ADVERTISEMENT

‘കാടിനു ഞാനെന്തു പേരിടും ?

കാടിനു ഞാനെന്റെ പേരിടും.’

ADVERTISEMENT

ഡി.വിനയചന്ദ്രനെ ഓർക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ‘കാട്’ എന്ന കവിതയിലെ ഈ വരികളാണ് ആദ്യം മനസ്സിൽ തെളിയുക.

ഇത്തരത്തിൽ എന്നെ മഥിച്ച അദ്ദേഹത്തിന്റെ മറ്റൊരു വരി ‘വീട്ടിലേക്കുള്ള വഴി’ എന്ന കവിതയിലേതാണ് –

ADVERTISEMENT

അമ്മയില്ലാത്തവർക്കേതു വീട് ?

ഇല്ല വീട്, എങ്ങുമേ വീട്.

ADVERTISEMENT

പാഠപുസ്തകങ്ങൾക്കപ്പുറമുള്ള കവിതകള്‍ വായിക്കാൻ തുടങ്ങിയ കാലത്ത് ആദ്യം കിട്ടിയ പുസ്തകങ്ങളിലൊന്ന് വിദ്യാർത്ഥിമിത്രം ബുക് ഡിപ്പോ പ്രസിദ്ധീകരിച്ച ‘വിനയചന്ദ്രന്റെ കവിതകൾ’ എന്ന സമാഹാരമാണ്. അതൊരു വലിയ യാത്രയുടെ ആരംഭമായിരുന്നു. പിന്നീട് അദ്ദേഹമെഴുതിയതിൽ കിട്ടാവുന്നതത്രയും വായിച്ചു – കവിതകളും കഥകളും നോവലുകളും ലേഖനങ്ങളും നാടകങ്ങളും പരിഭാഷകളും...

രണ്ടു പ്രാവശ്യമേ ഞാൻ വിനയചന്ദ്രനെ നേരിൽ കണ്ടിട്ടുള്ളൂ. അതിൽ ആദ്യത്തേത് കവിത പോലെ മനോഹരമായ ഒരു ഓർമയാണ്. വർഷങ്ങൾക്കു മുമ്പുള്ള ഒരു തെളിഞ്ഞ വൈകുന്നേരം. എന്റെ നാട്ടിലെ ചെറിയ ചായക്കടയോടു ചേർന്ന് റോഡ് സൈഡിൽ ഒതുക്കി നിർത്തിയ വെള്ള അംബാസിഡർ കാർ. അതിന്റെ ബാക്ക് സീറ്റുകളിലൊന്നിൽ വിനയചന്ദ്രൻ ഇരിക്കുന്നു. ആ വശത്തെ ഡോർ തുറന്ന നിലയിലാണ്. കവി വാഴപ്പഴം കഴിക്കുന്നു. എന്റെ നാട്ടുകാരനും കവിയുടെ മിത്രവുമായ യശോധരൻ മാഷ് ചായ വാങ്ങിക്കൊണ്ടു കൊടുത്തു. അൽപ്പം മാറി, ഒരു കടയുടെ തിണ്ണയിൽ നിന്നു ഞാൻ കവിയെ കണ്ടു. അടുത്തേക്കു ചെല്ലാനോ, പരിചയപ്പെടാനോ തോന്നിയില്ല. ദൂരെ നിന്നുള്ള ഈ കാണലിന്റെ സൗന്ദര്യം അതിനുണ്ടാകില്ലെന്നു തോന്നി. കാലങ്ങൾക്കു ശേഷം കവിയെ വീണ്ടും കണ്ടു. 2012നവംബർ മാസം അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ യുവകവികൾക്കായി സംഘടിപ്പിച്ച ക്യാംപിൽ അദ്ദേഹം സംസാരിച്ചു, കവിതകൾ ചൊല്ലി മടങ്ങി.

ഡി.വിനയചന്ദ്രൻ എനിക്ക് കവി മാത്രമല്ല, കഥാകൃത്തുമാണ്. 1995 ൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘പേരറിയാത്ത മരങ്ങൾ’ എന്ന സമാഹാരം വായിച്ച ശേഷമാണ് അത്തരം കഥകൾ മലയാളത്തിൽ മറ്റാരും അധികം എഴുതിയിട്ടില്ലെന്നു മനസ്സിലായത്. കവിത തുടിക്കുന്ന കഥകൾ. ഭാഷ ഉപയോഗിക്കുന്നതിലെ ഭംഗിയും വൃത്തിയും...മുറുക്കമുള്ള അവതരണം...അതു പോലെ അദ്ദേഹത്തിന്റെ നോവലുകൾ – ‘പൊടിച്ചി’ മനസ്സിൽ പടരുന്ന വേദനയും താങ്ങിയല്ലാതെ എനിക്കു വായിച്ചു തീർക്കാനായിട്ടില്ല. ഉപരിക്കുന്നും, വേലയും അതേ അനുഭത്തിന്റെ പര്യായങ്ങളാണ്.

