വൃദ്ധ ചുക്കിച്ചുളിഞ്ഞ കവിളിലേക്കിറങ്ങിയ കണ്ണുനീർതുടച്ചുകൊണ്ടുതുടർന്നു. ‘‘ദക്ഷിണഭാരതത്തിലെ മുഴുവൻ രാജാക്കന്മാരുടെയും തലപ്പത്ത് ഒരാളാണ്. അയാളുടെ ശാസനകളെ അനുകൂലിക്കാത്ത ഒരു രാജാവിനും അധികാരം നിലനിർത്തുവാൻ സാധ്യമല്ല. ഭാരതത്തെ ബ്രാഹ്മണാധിപത്യത്തിന്റെ കീഴിലാക്കാൻ യത്നിക്കുന്ന അയാളുടെ ആജ്ഞയനുസരിച്ചാണ് ഈ തടങ്കൽപ്പാളയം നിർമിച്ചത്.’’
‘‘ആജ്ഞയെന്താണ്?’’
‘‘ശരീരബലമുള്ള യുവാക്കളെ നിലനിർത്തി അപശകുനവും ദുർബലരുമായ വൃദ്ധരെ ഉപേക്ഷിക്കുക. അതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനാകുമെന്ന് ആ ബ്രാഹ്മണൻ കരുതുന്നു. അങ്ങനെ ആര്യാധിപത്യത്തെ ബലപ്പെടുത്തുകയാണ് അയാൾ.’’
‘‘ആ ബ്രാഹ്മണന്റെ പേരെന്താണ്?’’ ബർബരീകന്റെ കണ്ണുകളിൽ രോഷം അലയടിച്ചു.
ഭീതിയോടെ ചുറ്റുംനോക്കി, മുഖംചുളിച്ചു കൊണ്ടു വൃദ്ധ പറഞ്ഞു:
‘‘പരശുരാമൻ.’’
ഘടോൽക്കചൻ ഭാഗം രണ്ട്: രാക്ഷസപർവം- രാജേഷ് കെ. ആർ. പ്രസാധനം – ലോഗോസ് ബുക്സ്.
അധികാരത്തോടുള്ള ആസക്തി.. ഒരു പരിധി വരെ അതാണ് രാജേഷ് കെ. ആർ. എഴുതിയ ഘടോൽക്കചൻ എന്ന നോവലിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ കാതൽ. ഭക്തിയുടെ സോപാനപ്പടിയിൽ നിന്നുകൊണ്ടല്ലാതെ, അവതാരപുരുഷന്മാരെ വികാരവും വിചാരവുമുള്ള മനുഷ്യരായി (വാല്മീകി രാമായണത്തിൽ ശ്രീരാമൻ തന്നെപ്പറ്റി പറഞ്ഞ ‘ആത്മാനം മാനുഷം മന്യേ, രാമം ദശരഥാത്മജം’ എന്ന വാക്യം ഇവിടെ ഓർമ്മിക്കാം.) ചിത്രീകരിച്ചിരിക്കുന്ന ഈ നോവൽ വ്യത്യസ്തമായ ആഖ്യാനതന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്.
ദുര്യോധനനും യുധിഷ്ഠിരനും ശ്രീകൃഷ്ണനും പരശുരാമനും മുതൽ പ്രവാളത്തിലെ വൃഷപർവാവ് മഹാരാജാവു വരെയുള്ളവരെ ബാധിച്ച അധികാരതിമിരമാണ് നോവലിലെ അരൂപിയായ പ്രതിയോഗി എന്നു പറയാം.. അധികാരം കൈപ്പിടിയിൽ ഒതുക്കാൻ അവർ ആയുധമാക്കിയത് അവർ തന്നെ അധമരെന്നും അധഃകൃതരെന്നും വിശേഷിപ്പിച്ച നാഗ, രാക്ഷസ, നിഷാദകുലങ്ങളെയാണ് എന്നത് ഒരു വൈരുദ്ധ്യം. വിജയികളുടെയും പരാജിതരുടെയും പക്ഷത്ത് ഒരുപോലെ നഷ്ടങ്ങൾ സംഭവിച്ചത് ഈ ആയുധങ്ങൾക്കു മാത്രമാണ്. ഉചിതമായ മരണാനന്തരക്രിയ പോലും ലഭിക്കാത്ത, വായനക്കാരെ വ്യസനിപ്പിക്കുന്ന നഷ്ടം.
