കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ട്രാൻസ്ജെൻഡർ മോഡലുകൾ ജാൻമണിയെന്ന സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റിന്റെ കരവിരുതിൽ പിറന്ന ബ്രൈഡൽ ഷോയിൽ റാമ്പിലെത്തി. വധുക്കളായി അണിഞ്ഞൊരുങ്ങിയ അവർ പുത്തൻ ട്രെൻഡുകളണിഞ്ഞല്ല, പഴമയുടെ വസന്തം വാരിയണിഞ്ഞാണ് സുന്ദരികളായത്. മലയാളിയുടെ നൊസ്റ്റൂ ഹൃദയത്തിന് എന്നും പ്രിയപ്പെട്ടതാണ് വിന്റേജ് കളക്ഷനുകൾ. ഫാഷനില്‍ അതെത്തിക്കാനുള്ള ഉദ്യമത്തിന്റെ അരികത്താണ് ജാന്മണി. കൊച്ചിയില്‍ എം ജി റോഡിൽ താരങ്ങളുടെ പ്രിയപ്പെട്ട ജാൻ , ഉടനാരംഭിക്കാൻ പോകുന്ന വിന്റേജ് ബ്രൈഡല്‍ സ്റ്റുഡിയോ ലോഞ്ച് ചെയ്യാനെത്തിയത് ആശാ ശരത്, പാരിസ് ലക്ഷ്മി, ദിയ, രഞ്ജിനി ഹരിദാസ് തുടങ്ങിയ താരങ്ങളാണ്. വിന്റേജ് റീ ഡിഫൈൻഡ് എന്ന കലണ്ടറും ഇതിനോടകം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഓരോ പേജിലും പരമ്പരാഗത വസ്ത്രങ്ങളിലും മേക്കപ്പിലുമെത്തുന്നത് മഞ്ജു വാര്യരിൽ തുടങ്ങുന്ന താരനിരയാണ്. അമ്പതു വർഷത്തോളം പഴക്കമുള്ള കലാവസ്ത്രങ്ങളും പഴമയുടെ ഭംഗിയും ഗുണവും ചോരാതെ പുനർ നിർമ്മിച്ച വസ്ത്രങ്ങളും ഇവിടെ അണി നിരക്കും.

വിന്റേജ് ലുക്കുകളോട് എന്നും പ്രണയത്തിലായിരുന്ന ജാനിന് ഹൃദയം കവിഞ്ഞ‍് നന്ദി പറയുകയാണ് വേദിയിലെത്തിയ ഭിന്നവിഭാഗക്കാരായ മോഡലുകളും. വധുവായി അണിഞ്ഞൊരുങ്ങാനുള്ള അവരുടെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. ‘‘കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ കൊട്ടാരത്തിലെ കൊച്ചു മകളുടെ വിവാഹ വസ്ത്രങ്ങളും വിന്റേജ് രീതിയിലായിരുന്നു. രാജകുടുംബങ്ങൾക്കു മാത്രമല്ല ,സാധാരണക്കാരിലേക്കും പരമ്പരാഗത തനിമയുള്ള ഫാഷൻ സ്റ്റേറ്റ്മെന്റുകൾ എത്തിക്കാനാണ്എന്റെ ലക്ഷ്യം. ദൈവം സഹായിച്ചാൽ എല്ലാം നടക്കും’’. ജാൻ പറയുന്നു.
