറക്കാറില്ല.

പൊതുഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു എന്നതാണ് മറ്റൊരു പ്രശ്നം. സോഷ്യൽ മീഡിയ നൽകുന്ന പ്രഷറും കൂടുതലാണ്. ആക്ടീവ് ആയി പോസ്റ്റുകൾ ഇടുക, ആളുകൾക്ക് ഇഷ്ടമുള്ള കണ്ടന്റുകൾ നിർമിക്കുക, അവയൊക്കെ കൃത്യസമയങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഞാനല്പം വീക്ക് ആണ്.
സിനിമയിൽ സെക്സിസമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
തീർച്ചയായും. എല്ലാ മേഖലയിലും എന്ന പോലെ സിനിമയിലും സെക്സിസം നിലനിൽക്കുന്നു. നിർഭാഗ്യവശാൽ പലരും ഇതു തുറന്നു പറയാനും സമ്മതിക്കാനും മടിക്കുന്നു. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും പല തരത്തിലുള്ള മൈക്രോ ഡിസ്ക്രിമിനേഷനുകൾ ഇവിടെയുണ്ട്. നമ്മുടെ അഭിപ്രായങ്ങളെ പാടെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ നേരിട്ടിട്ടുണ്ട്. നമ്മൾ പറയുന്ന കാര്യങ്ങൾ നിസാരമായതുകൊണ്ടല്ല, മറിച്ചു പറയുന്നതൊരു സ്ത്രീയായതുകൊണ്ടാണ് അങ്ങനെ.
ഡബ്ബ കാർട്ടൽ പോലെയുള്ള വെബ് സീരിസുകൾ ലീ ഡ് ചെയ്യുന്നത് സ്ത്രീകളാണ്. എന്നിട്ടും ഇവിടെ പലപ്പോഴും സിനിമയുടെ മാർക്കറ്റ് നിശ്ചയിക്കുന്നതു നായകന്മാരാണ്. സ്ത്രീകൾ ഇത്രയേറെ പ്രൂവ് ചെയ്തിട്ടും എന്തു കൊണ്ടാണ് ആളുകളുടെ സമീപനത്തിൽ മാറ്റമില്ലാത്തത് എന്ന ചോദ്യം എന്നെ അലട്ടാറുണ്ട്. വളർന്നു വരുന്ന കലാകാരി എന്ന നിലയിൽ ഇത്തരത്തിൽ ഒരുപാടു പ്രതിസന്ധികൾ എനിക്കു താണ്ടേതായുണ്ട്.
ഗൗരിയെ വിസ്മയിപ്പിക്കുന്ന നടിമാർ ആരൊക്കെയാണ്?
ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണു ഞാൻ. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്. ഒരേസമയം ചൈൽഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യാനും ആലിയയ്ക്കു സാധിക്കും. കൊങ്കൊണ സെൻ ശർമയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങൾക്കു നൽകുന്ന ഡെപ്ത്തും കണ്ടുപഠിക്കേണ്ടതാണ്. സായ് പല്ലവിയാണു മറ്റൊരു ഫേവ്റൈറ്റ്. വിദ്യാ ബാലനും മഞ്ജുവാരിയരും എന്നെ ഒരുപാട് ഇൻസ്പയർ ചെയ്യുന്നു.

സിനിമയിൽ കഴിഞ്ഞുപോയ വർഷങ്ങളുണ്ടാക്കിയ മാറ്റങ്ങൾ?
സിനിമയിലെത്തിയിട്ട് ആറു വർഷമായി എന്നു ചിന്തിക്കുന്നത് ആരെങ്കിലും ഓർമിപ്പിക്കുമ്പോൾ മാത്രമാണ്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം മാത്രമേയുള്ളൂ.
പലരും ചോദിക്കാറുണ്ട് ലീഡ് റോളുകൾ മാത്രം ചെയ്താൽ പോലെ എന്ന്. സ്ക്രീൻ ടൈം കുറവാണെങ്കിൽപ്പോലും കഥാപാത്രം ശ്രദ്ധേയമാണെങ്കിൽ ഞാൻ ഹാപ്പിയാണ്. ഇപ്പോൾ ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിൽ നിൽക്കാനും ഇഷ്ടമാണ്. സ്ക്രിപ്റ്റിങ്ങും ടെക്നിക്കൽ വ ശങ്ങളും പഠിക്കാൻ താത്പര്യമുണ്ട്.
വിഘ്നേഷ് ശിവന്റെ എൽഐകെയാണ് തമിഴിൽ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളത്തിൽ സാഹസം, വികാരം എന്നീ സിനിമകളുണ്ട്. ബോളിവുഡിൽ നിന്നു ചില ഓഫറുകളുണ്ട്. ചർച്ചകൾ നടക്കുന്നു.
വളർന്നതൊക്കെ ചെന്നൈയിലാണെങ്കിലും വിഷു ഓർമകൾ ഉണ്ടാകുമല്ലോ അല്ലേ?
ജീവിതം ചെന്നെയിലാണെങ്കിലും ഇപ്പോൾ എനിക്കു മലയാള സിനിമയോടാണ് ഇഷ്ടവും ആഗ്രഹവുമെല്ലാം. ഞാൻ മലയാളി ആണെന്നു പറയുമ്പോൾ ഇപ്പോഴും പലരും എന്നെ അദ്ഭുതത്തോടെ നോക്കാറുണ്ട്. അച്ഛൻ ഗീതാകിഷൻ അടൂർ സ്വദേശിയും അമ്മ വീണ വൈക്കം സ്വദേശിയുമാണ്.
ചെന്നൈയിൽ വിഷു ആഘോഷിച്ചിട്ടുണ്ടെങ്കിലും നാട്ടിലെ വിഷുവിനോടാണ് എന്നും പ്രിയം. കുട്ടിക്കാലത്തെ വിഷുക്കണിയും കൈനീട്ടവുമെല്ലാം ഇന്നും മനസ്സിലുണ്ട്. വിഷുവിന്റെയന്ന് എല്ലാ ബന്ധുക്കളും വീട്ടിൽ ഒത്തുകൂടും. ഒന്നിച്ചിരുന്നുള്ള സദ്യയും വിശേഷം പങ്കുവയ്ക്കലുമൊക്കെയായി ആകെ ഉത്സവമൂഡാണ്.
ചെന്നൈയിലാണെങ്കിൽ ഇവിടെയുള്ള സുഹൃത്തുക്കളെ ഉച്ചയൂണിനു വീട്ടിലേക്കു ക്ഷണിക്കും. പായസം ഉൾപ്പെടെ അമ്മ നല്ല നാടൻ സദ്യയൊരുക്കും. ഒത്തുകൂടലിന്റെ സന്തോഷമാണല്ലോ എല്ലാ ആഘോഷങ്ങളും.