മഹാഭാരതകഥയെ യുക്തിപൂർവമായ ഭാവനയിലൂടെ പുനഃസൃഷ്ടിച്ച ‘ഘടോൽക്കചൻ’ എന്ന നോവലിന്റെ രണ്ടാംഭാഗം ‘രാക്ഷസപർവം’ ആഖ്യാനശൈലിയിലും തീക്ഷ്ണമായ ഭാവനയിലും ആദ്യഭാഗത്തെക്കാൾ ഒരുപടി മുന്നിലാണെന്നു പറയാം. മഹാഭാരതം ബോധപൂർവം മറന്ന കഥാപാത്രങ്ങളെ, അവരുടെ സ്വത്വത്തെ വെളിച്ചത്തിലേക്കു കൊണ്ടുവന്ന് അവകാശങ്ങൾ നേടിയെടുക്കുവാനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ഒന്നാംഭാഗം നിർവഹിച്ചതെങ്കിൽ ഇതിഹാസത്തിൽ പരാമർശിക്കാത്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവയെ മൂലകൃതിയുടെ കഥയുമായി വിളക്കിച്ചേർത്തു കഥാഗതിയെ പ്രവചനാതീതമാക്കുക എന്നശ്രമകരമായ ദൗത്യമാണ് രണ്ടാം ഭാഗമായ രാക്ഷസപർവത്തിൽ രാജേഷ് കെ. ആര്‍. ഏറ്റെടുത്തിരിക്കുന്നത്. അതുതന്നെയാണ് ഈ നോവലിനെ അത്രമാത്രം മനോഹരമാക്കുന്നതും.

മുന്‍പേ എഴുതപ്പെട്ട ക്ലൈമാക്സ്
ഏതൊരു രചനയുടെയും മുന്നോട്ടുള്ള വായനയെ വേഗത്തിലാക്കുന്നത് അതിന്റെ ക്ലൈമാക്സ് അറിയാനുള്ള വ്യഗ്രതയാണ്. എന്നാൽ രാക്ഷസപർവത്തിന്റെ ക്ലൈമാക്സ് മഹാഭാരത കഥ അറിയുന്ന ഏതൊരാൾക്കും സുപരിചിതമാണ്. ക്ലൈമാക്സ് അറിഞ്ഞു കൊണ്ടുതന്നെ ഈ നോവൽ വായിക്കുമ്പോൾ കേട്ടു പരിചയിച്ച കഥാസന്ദർഭങ്ങളിൽ നിന്നു വ്യതിചലിച്ച് ഉദ്വേഗവും ഉൽകണ്ഠയും ജനിപ്പിച്ച്, ആകാശത്തോളം ഉയർന്നുവരുന്ന തിരമാല തീരത്ത് അതിനെത്തിത്തൊടാൻ കഴിയുന്ന അവസാനമൺതരിയെയും ചുംബിച്ചു ശാന്തമായി പിൻവാങ്ങുന്ന പോലെ ഈ നോവലും അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ സഞ്ചരിച്ചു കേട്ടുപഴകിയ ക്ലൈമാക്സിലെത്തി വായനക്കാരന്റെ ഉദ്വേഗം തുടിക്കുന്ന മനസ്സിനു ശാന്തി സമ്മാനിക്കുന്നു. അൽപം ആലങ്കാരികമായി പറഞ്ഞാൽ ഈ ശാന്തി വായനക്കാരനുമാത്രമല്ല, കേന്ദ്രകഥാപാത്രമായ ഘടോൽക്കചനും അവകാശപ്പെട്ടതാണ്. കാരണം സംഭവിക്കാൻ പോകുന്ന ദുരന്തത്തിന്റെ ഭീകരതയും നഷ്ടങ്ങളും സ്വപ്നങ്ങളിലൂടെ അനുഭവിച്ചറിഞ്ഞു വർഷങ്ങളായി സ്വാസ്ഥ്യം നഷ്ടപ്പെട്ടു ജീവിച്ചത് അയാൾ- ഘടോൽക്കചൻ- മാത്രമായിരുന്നു.