കവിയായ വിനയചന്ദ്രൻ കഥാകൃത്തും നോവലിസ്റ്റുമായ വിനയചന്ദ്രനെ അപ്രസക്തനാക്കി. ചില വായനക്കാർ മാത്രം അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും കണ്ടു...എടുത്തു...

വിഖ്യാത ചിലിയന്‍ നോവലിസ്റ്റ് ആന്റോണിയോ സ്കർമേതയുടെ പ്രശസ്ത കൃതി ‘പോസ്റ്റുമാൻ’ മലയാളത്തിലേക്കു പകർത്തിയത് വിനയചന്ദ്രനാണ്. കവി പാബ്ലോ നെരൂദയാണ് ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമെന്നത് മറ്റൊരു കൗതുകം. മൃണാളിനി സരാഭായിയുടെ ‘കണ്ണൻ’ എന്ന കാവ്യം, ലോകകഥകളുടെ സമാഹാരമായ ‘നദിയുടെ മൂന്നാംകര’, ലോർകയുടെ കവിതകളുടെ സമാഹാരമായ ‘ജലം കൊണ്ടു മുറിവേറ്റവർ’, ആഫ്രിക്കൻ കഥകളുടെ പുനരാഖ്യാനം, ‘ദിഗംബര കവിതകൾ’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു വിവർത്തനകൃതികൾ.

dvinayachandran

നരകം ഒരു പ്രേമകവിത എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടൽ, സമയമാനസം, സമസ്തകേരളം പി.ഒ, ഭൂമിയുടെ നട്ടെല്ല്, പെനാൽറ്റി കിക്ക് എന്നീ കവിതാ സമാഹാരങ്ങളുൾപ്പടെ എത്രയെത്ര പുസ്തകങ്ങൾ...

‘കാടും പുഴയും കടലും മലയുമുള്ള കേരളീയ പ്രകൃതിയുടെ ഹരിതമാനസത്തെ കവിതയില്‍ ജ്ഞാനസ്നാനം ചെയ്യിച്ച നിരവധി സന്ദര്‍ഭങ്ങള്‍ വിനയചന്ദ്രന്‍ കവിതകളില്‍ പച്ചപ്പു പടര്‍ത്തുന്നുണ്ട്. കേരളീയതയുടെ സാംസ്കാരികസത്തയെയും സ്വത്വത്തെയും പ്രതിനിധാനം ചെയ്യും വിധം ഹരിതദര്‍ശനത്തിന്റെ ഒരാത്മീയതയെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ തന്റെ കവിതകളില്‍ വിനയചന്ദ്രന്‍ ലയിപ്പിക്കുന്നുണ്ട്. ഇതിനിടയിലേക്കു പലപ്പോഴും ഇരമ്പിവരുന്ന ഗോത്രസ്മരണകളെ കവി പ്രതിരോധിക്കുന്നുമില്ല. ഗോത്രസ്മരണകളെ പ്രകൃതിയുടെ ഹൃദയസ്പന്ദനങ്ങളുമായി ഇടകലര്‍ത്തുന്നുമുണ്ട് കവി. നാടന്‍പാട്ടിന്റെ വൈവിധ്യമാര്‍ന്ന തിണകളിലാണു ഗോത്രസംസ്കൃതിയുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത്. പുതിയ കാലത്തെ രാഷ്ട്രീയ വ്യവഹാരങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്താര്‍ജിക്കുംവിധം ഇവയെ കവി പുനര്‍വിന്യസിക്കുന്നുണ്ട്’ എന്ന് ബക്കർ മേത്തല ‘ഡി. വിനയചന്ദ്രന്‍ മലയാള കവിതയിലെ വനശോഭ’ എന്ന ലേഖനത്തിൽ എഴുതുന്നത് എത്ര കൃത്യം.

ഒടുവിൽ, കാടിനെയും മലകളെയും പുഴകളെയും കവിതകളെയും പ്രണയിച്ച് കൊതിതീരാതെ, ഒരു ചൊല്ലിയാട്ടം പോലെ ത്രസിച്ച ജീവിതം പകുതിയിൽ നിർത്തി, അതിന്റെ മുഴക്കം ബാക്കിയാക്കി, 2013 ഫെബ്രുവരി 11 നു വിനയചന്ദ്രൻ പോയി.

1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് ഡി.വിനയചന്ദന്റെ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായി. അവിവാഹിതനായിരുന്നു.

ചോദിക്കട്ടേ, ആരായിരുന്നു ഡി.വിനയചന്ദ്രൻ ?

കവി എന്ന ഉത്തരത്തിൽ അതൊങ്ങുന്നില്ല. എല്ലാവരും കവിയാകുന്ന ഒരു കാലത്ത് ചൊല്ലിത്തീർത്താലും മുഴക്കം ശേഷിക്കുന്ന കവിതയുടെ താളമായിരുന്നു അത്. മരണത്തോടെ മറവിയിൽ തള്ളപ്പെട്ട ആ പേര് വീണ്ടും വായനക്കാർക്ക് തിരികെ നൽകുകയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ ‘തെരഞ്ഞെടുത്ത കവിതകൾ’. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിനു നന്ദി!

ADVERTISEMENT