‘തിമിംഗില’ത്തെ തേടിയുള്ള ബർബരീകന്റെ യാത്രയും പ്രവാളം എന്ന രാജ്യവും അവിടത്തെ രാജകുമാരി സംയമിയുമായുള്ള ബർബരീകന്റെ പ്രണയവും തുടർന്നുള്ള സംഭവവികാസങ്ങളും പരശുരാമന്റെ കടന്നുവരവും ഏകലവ്യൻ കൃഷ്ണന്റെ അർദ്ധസഹോദരനാണെന്നുള്ള വെളിപ്പെടുത്തലുമെല്ലാം നോവലിലെ വഴിത്തിരിവുകൾക്കു ചില ഉദാഹരണങ്ങൾ മാത്രം.
ജാതിവ്യവസ്ഥയുടെ താപം എത്രമാത്രം രൂക്ഷമായിരുന്നു എന്നത് രാക്ഷസപർവവും വ്യക്തമാക്കുന്നു. തനിക്ക് ഉലൂപിയെന്ന നാഗസ്ത്രീയിൽ ജനിച്ച പുത്രൻ ഇരാവാനോടുള്ള അർജുനന്റെ മനോഭാവം അതിനു നേര്‍ക്കാഴ്ചയാണ്. തന്നെ ആദ്യമായി കാണുവാൻ കൊതിച്ചെത്തിയ, ബാല്യം മാറാത്ത മകൻ ബലിമുഖത്തേക്കു നടത്തപ്പെട്ടപ്പോഴും നിർനിമേഷനായി നോക്കിനിന്നു അർജുനൻ. ഇരാവാന്റെ സ്ഥാനത്ത് ക്ഷാത്രതേജസ്സുള്ള അഭിമന്യു ആയിരുന്നെങ്കിൽ പിതാവ് അർജുനനും മാതുലൻ ശ്രീകൃഷ്ണനും കാഴ്ചക്കാരായി നിൽക്കുമോ എന്നു ചിന്തിക്കാൻ വായനക്കാർക്ക് അവസരം നൽകുന്നു നോവലിസ്റ്റ്.
നിസ്സഹായതയുടെ മുഖങ്ങള്‍
അധികാരാസക്തിയാണ് രാക്ഷസപർവത്തിന്റെ ഒരു മുഖമെങ്കിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നിസ്സഹായതയാണ് മറ്റൊരു മുഖം. അതിൽക്കുരുങ്ങിക്കിടക്കുന്ന പ്രധാന കഥാപാത്രം ഘടോൽക്കചൻ ആണെങ്കിലും മൗർവിയിലും ബലരാമനിലും ഏകലവ്യനിലും തക്ഷകനിലുമെല്ലാം അതിന്റെ അനുരണനങ്ങൾ ഉണ്ട്. ഈ നോവലിൽ നിസ്സഹായതയെ തോൽപിച്ച് ഓരോ നിമിഷവും മുന്നേറുന്നത് ഘടോൽക്കചപുത്രനായ ബർബരീകന്‍ മാത്രമാണ്. മരണത്തിനു മുന്നിൽപ്പോലും നിസ്സഹായനാകാത്ത ബർബരീകൻ.
‘‘പ്രതികരണത്തിന്റെയും നിസ്സഹായതയുടെയും വിരുദ്ധഭാവങ്ങൾ എന്റെയുള്ളിൽ ഉണ്ടെന്നു തോന്നാറുണ്ട്. ആ ഭാവങ്ങളാവാം ഈ നോവലിലെ ബർബരീകനും ഘടോൽക്കചനും. ചുറ്റുമുള്ള അനീതികൾക്കെതിരെ പ്രതികരിക്കുന്ന, ഭരണാധിപത്യത്തിന്റെ ശാസനകളോടുള്ള ഭയമോ വിലക്കുകളുടെ ചങ്ങലപ്പൂട്ടോ ചുറ്റാത്ത പോരാളിയാവാൻ ബർബരീകനെപ്പോലെ ഞാൻ കൊതിക്കാറുണ്ട്. പക്ഷേ, നിസ്സഹായതയിലേക്കും ഏകാന്തതയിലേക്കും മുങ്ങിപ്പോകാറാണ് പതിവ്. ഘടോൽക്കചനെപ്പോലെ.’’ നോവലിസ്റ്റ് രാജേഷ് കെ.ആർ. പറയുന്നു.
ഒന്നാംഭാഗത്തിലും രണ്ടാംഭാഗത്തിലും മിഴിവോടെ നിൽക്കുന്ന സ്ത്രീകഥാപാത്രം മൗർവി തന്നെയാണ്. പ്രണയവും വീര്യവും ഒരുപോലെ നിറഞ്ഞുനിൽക്കുന്നസ്ത്രീ. പ്രവാളത്തിലെ സംയമി രാജകുമാരിയും ഹിഡുംബിയും കുന്തിയും ഗാന്ധാരിയുമാണ് എടുത്തു പറയാനുള്ള മറ്റു സ്ത്രീകഥാപാത്രങ്ങൾ.
ഒന്നാംഭാഗത്തിൽ വളരെ അനുകമ്പയോടെ കണ്ടിരുന്ന ചില കഥാപാത്രങ്ങളോട് ഈർഷ്യ തോന്നിക്കുന്ന കഥാമുഹൂർത്തങ്ങളും ഉണ്ട്. അതിലൊരാൾ ഹിഡുംബിയാണ്. തിരിച്ചുകിട്ടാത്ത സ്നേഹത്തിനായി കാത്തിരിക്കുന്ന പതിവ്രതയായ ഹിഡുംബി ഘടോൽക്കചന്റെ ഒന്നാംഭാഗത്തിൽ ഒരു നൊമ്പരമായാണ് ശേഷിക്കുന്നത്. എന്നാൽ രണ്ടാംഭാഗത്തിൽ തന്നെ അവഗണിച്ച ഭർത്താവിനും അയാളുടെ കുലത്തിനും വേണ്ടി മകനെയും പേരക്കുട്ടികളെയും യുദ്ധമുഖത്തേക്കയയ്ക്കാൻ വ്യഗ്രത കാട്ടുന്ന ഹിഡുംബി മാതൃത്വത്തിനെക്കാൾ വിലനൽകുന്നതു ഭർത്താവിനോടുള്ള നിഷ്ഫലമായ സ്നേഹത്തിനു മാത്രമാണ്.
കുരുവംശത്തോടുള്ള പക പർവതാകാരം പൂണ്ട ശകുനിയുടെ മറ്റൊരു മുഖമാണ് രാക്ഷസപർവത്തിൽ തെളിഞ്ഞുവരുന്നത്. ആർക്കും സഹതാപം തോന്നുന്ന ഇറ്റു സ്നേഹംതോന്നിക്കുന്ന മുഖം. ഇതിലെ മിഴിവാർന്ന മറ്റൊരു കഥാപാത്രം ശകുനിയുടെ വളർത്തുമകനായ വീരബാഹുവാണ്. ആദ്യഭാഗത്തെ ബകനെപ്പോലെ അധർമത്തിനും അസമത്വത്തിനുമെതിരെ പോരാടുന്ന കഥാപാത്രങ്ങൾ രാക്ഷസപര്‍വത്തിലുമുണ്ട്. അതിലൊരാൾ ജടാസുരനാണ്. ദ്രൗപദിയുടെഒരു വിനോദത്തിനു മുന്നിൽ വംശവും ജീവനും നഷ്ടമായജടാസുരൻ.
ചരിത്രം എന്നും ഭരണവർഗത്തിന് അനുകൂലമായി മൊഴിനൽകുമ്പോൾ, കാലങ്ങൾ കഴിഞ്ഞാലും ധർമത്തിനും നീതിക്കും വേണ്ടിയുള്ള തീവ്രവമായ ആഗ്രഹം ആ ചരിത്രത്തെചോദ്യം ചെയ്തുകൊണ്ട് ഉയിർത്തെഴുന്നേൽക്കും എന്നതുപ്രപഞ്ചനിയമം.. അതു രാജതന്ത്രത്തിലൂടെയാണെങ്കിലും കലയിലൂടെയാണെങ്കിലും സാഹിത്യത്തിലൂടെയാണെങ്കിലും. അതിനുദാഹരണമാണ് രാജേഷ് കെ. ആറിന്റെ ഘടോൽക്കചൻ ഭാഗം ഒന്നും ഘടോൽക്കചൻ ഭാഗം രണ്ട് രാക്ഷസപർവവും.